കൊച്ചി: ആലുവയിൽ നിയമ വിദ്യാർത്ഥിനിയായ മോഫിയാ പർവീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ആലുവ സി.ഐക്കെതിരെയും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെയും ഗുരുതരമായ ആരോപണമുന്നയിച്ച് കുറിപ്പ് എഴുതി വച്ചാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഇതിനെത്തുടർന്ന് ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ റിമാൻഡിലാണ്.
അതേസമയം, കേസിൽ ആരോപണവിധേയനായ ആലുവ സി.ഐ സുധീറിനെതിരെ കടുത്ത നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവിയും ആവശ്യപ്പെട്ടു. സംഭവത്തിൽ ആലുവ ഡിവൈഎസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി പി.സതീദേവി പറഞ്ഞു.
ആലുവ ഡിവൈഎസ്‌പി ആദ്യം തയ്യാറാക്കിയ റിപ്പോർട്ട് സി.ഐ കുറ്റക്കാരനല്ല എന്ന രീതിയിലായിരുന്നു തുടർന്ന് എസ്.പി നൽകിയ നിർദ്ദേശത്തെ തുടർന്ന് വിശദമായ റിപ്പോർട്ട് നൽകി. ഇതിൽ മോഫിയ പർവീൺ നൽകിയ ഗാർഹിക പീഡന പരാതിയിൽ നടപടി സ്വീകരിച്ചതിൽ സി.ഐയ്‌ക്ക് ഗുരുതര വീഴ്‌ചപറ്റിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്‌ടോബർ 29ന് മോഫിയയിൽ നിന്ന് ലഭിച്ച പരാതി ഡിവൈഎസ്‌പി സി.ഐയ്‌ക്ക് കൈമാറി 25 ദിവസത്തിന് ശേഷമാണ് എന്തെങ്കിലും നടപടിയെടുത്തത്. മോഫിയ ആത്മഹത്യ ചെയ്‌ത ദിവസമാണ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |