കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരമാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
ദിലീപിന് പുറമേ സഹോദരൻ അനൂപ് (പി. ശിവകുമാർ), സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെയും ജാമ്യഹർജി മാറ്റിയിട്ടുണ്ട്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷിയായ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്‌ത ശബ്ദരേഖയും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി അന്വേഷണസംഘം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും പ്രതികളിൽനിന്ന് പൂർണമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിക്ക്സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |