SignIn
Kerala Kaumudi Online
Thursday, 14 May 2026 9.15 PM IST

കല്ലുപാലം പണി: നാളെ നാളെ, നീളെ നീളെ...

t
പുതിയ കല്ലുപാലത്തിന്റെ നിർമ്മാണം

നഗരഹൃദയത്തിലെ ഒരു പാലം പൊളിച്ചടുക്കി​യി​ട്ട് വർഷം രണ്ടു പി​ന്നി​ടുന്നു. വ്യാപാരശാലകളുടെ കേന്ദ്രമായി​രുന്ന ഈ ഭാഗത്തെ രണ്ടായി​ പി​ളർക്കും വി​ധമാണ് കല്ലുപാലം പൊളി​ച്ചത്. 'ഇപ്പോ ശര്യാക്കിത്തരാം' എന്ന സിനിമാ ഡയലോഗ് കരാർ കമ്പനിയും പൊതുമരാമത്ത് അധികൃതരും പറയുന്നത് കേട്ടു മടുത്ത നാട്ടുകാർക്കും വ്യാപാരികൾക്കും ഇനി ഒന്നു മാത്രം അറിഞ്ഞാൽ മതി, ഇത് എപ്പോൾ ശരിയാക്കിത്തരും? കല്ലുപാലം പൊളിച്ചതുമൂലം ഈ ഭാഗത്തുണ്ടായ ദുരിതത്തിലേക്ക് ഒരു യാത്ര...

കൊല്ലം: നഗരത്തിലെ വ്യാപാര വാണിജ്യ മേഖലയെ പൂർണമായും തകർത്തെറിയുന്ന തരത്തിൽ, റോഡുകൾ അടച്ചും ഗതാഗതം താറുമാറാക്കിയും കല്ലുപാലം പൊളിച്ച് പുതിയപാലം നിർമ്മിക്കുന്നത് അക്ഷരാർത്ഥത്തിൽ കല്ലുകടിയായി മാറിയിരിക്കുകയാണ്. 2019 സെപ്തംബറിൽ ആരംഭിച്ച പുനർനിർമ്മാണം രണ്ടുവർഷം പിന്നിട്ടിട്ടും പൈലുകളിൽ ഒതുങ്ങിനിൽക്കുന്നു.

തിരുവനന്തപുരം ആസ്ഥാനമായ ഹെദർ ഇൻഫ്രാസ്ട്രക്ചറാണ് കരാർ കമ്പനി. ചാമക്കട ഭാഗത്ത് പാലം നിർമ്മാണം അല്പം ഉയർന്നിട്ടുണ്ടെന്നതൊഴിച്ചാൽ ബാക്കി 'സങ്കല്പം' മാത്രമായി കിടക്കുകയാണ്. പലതവണ നീട്ടിനൽകിയ കരാർ കാലാവധി കഴിഞ്ഞ ഒക്ടോബർ 31ന് അവസാനിച്ചിട്ടും കരാർ കമ്പനി നിയോഗിച്ച കരാറുകാരനെതിരെ നടപടി സ്വീകരിക്കാതെ ജനുവരി 31 വരെ നീട്ടിനൽകി അധികൃതരും നാട്ടുകാരെ വെല്ലുവിളിക്കുകയാണ്. കമ്പനി പിന്നീട് ഈ കരാറുകാരനെ മാറ്റി മറ്റൊരാളെ ചുമതല ഏൽപ്പിച്ചു. 2022 മാർച്ച് 31നകം പണി പൂർത്തിയാകുമെന്നാണ് ഇപ്പോൾ പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇനിയും സമയം നീട്ടിനൽകേണ്ടി വരുമെന്ന് സാരം.

ചോദിക്കുമ്പോഴെല്ലാം കാലാവധി നീട്ടി നൽകുന്നതാണ് കമ്പനിക്ക് 'പ്രോത്സാഹന'മാകുന്നതെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. പണികൾ ഇഴയുന്നത് സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ അധികതർ പലതവണ യോഗം ചേർന്ന് കരാറുകാരനെ 'ശാസിച്ച്' വിഷമിപ്പിച്ചതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പൊതുമരാമത്ത്, ഉൾനാടൻ ജലഗതാഗത വകുപ്പ് ഉദ്യോഗസരെയും ജില്ലയിലെ ചില രാഷ്ട്രീയ പ്രമുഖരെയും വേണ്ടവിധം 'കണ്ടതു'കൊണ്ടാണ് പാലംപണി മെല്ലെ പോകുന്നതെന്ന ആരോപണവും ശക്തമാണ്.

പണിക്ക് 4 പേർ

ചെറിയൊരു വീട് നിർമ്മിക്കുമ്പോൾ പോലും ഏറ്റവും കുറഞ്ഞത് 10 തൊഴിലാളികളെങ്കിലും ആവശ്യമായി വരും. നഗരത്തിലെ വാണിജ്യ പ്രാധാന്യമുള്ള ഒരു പാലം നിർമ്മിക്കുന്നതിനായി കരാറുകാർ നിയോഗിച്ചിരിക്കുന്നത് വെറും നാല് തൊഴിലാളികളെയാണ്. പണി നടക്കുന്നുവെന്ന് നാട്ടുകാരെ ബോധിപ്പിക്കുക മാത്രമാണ് ലക്ഷ്യം. പൂർത്തിയാക്കണമെന്ന് യാതൊരു ഉദ്ദേശവുമില്ലെന്ന് വ്യക്തം. കാലതാമസം ഉണ്ടാകുമ്പോൾ സാധനങ്ങളുടെ വില വർദ്ധനവിന്റെ പേരിൽ അടങ്കൽ തുകയിൽ വർദ്ധന നേടിയെടുക്കാനുള്ള തന്ത്രവും കരാറുകാരൻ മുൻകൂട്ടി കാണുന്നുണ്ട്. ഇതിന് അധികൃതരുടെ ഒത്താശ ഉണ്ടെന്ന കാര്യത്തിലും തർക്കമില്ല. കരാർ കമ്പനിക്ക് ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചുള്ള പരിചയം മാത്രമേയുള്ളുവെന്ന ആക്ഷേപം തുടക്കം മുതലേ ഉയർന്നിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട കരാറുകാരൻ നേരിട്ടെത്താതെ സൂപ്പർവൈസറുടെ നേതൃത്വത്തിലാണ് നിർമ്മാണം നടക്കുന്നത്.

നിർമ്മാണ നാടകം

 2019 സെപ്തംബർ: പഴയപാലം പൊളിച്ചുനീക്കി

 ഒക്ടോബർ: നിർമ്മാണം ആരംഭിച്ചു

 2020 ഒക്ടോബർ: കരാർ കാലാവധി അവസാനിച്ചു, ഡിസംബർ വരെ നീട്ടി

 ഡിസംബർ: പൈലിംഗ് പോലും പൂർത്തിയായില്ല

 2021 ജനുവരി 10: അൻപത് ദിവസത്തിനുള്ളിൽ തീർക്കണമെന്ന് നിർദ്ദേശം

 മാർച്ച്: ജൂൺ 30 വരെ കാലാവധി നീട്ടി

 ജൂൺ 20: ഒക്ടോബർ 31 വരെ കരാർ നീട്ടി

 ഒക്ടോബർ: ജനുവരി 31 വരെ വീണ്ടും കരാർ കാലാവധി

Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL