ജില്ലയിൽ 4 മാസത്തിനുള്ളിൽ വിരിക്കുന്നത്
13 ലക്ഷം ചതുരശ്രമീറ്റർ കയർ ഭൂവസ്ത്രം
കൊല്ലം: തോടും വരമ്പും കയർ ഭൂവസ്ത്രമണിഞ്ഞ് ഒരുങ്ങുന്നു. ജില്ലയിൽ വരുന്ന നാല് മാസത്തിനുള്ളിൽ വിരിക്കുന്നത് 13 ലക്ഷം ചതുരശ്രമീറ്റർ കയർ ഭൂവസ്ത്രം!. തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. തോടുകൾ, കുളങ്ങൾ, വയൽ വരമ്പുകൾ തുടങ്ങി മൺ കയ്യാലകൾ വരെ സംരക്ഷിക്കാൻ പ്രകൃതിയ്ക്കിണങ്ങിയ ഈ കയർ വസ്ത്രമാണ് ഉചിതമെന്നാണ് വിലയിരുത്തൽ. 10.03 കോടി രൂപ ചെലവിൽ 13,65,545 ച.മീ. കയർ വസ്ത്രം വിരിക്കാനാണ് തീരുമാനം. കൊവിഡിന്റെ ദുരിതങ്ങളും ഇടയ്ക്കുണ്ടായ പെരുമഴക്കാലവുമൊക്കെ തൊഴിലുറപ്പ് പദ്ധതിയെ ബാധിച്ചു. അതുകൊണ്ടുതന്നെ ഒരു ലക്ഷം ച.മീറ്റർ മാത്രമാണ് ഇതുവരെ കയർഭൂവസ്ത്രം വിരിയിച്ചത്. 2022 മാർച്ചിന് മുൻപ് ശേഷിക്കുന്ന ഭാഗങ്ങളിൽ കയർഭൂവസ്ത്രം വിരിക്കാൻ കഴിയുമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ടവർ വിലയിരുത്തുന്നത്.
ഭൂമിയ്ക്ക് സംരക്ഷണം, കയറിന് നല്ലകാലം
തീർത്തും പ്രകൃതിക്ക് ഇണങ്ങിയ സംരക്ഷണ പദ്ധതിയാണ് കയർ ഭൂവസ്ത്രം അണിയിക്കൽ. ഭൂമി ഒരുക്കി, ഭൂവസ്ത്രം വിരിച്ച് മുളയാണികൊണ്ട് ഉറപ്പിക്കുന്നതാണ് നിലവിലുള്ള രീതി. തുടർന്ന് പുല്ലുകൾ വച്ചുപിടിപ്പിക്കും. പ്രാദേശികമായി ലഭ്യമാകുന്ന പുല്ലുകളാണ് സാധാരണ ഉപയോഗിക്കുക. കുറച്ചേറെനാൾ കഴിയുമ്പോൾ കയർഭൂവസ്ത്രം നശിച്ച് മണ്ണിനോട് ചേരും. എന്നാൽ പുല്ല് തഴച്ച് വളരും. നല്ല ഉറപ്പോടെ സംരക്ഷണ ഭിത്തികൾ നിലനിൽക്കുമെന്നാണ് ഇതുവരെയുള്ള പ്രവർത്തനങ്ങൾ തെളിയിച്ചത്.