ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയെന്ന ഗൂഢോദ്ദേശമാണ് സർക്കാരിനെന്ന് ദിലീപ് ഹർജിയിൽ ആരോപിച്ചു.. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സൂപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം, ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നാളെ ഈ ഹർജി സുപ്രീംകോടതി പരിഗണിക്കാനാരിക്കെയാണ് ആവശ്യത്തെ എതിർത്തുള്ള ദിലീപിന്‍റെ നീക്കം.
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ വിശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ദിലീപ് ആരോപിച്ചു.ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിക്കുന്നു. ഇതോടൊപ്പം ജഡ്ജി സ്ഥലം മാറുന്നത് വരെ വിചാരണയില്‍ കാലതാമസം വരുത്തുകയെന്ന ഗൂഢോദ്ദേശവും സർക്കാരിനുണ്ടെന്ന് മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടി. നേരത്തെ ജഡ്ജിയെ മാറ്റണമെന്ന് സർക്കാര്‍ തന്നെ ആവശ്യപ്പെട്ടത് പരാമർശിച്ചായിരുന്നു ദിലീപിന്‍റെ ആരോപണം.
ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സർക്കാരിന്‍റെ അപേക്ഷ പരിഗണിക്കുന്നത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഫെബ്രുവരി പതിനാറിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നത്.