SignIn
Kerala Kaumudi Online
Wednesday, 07 January 2026 4.06 PM IST

റേഷൻ കാർഡിലെ തെറ്റ് തിരുത്താം

Increase Font Size Decrease Font Size Print Page
ration

തൃശൂർ : റേഷൻകാർഡിലെ തെറ്റുകൾ തിരുത്തുന്നതിന് ഉടമകൾക്ക് അവസരം നൽകുന്നതിനായി ഡിസംബർ 22 വരെ സിവിൽ സപ്ലൈസ് വകുപ്പ് തെളിമ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി എല്ലാ റേഷൻ കടകളിലും അപേക്ഷകൾ നിക്ഷേപിക്കുന്നതിനായി ഡ്രോപ്പ് ബോക്സുകൾ സ്ഥാപിച്ചു. അംഗങ്ങളുടെ ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാർ കാർഡിന്റെ പകർപ്പും, പേര്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം, തൊഴിൽ തുടങ്ങിയവയിലുള്ള തെറ്റുകൾ തിരുത്തുന്നതിന് ബന്ധപ്പെട്ട രേഖകളുടെ പകർപ്പും റേഷൻ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷ തയ്യാറാക്കി ഡ്രോപ്പ് ബോക്സുകളിൽ നിക്ഷേപിക്കാം.

ഓൺലൈൻ പരീക്ഷ: പ്രശ്‌നങ്ങൾ
പരിഹരിച്ചെന്ന് സർവകലാശാല

തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ ഓൺലൈൻ ചോദ്യക്കടലാസ് വിതരണം സംബന്ധിച്ചുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. കോളേജുകൾക്കുണ്ടായിരുന്ന സംശയങ്ങൾ പരിഹരിച്ചു. ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷയിൽ ഓൺലൈനിൽത്തന്നെ ചോദ്യക്കടലാസുകൾ നൽകി. അഞ്ച് ജില്ലകളിലെ 210 പി.ജി. കോളേജുകൾക്കാണ് കോളേജ് പോർട്ടലുകൾ വഴി ചോദ്യക്കടലാസ് നൽകിയത്. 150 വ്യത്യസ്ത ചോദ്യക്കടലാസുകൾ ഉച്ചയ്ക്ക് 1.30ന് തന്നെ പ്രിൻസിപ്പൽമാരുടെ ഐ.ഡി വഴി ലഭ്യമാക്കി. രണ്ടിനായിരുന്നു പരീക്ഷ. പതിനായിരത്തോളം വിദ്യാർത്ഥികളാണ് 30 വരെ പരീക്ഷയെഴുതുന്നത്. പ്രിൻസിപ്പൽമാർക്കും പരീക്ഷാ ചീഫ് സൂപ്രണ്ടുമാർക്കും ജില്ലാടിസ്ഥാനത്തിൽ വീണ്ടും പരിശീലനം നൽകിയും ട്രയൽ റൺ നടത്തിയുമാണ് പ്രശ്നം പരിഹരിച്ചതെന്ന് പരീക്ഷാ കൺട്രോളർ ഡോ. സി.സി ബാബു അറിയിച്ചു.

ചുമട്ടു തൊഴിലാളി ധർണ

തൃശൂർ: ചുമട്ടു തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയമാനുസരണം കയറ്റിറക്ക് നടത്തുന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുകയും പുതിയവർക്ക് കാർഡ് നൽകുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യന്ത്രവത്കരണം മൂലം തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി വേലു കെ.യു പറഞ്ഞു. പി.ഡി. റെഡി അദ്ധ്യക്ഷത വഹിച്ച ധർണയിൽ പി. ശ്രീകുമാരൻ, ഐ. സതീഷ് കുമാർ, എം. രാധാകൃഷ്ണൻ, സി.യു പ്രിയൻ, കെ.കെ ശിവൻ, അബ്ദുൾ സലിം, ഒ.സി ജോസഫ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR, RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY