SignIn
Kerala Kaumudi Online
Sunday, 17 May 2026 1.06 PM IST

യു.പിയിൽ പ്രിയങ്ക കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി? യുവാക്കൾക്കായി പ്രകടനപത്രിക പുറത്തിറക്കി

priyanka-gandhi

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയാകും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് സൂചന. ഇന്നലെ യുവാക്കൾക്കായുള്ള പ്രകടന പത്രിക പ്രകാശന ചടങ്ങിൽ പ്രിയങ്ക സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് സൂചിപ്പിച്ചിരുന്നു. ബി.ജെ.പി യോഗി ആദിത്യനാഥിന്റെയും സമാജ്‌വാദി പാർട്ടി അഖിലേഷ് യാദവിന്റെയും നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ്ണ് യു.പിയിൽ കോൺഗ്രസിന്റെ 'മുഖം' മറ്റാരുമല്ലെന്ന് പ്രിയങ്ക പറഞ്ഞത്. യു.പിയിൽ തന്റെ മുഖമല്ലേ എല്ലായിടത്തും കാണുന്നതെന്നും അക്കാര്യത്തിൽ സംശയമുണ്ടോ എന്നും പ്രിയങ്ക ചോദിച്ചു. എന്നാൽ ഇതു സംബന്ധിച്ച തുടർന്നുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ പ്രിയങ്ക തീരുമാനമായിട്ടില്ലെന്നും ആകുന്ന മുറയ്‌ക്ക് അറിയിക്കാമെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് അമ്മ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സഹായിച്ച് പിന്നണിയിൽ നിന്ന പ്രിയങ്ക അടുത്തകാലത്താണ് രാഷ്‌ട്രീയത്തിൽ സജീവമായത്. യു.പിലാണ് പ്രിയങ്ക പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റാലികളിൽ പ്രിയങ്കയ്‌ക്ക് ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്

 യുവതലമുറയ്ക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ

യു.പിയിൽ പാർട്ടി അധികാരത്തിൽ വന്നാൽ 20ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പക്കുമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംയുക്തമായി പുറത്തിറക്കിയ യുവാക്കൾക്കായുള്ള പ്രകടന പത്രികയിൽ പറയുന്നു. യുപിയിലെ യുവാക്കൾ നേരിടുന്ന തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രകടന പത്രിക മറ്റുള്ളവരുടേതു പോലെ പാഴ്വാക്കല്ലെന്നും അത് എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിച്ചിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. മറ്റുള്ളവർ 40-45ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. 20ലക്ഷം തൊഴിലവസരങ്ങളിൽ എട്ടുലക്ഷവും വനിതകൾക്കായി നീക്കിവയ്ക്കും. 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നീക്കി വയ്ക്കുമെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. റിക്രൂട്ട്മെന്റ് പരീക്ഷാ ഫീ ഒഴിവാക്കുമെന്നും വാഗ്ദാനമുണ്ട്.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ

 പ്രൈമറി, സെക്കൻഡറി സ്കൂളുകളിലെ ഒന്നരലക്ഷം അദ്ധ്യാപക ഒഴിവുകൾ നികത്തും. സംസ്കൃത, ഉർദു, അംഗൻവാടി അദ്ധ്യാപകരെയും അംഗൻവാടി, ആശാ വർക്കർമാരെയും പ്രത്യേകം നിയമിക്കും.

 പൊലീസിലെ ഒഴിവുകളും നികത്തും.

 പിന്നാക്ക സമുദായങ്ങളിലെ യുവാക്കൾക്ക് ബിസിനസ് തുടങ്ങാൻ ഒരു ശതമാനം പലിശയോടെ വായ്പ

 റിക്രൂട്ട്മെന്റ് അഴിമതി ഇല്ലാതാക്കും

 റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ, പരീക്ഷ, നിയമന തീയതി എന്നിവ വ്യക്തമാക്കുന്ന ജോബ് കലണ്ടർ പ്രഖ്യാപിക്കും. കലണ്ടർ തെറ്റിച്ചാൽ നടപടി

 റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് ഫീ ഒഴിവാക്കും, പരീക്ഷയ്‌ക്ക് ഹാജരാകാൻ ട്രെയിൻ, ബസ് യാത്രാ ബത്ത നൽകും

 സ്കോളർപ്പിഷ് അപേക്ഷയ്ക്ക് ഏകജാലക സംവിധാനം

 റിക്രൂട്ട്മെന്റിൽ സംവരണം ഉറപ്പാക്കാൻ പ്രത്യേക മേൽനോട്ട സംവിധാനം

 യുവാക്കളിലെ മദ്യം, മയക്കുമരുന്ന് ഉപയോഗം തടയാൻ ലക്നൗ കേന്ദ്രമാക്കി കൗൺസലിംഗ് കേന്ദ്രം. വിവിധ കേന്ദ്രങ്ങളിൽ ലഹരിവിമുക്ത ക്യാമ്പുകൾ.

 എല്ലാവർഷവും യൂത്ത് ഫെസ്റ്റിവലുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, PRIYANKA GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360