നീണ്ട കാത്തിരിപ്പിനുശേഷം ദേശീയ തലത്തിൽ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി നടത്തുന്ന നീറ്റ് യു.ജി കൗൺസലിംഗിന് തുടക്കമായി. ജനുവരി 20ന് ആരംഭിക്കും. ജനുവരി 24 വരെ രജിസ്ട്രേഷൻ ഫീസ് അടച്ച് ഓൺലൈൻ പ്രക്രിയയിൽ പങ്കെടുക്കാം. ആദ്യ അലോട്ട്മെന്റ് ജനുവരി 29ന് പുറത്തിറങ്ങും. അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിൽ ഫെബ്രുവരി നാലുവരെ റിപ്പോർട്ട് ചെയ്യാം. രണ്ടാം റൗണ്ട് ഓപ്ഷൻ പ്രക്രിയ ഫെബ്രുവരി 9 മുതൽ 14 വരെയാണ്. അലോട്ട്മെന്റ് ഫെബ്രുവരി 19 നാണ്. ഫെബ്രുവരി 20 മുതൽ 26 വരെ റിപ്പോർട്ട് ചെയ്യാം. അവസാന റൗണ്ടായ മോപ് അപ്പ് റൗണ്ട് മാർച്ച് 2 മുതൽ 7 വരെയാണ്. മാർച്ച് 12ന് അലോട്ട്മെന്റ് വരും. മാർച്ച് 13 മുതൽ 19 വരെയാണ് റിപ്പോർട്ടിംഗ് കാലയളവ്. ഡീംഡ് മെഡിക്കൽ, ഡെന്റൽ സർവകലാശാലകളിൽ ഒഴിവു വരുന്ന ഓൺലൈൻ സ്ട്രെ വേക്കൻസി റൗണ്ട് ഫലം മാർച്ച് 22ന് അറിയാം. 23 മുതൽ 26 വരെ സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം.
ഈ വർഷം അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് 27 ശതമാനം ഒ.ബി.സി, 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സംവരണമുണ്ട്. നീറ്റ് പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നാണ് അഡ്മിഷൻ. ഇനി വരുന്ന ദിവസങ്ങളിൽ നീറ്റ് കൗൺസിലിംഗിൽ കൂടുതൽ ശ്രദ്ധിക്കണം. എം.ബി.ബി.എസ്, ബി.ഡി.എസ്. എന്നിവയ്ക്ക് അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്ക് സെൻട്രൽ യൂണിവേഴ്സിറ്റികളിലെയും ഡീംഡ് യൂണിവേഴ്സിറ്റികളിലെ സീറ്റുകളിലേക്കും ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവീസസാണ് കൗൺസിലിംഗ് നടത്തുന്നത്. സംസ്ഥാനങ്ങളിലെ സർക്കാർ ക്വാട്ട, സ്വകാര്യ കോളേജുകളിലെ സീറ്റുകൾ എന്നിവയിലേക്ക് സംസ്ഥാന തലങ്ങളിലുള്ള പ്രവേശന പരീക്ഷാകമ്മിഷണർ അലോട്ട്മെന്റ് പ്രക്രിയ നടത്തും. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, ജിപ്മർ എന്നിവയിലേക്കുള്ള പ്രവേശനം അഖിലേന്ത്യാ ക്വാട്ട വഴിയാണ്.
അഖിലേന്ത്യാ ക്വാട്ടയിൽ ജമ്മു- കാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 15 ശതമാനം സീറ്റുകൾ, എ.എഫ്.എം.സി എന്നിവ ഉൾപ്പെടും. ഡീംഡ് മെഡിക്കൽ കോളേജുകൾ അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്ളാമിയ എന്നിവിടങ്ങളിലേക്കും ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സയൻസാണ് കൗൺസലിംഗ് നടത്തുന്നത്.
എ.ഇ.എം.സിയിൽ അഡ്മിഷൻ നീറ്റ് റാങ്കിന് പുറമേ പ്രത്യേകം സ്ക്രീനിംഗ് ടെസ്റ്റുകളും യോഗ്യതാ മാനദണ്ഡങ്ങളുമുണ്ട്. ഡി.ജി.എച്ച്.എസ് രണ്ട് കൗൺസലിംഗ് കൂടാതെ മോപ്പപ്പ് റൗണ്ടും നടത്തും. നീറ്റ് അഡ്മിറ്റ് കാർഡ്, റാങ്ക് ലെറ്റർ, 10, 12 ക്ളാസുകളിലെ മാർക്ക് ഷീറ്റ്, ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ്, സ്റ്റേറ്റ് ക്വാട്ടയിലേക്ക് നേറ്റ്വിറ്റി സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. അഖിലേന്ത്യാ ക്വാട്ട, ഡീംഡ്, സെൻട്രൽ യൂണിവേഴ്സിറ്റി, എ.എഫ്.എം.സി, എ.ഐ.എം.എസ്, എച്ച്.പി.എം.ഇ.ആർ എന്നിവയിലേക്ക് അഖിലേന്ത്യാ കൗൺസിലിംഗ് പ്രക്രിയയാണ് അഖിലേന്ത്യാ കൗൺസിലിംഗ് www.mcc.nic.in എന്ന വെബ്സൈറ്റിലൂടെയാണ് യു.ജി. അഡ്മിഷൻ ക്ളിക്ക് ചെയ്ത് രജിസ്റ്റർ ചെയ്ത് നിശ്ചിതഫീസ് അടയ്ക്കണം. സെക്യൂരിറ്റി ഡെപ്പോസിറ്റി അഖിലേന്ത്യാ ക്വാേട്ട സീറ്റിന് 10000 രൂപയും രജിസ്ട്രേഷൻ ഫീസ് 1000 രൂപയുമാണ്. ഡീംഡ് സർവകലാശാല സീറ്റിന് സെക്യൂരിറ്റി ഡെപ്പോസിസ്റ്റ് രണ്ടുലക്ഷം രൂപയാണ്. അടച്ച തുക ഫീസിൽ അഡ്ജസ്റ്റ് ചെയ്യുന്നതോ, അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ തിരിച്ചു നൽകുന്നതോ ആണ്. ഫീസ്, നീറ്റ് റാങ്ക്/മാർക്ക്, മുൻവർഷങ്ങളിലെ റാങ്ക് നിലവാരം അഡ്മിഷൻ എന്നിവ വിലയിരുത്തണം. ശ്രദ്ധയോടെ മാത്രമേ ഓപ്ഷൻ നൽകാവൂ. എൻ.ആർ.ഐ ക്വാേട്ടയിൽ അഡ്മിഷൻ ശ്രമിക്കുന്നവർ നിശ്ചിത രേഖകൾ ഹാജരാക്കണം. എല്ലാ നിർദ്ദേശങ്ങളും മനസിലാക്കി മാത്രമേ ഓപ്ഷൻ പ്രക്രിയയിൽ പങ്കെടുക്കാവൂ. ആംഡ് ഫോർസസ് മെഡിക്കൽ കോളേജുകളിൽ നീറ്റ് റാങ്ക് വിലയിരുത്തി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റനുസരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർ പ്രത്യേകം ലോജിക്കൽ ആന്റ് അനലിറ്റിക്കൽ ടെസ്റ്റ് എഴുതണം. തുടർന്ന് ശാരീരിക മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് അഡ്മിഷൻ ലിസ്റ്റ് തയ്യാറാക്കുന്നത്.
ഒാപ്ഷൻ നൽകുന്നവർ മെഡിക്കൽ പ്രവേശനത്തിന് ഡീംഡ്/സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അപേക്ഷിക്കുമ്പോൾ നീറ്റിൽ കൂടുതൽ മാർക്കുള്ളവർ കുറഞ്ഞ ഫീസുള്ള കോളേജുകൾ തിരഞ്ഞെടുക്കുമെന്ന് ഒാർക്കേണ്ടതാണ്. മാർക്ക് കുറഞ്ഞവർ കൂടുതൽ ഫീസുള്ള കോളേജുകളിലേക്ക് അപേക്ഷിക്കുന്നത് അഡ്മിഷനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. മാർക്ക് കൂടുതലുള്ളവർ എല്ലാ മെഡിക്കൽ കോളേജുകളിലും ഒാപ്ഷൻ നൽകി മറ്റുള്ളവരുടെ അവസരം നിഷേധിക്കരുത്. ആദ്യ അലോട്ട്മെന്റിനുശേഷം കോളേജിൽ ചേരേണ്ടതാണ്. രണ്ടാമത്തെ അലോട്ട്മെന്റിനുശേഷം പിന്മാറാൻ സാധിക്കുകയില്ല.
ഡീംഡ് മെഡിക്കൽ കോളേജുകളിൽ 12-25 ലക്ഷം വരെ വാർഷിക ഫീസുണ്ട്. സ്വകാര്യ മെഡിക്കൽ കോളേജുകളിലേത് 12-20 ലക്ഷം രൂപവരെയാണ്. എൻ.ആർ.ഐ ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കാൻ മതിയായ രേഖകളടക്കം സംസ്ഥാന, സ്വാശ്രയ, ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യണം.
ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നത് ശ്രദ്ധയോടെ ചെയ്യണം. അക്ഷയ കേന്ദ്രങ്ങളിലൂടെ ഓപ്ഷൻരജിസ്റ്റർ ചെയ്യുമ്പോൾ രക്ഷിതാവും വിദ്യാർത്ഥിയുമുണ്ടായിരിക്കണം. ഒരിക്കലും തെറ്റായ ഓപ്ഷൻ നൽകരുത്. ഫീസ് വിലയിരുത്തി മാത്രം ഓപ്ഷൻ നൽകുക. എല്ലാ മാർഗ നിർദ്ദേശങ്ങളും നന്നായി വായിച്ചുമാത്രമേ ഓപ്ഷൻനൽകാവൂ. ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് താത്പര്യമുള്ള സംസ്ഥാനം, മെഡിക്കൽ കോളേജുകൾ, ഇവയുടെ കോഡ് എന്നിവ തയ്യാറാക്കുന്നത് നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |