തിരുവനന്തപുരം: ജോസ് കെ. മാണി രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇടതുമുന്നണി സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (എം) പ്രതിനിധി ജോസ്. കെ. മാണി തന്നെയാണ് മത്സരിക്കുന്നത്. ശൂരനാട് രാജശേഖരനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. നിയമസഭാമന്ദിരം മൂന്നാം നിലയിലെ പാർലമെന്ററി പരിശീലന കേന്ദ്രത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. 5ന് വോട്ടെണ്ണൽ തുടങ്ങും. നിയമസഭയിലെ നിലവിലെ അംഗസംഖ്യപ്രകാരം ജോസ് കെ. മാണിക്കാണ് വിജയസാദ്ധ്യത. മുന്നണികൾ വിപ്പ് നൽകിയ സാഹചര്യത്തിൽ അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ ശേഷം പാർട്ടിയുടെ ഇൻ ഏജന്റിനെ കാണിക്കേണ്ടതുണ്ട്. എൽ.ഡി.എഫിന് സി.കെ. ഹരീന്ദ്രനും ഐ.ബി. സതീഷും യു.ഡി.എഫിന് അൻവർ സാദത്തും സജീവ് ജോസഫുമാണ് ഇൻഹൗസ് ഏജന്റുമാർ. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തിരഞ്ഞെടുപ്പ്.