അജിത്തിന്റെ വലിമൈ, വിജയ് സേതുപതിയുടെ മാമനിതൻ, വിക്രമിന്റെ മഹാൻ, സൂര്യയുടെ എതർക്കും തുനന്തിവൻ, ധനുഷിന്റെ മാരൻ, വിശാലിന്റെ വീരമൈ വാഗൈ സൂടം, ദുൽഖർ സൽമാന്റെഹേയ് സിനാമിക എന്നിവയാണ് ഉടൻ എത്തുന്ന മേജർ റിലീസുകൾ
പുതുവർഷത്തിൽ ഏറെ പ്രതീക്ഷ അർപ്പിച്ച് തമിഴ് ചലച്ചിത്ര ലോകം മുന്നോട്ടുപോകുമ്പോഴാണ് കൊവിഡ് വ്യാപനം.ജനുവരി 30 വരെയാണ് തമിഴ് നാട്ടിൽ രാത്രി കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്.ഇതിനുശേഷം കർഫ്യുവിന് ഇളവു വരുമെന്നാണ് പ്രതീക്ഷ.അതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് സൂര്യയുടെ എതർക്കും തുനന്തിവൻ എന്ന ചിത്രമാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാൻലിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലെ സൺ പിക് ചേഴ്സ് നിർമ്മിച്ച ചിത്രം ഫെബ്രുവരി 4ന് റിലീസ് ചെയ്യാനാണ് പ്ളാൻ ചെയ്യുന്നത്.പ്രിയങ്ക അരുൾ മോഹൻ നായികയാകുന്ന എതർക്കും തുനന്തിവൻ പാണ്ഡിരാജാണ് സംവിധാനം ചെയ്യുന്നത്.
വമ്പൻ ചിത്രങ്ങളുടെ നീണ്ട നിര റിലീസിന് ഒരുങ്ങുന്നുണ്ട്. ജനുവരി 14ന് പ്രഖ്യാപിച്ച അജിത്തിന്റെ വാലിമൈയുടെ റിലീസ് കോവിഡിനെ തടർന്നാണ് നീട്ടിവച്ചത്. വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന കാർത്തിക് സുബ്ബ രാജ് ചിത്രം മഹാനാണ് ജനുവരിയിൽ പ്ളാൻ ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ മറ്റൊന്ന് . ദുൽഖർ സൽമാന്റെ ഹേയ് സിനാമിക ഫെബ്രുവരി 25നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.പ്രശസ്ത ഡാൻസ് കോറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധായികയുടെ തൊപ്പി അണിയുന്ന ചിത്രം കൂടിയാണ് ഹേയ് സിനാമിക. കാജൽ അഗർവാളും അദിതി റാവു ഹൈദരിയുമായാണ് നായികമാർ. പ്രീത ജയറാമൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. റിലയൻസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. വിശാലിന്റെ വീരമൈ വാഗൈ സൂടം ആണ് മറ്റൊരു മേജർ റിലീസ്. തു.പ. ശരവണൻ സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ചിത്രത്തിൽ ഡിംപിൾ ഹയാത്ത് ആണ് നായിക.
വിജയ് സേതുപതി ചിത്രം മാമനിതൻ ഫെബ്രുവരി റിലീസായാണ് പ്ളാൻ ചെയ്യുന്നത്. സീനു രാമസ്വാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, ഗായത്രി എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് കെ.പി.എ.സി ലളിത, ജ്യുവൽമേരി, അനിഖ സുരേന്ദ്രൻ, എന്നിവരും താരനിരയിലുണ്ട്. വിഷ്ണു വിശാൽ, മഞ്ജിമ മോഹൻ ചിത്രം എഫ്. ഐ.ആറും ഫെബ്രുവരി റിലീസായാണ് ഒരുങ്ങുന്നത്. കാർത്തി നരേന്റെ ധനുഷ് - മാളവിക മോഹൻ ചിത്രം മാരനാണ് വൻ പ്രതീക്ഷ നൽകുന്ന മറ്റൊരു ചിത്രം. ആക്ഷൻ ത്രില്ലർ ചിത്രമായ മാരനു തിരക്കഥ ഒരുക്കുന്നത് വരത്തൻ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ ശ്രദ്ധേയരായ സുഹാസും ഷറഫും ചേർന്നാണ്. വിവേകാണ് സഹ എഴുത്തുകാരൻ. സമുദ്രക്കനി, സ്മൃതി വെങ്കിട്, മഹേന്ദ്രൻ, സത്യജ്യോതി ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ഡിസ്നി ഹോട് സ്റ്റോറിലാണ് റിലീസ് ചെയ്യുന്നത്.
തിയേറ്റർ റിലീസായാണ് മാരൻ ഒഴികെയുള്ള ചിത്രങ്ങളെല്ലാം ഒരുങ്ങുന്നത്. എന്നാൽ സാഹചര്യം അനുകൂലമല്ലെങ്കിൽ ഇവയിൽ പലതും ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |