ന്യൂയോർക്ക്: മരണത്തെ തോൽപ്പിച്ച് മനുഷ്യന് അമരത്വം നേടാനുള്ള മാർഗങ്ങളെന്തെങ്കിലും ശാസത്രലോകം കണ്ടെത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലായെന്നായിരിക്കും മറുപടി. എന്നാൽ, മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഭാവിയിൽ മനുഷ്യൻ വികസിപ്പിക്കുമെന്ന പ്രതീക്ഷയിൽ മരിച്ച ഒരാളുടെ മൃതദേഹത്തെ ശീതീകരിച്ച് സൂക്ഷിക്കാറുണ്ട്. ക്രയോണിക്സ് ( Cryonics ) എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.
മരിച്ചുകഴിഞ്ഞാലും ഭാവിയിൽ എന്നെങ്കിലുമൊരിക്കൽ ജീവിതത്തിലേക്ക് മടങ്ങിയെത്തണമെന്ന ആഗ്രഹമുള്ളവർക്കായി ക്രയോണിക്സ് വിദ്യയിലൂടെ മൃതശരീരം ശീതീകരിച്ച് സൂക്ഷിക്കാൻ സഹായിക്കുന്ന ഏതാനും കമ്പനികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അത്തരത്തിലൊന്നാണ് അരിസോണയിലെ സ്കോട്ട്‌ഡേൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആൽകോർ എന്ന കമ്പനി.
ഒരാളുടെ മരണശേഷം അവരുടെ മൃതശരീരമോ തലച്ചോറോ ലിക്വിഡ് നൈട്രജനിൽ ശീതീകരിച്ച് പ്രത്യേക കണ്ടെയ്നറുകളിൽ വയ്ക്കുന്നു. മനുഷ്യൻ കൈവരിച്ച സാങ്കേതിക പുരോഗതിയുടെയും നിലവിൽ ശാസത്രലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളുടെയും ഫലമായി ഭാവിയിൽ മരണം സംഭവിച്ചവരെ പുനരുജ്ജീവിപ്പിക്കുകയും പൂർണ ആരോഗ്യം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്രയോണിക്സ് പ്രക്രിയകൾ നടക്കുന്നത്.
മരിച്ചവരുടെ ശരീരം പൂർണമായും ശീതീകരിച്ച് സംരക്ഷിക്കുന്നതിന് 200,000 യു.എസ് ഡോളറാണ് ആൽകോർ നിശ്ചയിച്ചിരിക്കുന്നത്. വ്യക്തിയുടെ മരണശേഷം പ്രതിവർഷം 705 ഡോളർ വീതവും ഈടാക്കും. ന്യൂറോ രോഗികളുടെ തലച്ചോറ് മാത്രം സംരക്ഷിക്കുന്നതിന് 80,000 യു.എസ് ഡോളറാണ് ചെലവ്. ഭൂരിഭാഗത്തിനും താങ്ങാനാവുന്ന നിരക്കിലാണ് ഈ നടപടിക്രമങ്ങളെന്ന് കമ്പനിയുടെ സി.ഇ.ഒ മാക്സ് മോർ പറയുന്നു.
നിലവിൽ 1,379 അംഗങ്ങളാണ് കമ്പനിയുടെ ഭാഗമായുള്ളത്. ഇതിൽ 184 രോഗികൾ മരിച്ചവരാണ്. ഇവരുടെ മൃതദേഹങ്ങൾ ക്രയോണിക്സ് പ്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഒരു കുടുംബത്തിൽ നിന്ന് ആദ്യം അംഗത്വമെടുക്കുന്ന വ്യക്തിയ്ക്ക് പ്രതിവർഷം 660 ഡോളറാണ് നൽകേണ്ടത്. പിന്നാലെ അംഗത്വമെടുക്കുന്ന 18 വയസ് കഴിഞ്ഞ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് 50 ശതമാനം ഡിസ്കൗണ്ട് അനുവദിക്കുമെന്ന് കമ്പനി പറയുന്നു. ആവശ്യമെങ്കിൽ വളർത്തുമൃഗങ്ങളെയും ഈ പ്രക്രിയയുടെ ഭാഗമാക്കാൻ അവസരം നൽകും.
സാങ്കേതികവിദ്യ മരണം സംഭവിച്ചവരെ പുനരുജ്ജീവിപ്പിക്കാൻ അനുവദിക്കുന്നത് വരെ മൃതദേഹങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കമ്പനി പറയുന്നു.
ഫ്രെഡ്, ലിൻഡ ചേംബർലെയ്‌ൻ എന്നിവർ ചേർന്ന് 1972ലാണ് ആൽകോർ കമ്പനി സ്ഥാപിച്ചത്. ഫ്രെഡിന്റെ പിതാവ് 1976ൽ സ്ട്രോക്ക് വന്ന് മരിച്ചിരുന്നു. ആൽകോറിൽ ആദ്യമായി ന്യൂറോപ്രിസർവേഷന് വിധേയമാക്കുന്നതും ഇദ്ദേഹത്തെയാണ്. 2012 മാർച്ച് 22ന് ഫ്രെഡ് മരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ഭൗതികശരീരം ആൽകോറിൽ ക്രയോപ്രിസർവേഷന് വിധേയമാക്കിയിട്ടുണ്ട്. ലോകത്ത് ഇതേവരെ ഒരു മനുഷ്യനെയോ മറ്റേതെങ്കിലും ജീവി വർഗത്തെയോ വിജയകരമായി പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അത്തരമൊരു സാദ്ധ്യത ഏറെ വിദൂരമാണെന്നാണ് വിലയിരുത്തൽ. എന്നാലും പ്രതീക്ഷിക്കുന്നതിലെന്താണ് തെറ്റ്.