SignIn
Kerala Kaumudi Online
Sunday, 20 September 2026 10.12 AM IST

തൈക്കാട് സ്‌കൂളിൽ കുഞ്ഞുങ്ങളെ കാത്ത് പുസ്‌തകച്ചുമരുകൾ

d

തിരുവനന്തപുരം: നാളെ കേരളപ്പിറവി ദിനത്തിൽ സ്‌കൂളിലേക്കെത്തുന്ന കൊച്ചുകൂട്ടുകാരെ കാത്ത് തൈക്കാട് ഗവ. മോഡൽ എൽ.പി സ്‌കൂളിലെ ചുമരുകളിൽ പാഠപുസ്‌തകങ്ങൾ കാത്തിരിക്കുകയാണ്. ക്ലാസ് മുറിയിലെത്തുന്ന കുഞ്ഞുങ്ങൾക്കായി അവരുടെ പുസ്‌തകത്തിലെ കൂട്ടുകാരായ ' താരയും വിമലയും' റെഡിയാണ്.

ആദ്യമായി കടന്നുവരുന്ന ഒന്ന്, രണ്ട് ക്ലാസുകളിലെ കുഞ്ഞുങ്ങളുടെ അപരിചിതത്വം മാറ്റിയെടുക്കാനുള്ള വഴിയാലോചിച്ചപ്പോൾ സ്‌കൂൾ ഹെഡ്മാസ്റ്റർ എം. ഷാജിയുടെ മനസിലാണ് ഇങ്ങനെയൊരാശയമുദിച്ചത്. സഹ അദ്ധ്യാപകർ ഒപ്പം കൂടിയപ്പോൾ ഒരാഴ്ച കൊണ്ട് ക്ലാസ് മുറികൾ റെഡി.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുട്ടികൾക്കിരിക്കാനായി മഴവിൽ നിറങ്ങളിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു ക്ലാസിൽ പതിനഞ്ച് ഡെസ്കുകളും ബെഞ്ചുകളുമാണുള്ളത്. ഓരോ ക്ലാസിലും പ്രൊജക്ടറുകൾ ഉൾപ്പെടെ സജ്ജീകരണങ്ങൾ തയ്യാറാക്കി. ഇതിനെല്ലാം കൂടി ചെലവായ 1.60 ലക്ഷം രൂപ അദ്ധ്യാപകർ സ്വന്തം ശമ്പളത്തിൽ നിന്നാണ് കണ്ടെത്തിയത്.

ഒന്നാം ക്ലാസിനും രണ്ടാം ക്ലാസിനുമായി രണ്ട് ഡിവിഷനുകളിലായി ആകെ നാല് ക്ലാസ് മുറികളുണ്ട്. സംയോജിത പഠനരീതിയാണ് ഒന്ന്, രണ്ട് ക്ലാസുകളിലേത്. മലയാളവും ഗണിതവും ഇംഗ്ലീഷും പരസ്‌പരബന്ധിതമായി പാഠഭാഗങ്ങളിലൂടെ വരുന്ന രീതി. അതുകൊണ്ട് മൂന്ന് വിഷയങ്ങളുടെയും ഭാഗങ്ങൾ ചുമരുകളിലെ ചിത്രങ്ങളിലൂടെ കുട്ടികളിലേക്കെത്തും. ഒന്നിലും രണ്ടിലും 56 കുട്ടികൾ വീതമാണ് തൈക്കാട് സ്‌കൂളിലുള്ളത്. ഇന്ന് മന്ത്രി വി. ശിവൻകുട്ടി ക്ലാസ് മുറികൾ കാണാനെത്തുന്നുണ്ട്.

"വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ്ബെൽ ക്ലാസനുഭവത്തിൽ മാത്രം നിൽക്കുന്ന കുഞ്ഞുങ്ങളുടെ അപരിചിതത്വം മാറ്റാനാണ് ക്ലാസിലെ ചുമരുകളിലെല്ലാം പാഠപുസ്‌തകം തീമാറ്റിക് ആയി അവതരിപ്പിച്ചിരിക്കുന്നത്. വീടാണ് ഒന്നാം ക്ലാസിലെ പാഠങ്ങളുടെ ആശയം. ഗ്രാമം രണ്ടാം ക്ലാസിലെയും. പുസ്‌തകത്തിന്റെ പുറംചട്ടയാണ് പകർത്തിയത് "

ജി.എസ്. സുനിത

സ്കൂളിലെ അക്കാഡമിക് ചുമതല വഹിക്കുന്ന

ഒന്നാം ക്ലാസിലെ അദ്ധ്യാപിക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL