SignIn
Kerala Kaumudi Online
Saturday, 21 September 2024 5.36 AM IST

തമിഴ്‌നാട്ടിൽ 'കടവുൾ' കോവിൽ വിട്ട് ജനങ്ങളുടെ നടുവിലേക്കെത്തിയ ഫീൽ, ഇരുന്നൂറ് ദിനങ്ങൾ പൂർത്തിയാക്കുമ്പോൾ അയലത്തെ തലൈവർ അടിമുടി ക്ലീൻ ഇമേജിൽ 

Increase Font Size Decrease Font Size Print Page
mk-stalin-

പേമാരിയിൽ ചെന്നൈ മുങ്ങിയപ്പോൾ മഴക്കോട്ടുമിട്ട് ഓടിയെത്തുന്നുണ്ടായിരുന്നു എം.കെ.സ്റ്റാലിൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിട്ട് ചെന്ന് കുറവുകൾ അന്വേഷിക്കുന്നു. വിളമ്പാൻ വച്ചിരിക്കുന്ന ഭക്ഷണം രുചിച്ചു നോക്കുന്നു. ദുരിതാശ്വാസത്തിന് മുഖ്യമന്ത്രി മേൽനോട്ടം വഹിക്കുന്നുവെന്നത് സ്റ്റാലിന്റെ കാര്യത്തിൽ ഭംഗിവാക്കല്ല . 'കടവുൾ കോവിൽ വിട്ട് തങ്ങളുടെ നടുവിലേക്ക് എത്തിയിരിക്കുന്നു' എന്ന ഫീലാണ് തമിഴ്മക്കൾക്ക്. ഇതിനു മുമ്പ് സമാനമായൊരു വെള്ളപ്പൊക്കം ചെന്നൈയിലുണ്ടായപ്പോൾ ജയലളിതയായിരുന്നു മുഖ്യമന്ത്രി. അന്ന് വീടിന്റെ ബാൽക്കണിയിൽ പോലും 'അമ്മ' പ്രത്യക്ഷപ്പെട്ടിരുന്നില്ല. ചെന്നൈയിൽ മാത്രമല്ല, മഴദുരിതമുണ്ടായിടത്തൊക്കെ സ്റ്റാലിൻ ഓടിയെത്തി. തമിഴ്നാട് രാഷ്ട്രീയത്തിന്റെ ശീലങ്ങൾ ഓരോന്നും പൊളിച്ചെഴുതിയാണ് സ്റ്റാലിൻ മുന്നേറുന്നത്. ഏറെ പ്രയത്നിച്ചു നേടിയ മുഖ്യമന്ത്രി പദം എങ്ങനെ ജനോപകാരമാക്കാമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് 'കലൈഞ്ജർപിള്ള'. മൂന്ന് ദിനം കഴിയുമ്പോൾ ഭരണത്തിന്റെ ഇരുന്നൂറ് ദിനങ്ങൾ സ്റ്റാലിൻ പൂർത്തിയാക്കും.

തമിഴ്നാട്ടിൽ എന്തും അല്പ്പം ഓവറാണ്. അത്തരത്തിലൊന്നാണ് നേതാവിന്റെ കാൽക്കൽ വീഴൽ! ജയലളിത അനുവദിച്ചിരുന്ന ആ പരിപാടി സ്റ്റാലിൻ തുടക്കത്തിൽത്തന്നെ വിലക്കി. ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന നേതാവായി സ്റ്റാലിൻ മാറുന്നത് കേരളത്തിലുള്ളവർക്ക് അസൂയയോടെ കാണേണ്ടിവരും. പ്രഭാത സവാരിക്കിറങ്ങുമ്പോൾ പോലും പരാതിയുമായി ആരെങ്കിലുമെത്തിയാൽ അതും കേൾക്കും. ഈയിടെ കാറിനു മുന്നിൽ ഒരു സ്ത്രീ കൈകാണിച്ചപ്പോൾ ഇറങ്ങിവന്ന് അവരുടെ പരാതി കൈപ്പറ്റിയത് വൈറലായിരുന്നു.

ഈ മഴക്കാലത്ത് ചെന്നൈയിലെ മഹാകവി കണ്ണദാസൻ നഗറിൽ ദുരിതാശ്വാസ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനെത്തിയ സ്റ്റാലിന്റെ അനുഗ്രഹം വേണമെന്ന് നവദമ്പതികൾക്ക് ആഗ്രഹം. മഴക്കോട്ടും ധരിച്ച് സ്റ്റാലിൻ എത്തി ആശീർവദിച്ചു. വിവാഹ സമ്മാനവും നൽകി. പേരമ്പൂർ സ്വദേശികളായ ഗൗരി ശങ്കർ – മഹാലക്ഷ്മി എന്നിവരാണ് ഇതോടെ തമിഴ്നാടാകെ അറിയപ്പെട്ടത്.

കൊവിഡിന്റെ ഒന്നാം തരംഗത്തിൽ ദക്ഷിണേന്ത്യയിൽ തമിഴ്നാടായിരുന്നു ഡെയ്ഞ്ചർ സോൺ. രണ്ടാം തരംഗത്തിൽ കൊവിഡിനെ പിടിച്ചുകെട്ടി. എതിരാളികളെ ഒരേസമയം തല്ലുകയും ലോടുകയും ചെയ്യുന്ന നയമാണ് സ്റ്റാലിന്റേത്. അണ്ണാ ഡി.എം.കെ പ്രിസീഡിയം ചെയർമാനായിരുന്ന ഇ.മധുസൂദനൻ മരിച്ചപ്പോൾ എടപ്പാടി പളനിസാമിയെയും ഒ. പനീർ സെൽവത്തെയും ഇരുവശവും ഇരുത്തി ആശ്വസിപ്പിക്കുന്ന നേതാവായി സ്റ്റാലിൻ. പനീർസെൽവത്തിന്റെ ഭാര്യയുടെ മരണസമയത്തും ആശ്വാസവാക്കുകളുമായി സ്റ്റാലിനെത്തി. അതേസമയം കൊടനാട് കേസിൽ സംശയമുന എടപ്പാടി പളനിസാമിയിലേക്കു തിരിയുന്ന രീതിയിൽ കേസിൽ പുനരന്വേഷണത്തിന് നീക്കവും തുടങ്ങി. കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണവും മുഖ്യമന്ത്രിമാരുടെ പ്രവൃത്തികളും താരതമ്യം ചെയ്തുകൊണ്ടുള്ള ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. ആ ചർച്ചകളിലും സ്റ്റാലിന് വീരപരിവേഷമാണുള്ളത്.

ജനകീയ സർക്കാർ
വിവാദങ്ങളിൽ ഒരു ജനകീയ സർക്കാർ എത്ത്രോളം നിഷ്പക്ഷമായി ഇടപെടാമെന്ന് സ്റ്റാലിൻ തെളിയിച്ചിട്ട് അധികനാളായിട്ടില്ല. കേരളത്തേക്കാൾ ജാതിവിവേചനം കൂടുതലാണ് തമിഴ്നാട്ടിൽ. മഹാബലിപുരത്തെ പെരുമാൾ ക്ഷേത്രത്തിൽ അന്നദാനത്തിന് പോയ നരിക്കുറവ സമുദായത്തിൽ പെട്ട അശ്വനിയെയും കൈക്കുഞ്ഞിനെയും ഇറക്കിവിട്ട സംഭവമുണ്ടായപ്പോൾ തമിഴ്നാട് സർക്കാർ ഇടപെട്ടത് മാതൃകാപരമായാണ്.

ദേവസ്വം മന്ത്രി പി.കെ ശേഖർബാബു ക്ഷേത്രത്തിലെത്തി അശ്വനിയേയും മറ്റ് നരിക്കുറവ, ഇരുള സമുദായ അംഗങ്ങളെയും കൂട്ടി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഇതിനു പിന്നാലെയായിരുന്നു ഊരിലേക്കുള്ള സ്റ്റാലിന്റെ മാസ് എൻട്രി. ചെങ്കൽപേട്ട് ജില്ലയിൽ നരിക്കുറവ, ഇരുള സമുദായങ്ങളിൽപ്പെട്ടവർ താമസിക്കുന്ന പൂഞ്ചേരിയിലേക്കാണ് സ്റ്റാലിൻ എത്തിയത്. പ്രദേശത്തെ ജനങ്ങൾക്ക് പട്ടയവും റേഷൻകാർഡും ജാതി സർട്ടിഫിക്കറ്റും സ്റ്റാലിൻ വിതരണം ചെയ്തു.

വിവേചനം നേരിട്ട ജനങ്ങളെ ചേർത്തുപിടിച്ച സ്റ്റാലിൻ പ്രദേശത്ത് 4.53 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചാണ് മടങ്ങിയത്. 81 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി, 21 പേർക്ക് തിരിച്ചറിയൽ കാർഡ്, ഇരുള വിഭാഗത്തിലെ 88 പേർക്ക് ജാതി സർട്ടിഫിക്കറ്റ്, വീട്, സ്‌കൂളിൽ ക്ലാസ് മുറികൾ, അംഗനവാടി എന്നിവ നിർമിക്കാനുള്ള തുക എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

പേരുമാറ്റാതെ അമ്മ ഉണവകങ്ങൾ

മഴക്കാലം കഴിയുന്നതുവരെ ദുരിതബാധിതർക്ക് അമ്മ ഉണവകങ്ങളിൽ നിന്ന് സൗജന്യമായി ഭക്ഷണം നല്കുകയാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷണമെത്തിക്കുന്നു. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ആഹാരം ലഭ്യമാക്കാൻ , അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു അമ്മ ഉണവകങ്ങൾ. വളരെപ്പെട്ടെന്ന് ജനങ്ങളുടെ ഇടയിൽ പ്രചാരം നേടാൻ പദ്ധതിക്കു കഴിഞ്ഞിരുന്നു. ഇഡ്ഡലി, പൊങ്കൽ, സാമ്പാർ സാദം, തൈര് സാദം, ലെമൺ റൈസ്, ചപ്പാത്തി തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. ഡി.എം.കെ അധികാരത്തിലെത്തുമ്പോൾ ഇത്തരം കേന്ദ്രങ്ങളെയെല്ലാം അടച്ചിടുമെന്നാണ് പാർട്ടിക്കാർ പോലും കരുതിയത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ചെന്നൈയിൽ ഒരു അമ്മ കാന്റീനു നേരെ ആക്രമണവുമുണ്ടായി. സ്റ്റാലിൻ ചെയ്തത് ആക്രമിച്ചവരെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. ഡി.എം.കെ അധികാരത്തിലെത്തുമ്പോൾ സാധാരണ ഗുണ്ടാസംഘങ്ങൾ തലപൊക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല. ഒരു ക്ലീൻ ഇമേജ് തന്നെയാണ് സ്റ്റാലിൻ ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, STALIN, MK STALIN, TAMILNADU, CLEAN IMAGE, TAMILNADU FLOOD, FLOOD RELIEF, DMK, STALIN 200 DAYS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.