കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലെ പ്രണയക്കെണികളിൽ ജീവിതം നശിക്കുന്ന പെൺകുട്ടികൾ വർദ്ധിക്കുന്നു. വിദ്യാഭ്യാസവും സാമ്പത്തിക നിലയും ജോലിയുമുള്ള യുവതികളാണേറെ. കൊവിഡിനെ തുടർന്ന് സമൂഹമാദ്ധ്യമ ഉപയോഗം വർദ്ധിച്ചത് പ്രധാന കാരണമായി പൊലീസ് പറയുന്നു. കൊച്ചിയിൽ കാറപകടത്തിൽ മരിച്ച മോഡലുകളായ അൻസി കബീറും അഞ്ജന ഷാജനും ചൊവ്വാഴ്ച കളമശേരിയിൽ കാറപകടത്തിൽ മരിച്ച ആലുവ സ്വദേശി മൻഫിയയും (19) ഇരകളിൽ പെടുന്നു.
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവും സുഹൃത്തുമായി രാത്രി കാറിൽ നഗരത്തിൽ ചുറ്റുമ്പോഴാണ് മൻഫിയ അപകടത്തിൽപ്പെട്ടത്. യുവാവ് മദ്യപിച്ച് കാറോടിച്ചതാണ് അപകട കാരണം.
ആലുവ പൊലീസ് സ്റ്റേഷനിലെ അവഹേളനത്തെ തുടർന്ന് ജീവനൊടുക്കിയ മോഫിയയും ( 21 ) ഫേസ്ബുക്ക് പ്രണയത്തിൽ പെട്ടതാണ്. ഭർത്താവ് സുഹൈലിന്റെ സാഹചര്യങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നും നിയമവിദ്യാർത്ഥിയായിട്ടും മോഫിയയ്ക്ക് ഉണ്ടായിരുന്നില്ല. മിസ് കേരള പട്ടം നേടിയ, ഉന്നതനിലയിൽ വിരാജിച്ച യുവതികളായിരുന്നു അൻസിയും അഞ്ജനയും.
കുടുംബ, സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന പെൺകുട്ടികളെ ചതിക്കുഴിയിൽ വലിച്ചിടുന്ന സംഘങ്ങൾ ഓൺലൈനിലുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ അരങ്ങേറുന്ന ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്കുകൾ പൊലീസിന്റെ പക്കലില്ല.
ചില കഥകൾ
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തൊടുപുഴയിലെ 13കാരിയുടെ നഗ്നചിത്രം വാങ്ങി ഭീഷണിപ്പെടുത്തിയ പാലക്കാട്ടുകാരായ രണ്ട് യുവാക്കൾ അറസ്റ്റിലായി
ഇലവുംതിട്ടയിൽ 14കാരിയെ പീഡിപ്പിച്ചതും ഇൻസ്റ്റഗ്രാം ബന്ധത്തിന്റെ തുടർച്ച
16കാരിയെ പെരിന്തൽമണ്ണയിലെ വീട്ടിൽ നിന്ന് കാസർകോട്ടെത്തിച്ച് പീഡിപ്പിച്ച രണ്ട് പേർ കുടുങ്ങി.
കോഴിക്കോട്ടെ സ്കൂൾ വിദ്യാർത്ഥിനിയെ കണ്ണൂരിലെ കാമുകൻ തട്ടിക്കൊണ്ടുപോകവേ കൊല്ലത്ത് പൊലീസ് പിടികൂടി
കോഴിക്കോട്ട് സ്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വിളിച്ചുവരുത്തിയ ഇൻസ്റ്റഗ്രാം കാമുകൻ മോഷ്ടാവായിരുന്നു. കുട്ടിയുടെ അമ്മയുടെ എ.ടി.എം കാർഡൽ നിന്ന് 45000 രൂപ പോയി.
കിഡ് ഗ്ളോവ് (KID GLOVE)
കുട്ടികൾ നേരിടുന്ന സൈബർ ചൂഷണം തടയാൻ കേരള പൊലീസ് 2015ൽ ആവിഷ്കരിച്ച പദ്ധതി. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നൽകുന്നു. ഈ പദ്ധതി ഉൗർജിതമാക്കുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.
'രണ്ട് വർഷമായി വീട്ടിലിരിക്കുന്ന യുവജനതയുടെ ഓൺലൈൻ ഭ്രമമാണ് പ്രണയദുരന്തങ്ങൾ വർദ്ധിക്കാൻ കാരണം. നേരിൽ കാണാത്തവരുമായി പ്രണയത്തിലാകുന്നത് തടയാൻ അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം".
- മനോജ് എബ്രഹാം, എ.ഡി.ജി.പി സൈബർഡോം നോഡൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |