SignIn
Kerala Kaumudi Online
Sunday, 14 July 2024 12.52 PM IST

മാറിടത്തിൽ ഏറ്റത് പന്ത്രണ്ടോളം കുത്തുകൾ; യുവാക്കളുടെ ഹരമായി മാറിയ റാണിപത്മിനിയുടെ അതിദാരുണ അന്ത്യം

rani-padmini

ചെന്നൈ: എൺപതുകളിൽ ദക്ഷിണേന്ത്യൻ സിനിമയിൽ ജ്വലിച്ചുനിന്നിരുന്ന റാണിപത്മിനി എന്ന യുവസുന്ദരി ക്രൂരമായി കൊല്ലപ്പെട്ടിട്ട് 36 വർഷം തികയുകയാണ് വരുന്ന ഒക്ടോബറിൽ. കൊല്ലപ്പെടുമ്പോൾ 24 വയസ് മാത്രമായിരുന്നു റാണിപത്മിനിക്ക്. പ്രശസ്തിയുടെ കൊടുമുടിയിൽ ആയിരിക്കവേ 42കാരിയായ അമ്മ ഇന്ദിരയൊടൊപ്പമായിരുന്നു റാണിപത്മിനി അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നും ഞെട്ടലോടെ മാത്രം ഓർക്കാൻ കഴിയുന്ന ക്രൂരകൊലപാതകത്തിന്റെ നാൾവഴികളിലൂടെ ഒന്ന് കടന്നുചെല്ലാം.

മദ്രാസിലെ അണ്ണാനഗറിൽ ആണ് റാണിപത്മിനി ജനിച്ചത്. റാണിയുടെ അമ്മയായ ഇന്ദിരയുടെ സിനിമാ മോഹമാണ് മകളെയും സിനിമയിൽ എത്തിക്കുന്നത്. തനിക്ക് നേടാൻ സാധിക്കാത്തത് തന്റെ മകൾ നേടണമെന്ന് അവർ അധിയായി ആഗ്രഹിച്ചു. ഹിന്ദി സിനിമയിൽ നായികയാകാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ അമ്മയും മകളും സിനിമാമോഹവുമായി മദ്രാസിൽ എത്തി. എത്തിയയുടൻ തന്നെ അണ്ണാനഗറിലെ 18ാം നമ്പർ അവന്യൂ എന്ന ആഡംബര ബംഗ്ളാവ് റാണിപത്മിനിയും അമ്മ ഇന്ദിരയും വാടകക്കെടുത്തു. പിന്നാലെ മൂന്ന് ജോലിക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് ഇവർ പത്രത്തിൽ ഒരു പരസ്യം നൽകി. ഇവിടെ നിന്നായിരുന്നു റാണിപത്മിനിയുടെ കറുത്ത ദിനങ്ങളുടെ എണ്ണം ആരംഭിച്ചത്.

rani-padmini

റാണിപത്മിനിയുടെ പത്രപരസ്യം കണ്ട് മൂന്ന് പേർ ജോലിക്കെത്തിയിരുന്നു. വാച്ച്മാൻ, അടുക്കളക്കാരൻ, ഡ്രൈവർ എന്നീ തസ്തികകളിലേക്കായിരുന്നു അവർ ആളെ തേടിയത്. പരസ്യം കണ്ട് ഡ്രൈവർ ആയി ജോലി ലഭിക്കുന്നതിനായി ജപരാജ് എന്നൊരാൾ എത്തി. ഇയാൾക്ക് ജോലി ലഭിച്ച് കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വാച്ചർ ആയി ജോലിനോക്കാൻ ലക്ഷ്മിനരസിംഹൻ എന്നൊരാളും എത്തി. കാർ മോഷണ കേസിൽ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുള്ള കുറ്റവാളിയായിരുന്നു ലക്ഷ്മിനരസിംഹൻ. ജപരാജും ലക്ഷ്മിനരസിംഹനും സുഹൃത്തുക്കളായിരുന്നു. ഇവർക്ക് പിന്നാലെ ഗണേശൻ എന്നൊരാളും പാചകക്കാരനായി എത്തി.

rani-padmini

അണ്ണാനഗറിൽ താമസിച്ചുകൊണ്ടാണ് റാണിപത്മിനി തന്റെ സിനിമാ ജിവിതം ആരംഭിക്കുന്നത്. 1981 കഥയറിയാതെ എന്ന ചിത്രത്തിലൂടെയാണ് റാണിപത്മിനി സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. എന്നാൽ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നാലെ പുറത്തിറങ്ങിയ മുൻനിര താരങ്ങൾ അണിനിരന്ന സംഘർഷം എന്ന ചിത്രമാണ് റാണിപത്മിനിയുടെ തലവര മാറ്റുന്നത്. പി ജി വിശ്വംഭരന്റെ സംഘർഷത്തിലൂടെ റാണിപത്മിനി താരപദവിയിലേക്ക് ഉയർന്നു. പിന്നാലെ തമിഴ് തെലുങ്ക് സിനിമയുടെ നായികാ പദവിയും റാണിപത്മിനി സ്വന്തമാക്കി. താരമൂല്യവും പണവും വർദ്ധിച്ചതോടെ താൻ താമസിച്ചിരുന്ന വാടക വീട് സ്വന്തമാക്കാൻ ഇവർ ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് തങ്ങൾക്ക് വീട് തരപ്പെടുത്തിത്തന്ന പ്രസാദ് എന്നയാളുമായി റാണിപത്മിനി ബന്ധപ്പെട്ടു. വീട് വാങ്ങാനുള്ള പണം കാശായി തന്നെ നൽകാമെന്നും അവർ വാഗ്ദാനം ചെയ്തു. ഇത് മനസിലാക്കിയ ജപരാജ് റാണിയുടെ വീട്ടിൽ കണക്കറ്റ പണവും സ്വർണവും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു. ഇത് സ്വന്തമാക്കുന്നതിനായി അമ്മയെയും മകളെയും കൊല്ലാൻ ഇയാൾ പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കാൻ വാച്ച്‌മാനെയും പാചകക്കാരനെയും ഇയാൾ ഒപ്പം കൂട്ടി.

1986 ഒക്ടോബർ 15ന് രാവിലെയാണ് റാണിപത്മിനിയും അമ്മയും അതിദാരുണമായി കൊല്ലപ്പെട്ടത്. രാത്രിയിൽ അമിതമായി മദ്യപിക്കുന്ന ശീലം റാണിപത്മിക്കും അമ്മയ്ക്കും ഉണ്ടായിരുന്നു. അന്ന് രാത്രിയും അമ്മയും മകളും നന്നായി മദ്യപിച്ചു. ഇടയ്ക്ക് റാണിപത്മിനി അടുക്കളയിലേക്ക് പോയ തക്കം നോക്കി ഇന്ദിരയെ ജപരാജ് കുത്തിവീഴ്ത്തി. ഏകദേശം പത്തിലധികം കുത്തേറ്റ മുറിവുകൾ ഇവരുടെ മൃതദേഹത്തിൽ ഉണ്ടായിരുന്നു. അമ്മയുടെ അലർച്ച കേട്ട് ഓടിയെത്തിയ റാണിപത്മിനി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണ്. അപകടം മനസിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച റാണിപത്മിനിയെയും മൂവരും അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. റാണിപത്മിനിയുടെ മാറിടത്തിൽ 12 തവണ കുത്തേറ്റിരുന്നു. എന്നാൽ കൊലപാതക വിവരം പുറത്തറിഞ്ഞിരുന്നില്ല. നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന പ്രകാരം വീട് വാങ്ങുന്ന ഇടപാടിനായി ബ്രോക്കർ പ്രസാദ് റാണിപത്മിനിയുടെ വീട്ടിലെത്തി. എന്നാൽ ബെല്ലടിച്ചിട്ടും ആരും തുറക്കാതിരുന്നതോടെ പ്രസാദ് മടങ്ങിപ്പോകാൻ ആരംഭിച്ചു. അതിനിടെയാണ് വല്ലാത്തൊരു ദുർഗന്ധം പ്രസാദിന്റെ ശ്രദ്ധയിൽപ്പെട്ടത്. കുളിമുറിയിൽ ജീർണിച്ച നിലയിൽ രണ്ട് ശവശരീരം. ഒന്നനക്കിയാൽ പോലും കഷ്ണങ്ങളായി വേർപ്പെട്ടുപോകുമെന്ന നിലയിലായതിനാൽ കുളിമുറിയിൽ തന്നെയായിരുന്നു പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസ് ലഭിക്കാത്തതിനാൽ ഒരു കാറിന്റെ ഡിക്കിയിൽ പൊതിഞ്ഞുകെട്ടിയായിരുന്നു മൃതദേഹങ്ങൾ കൊണ്ടുപോയത്. രണ്ടുപേരുടെയും മ‌ൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആരുമെത്തിയില്ല. ഒടുവിൽ ചലചിത്ര പരിഷത്ത് ഏറ്റുവാങ്ങി മദ്രാസിൽത്തന്നെ സംസ്കരിക്കുകയായിരുന്നു.

rani-padmini

rani-padmini

കൊലപാതകത്തെത്തുടർന്ന് റാണിപത്മിനിയുടെ ഏഴുലക്ഷത്തോളം വിലവരുന്ന നിസാൻ കാർ കാണാതായിരുന്നു. ഇതാണ് ഡ്രൈവറിലേയ്ക്ക് പൊലീസിന്റെ ശ്രദ്ധതിരിയാൻ കാരണമായത്. പിന്നാലെ മൂന്ന് പേരും അറസ്റ്റിലായി. ചെങ്കൽപ്പേട്ട് ജില്ലാ ജഡ്ജി മൂവർക്കും വധശിക്ഷ വിധിച്ചു. എന്നാൽ സുപ്രീം കോടതി ഇത് ജീവപര്യന്തമായി കുറച്ചു. 2017 ഡിസംബർ 14നാണ് മദ്രാസ് ഹൈക്കോടതി ഒടുവിലായി പരിഗണിച്ചത്. എന്നാൽ കൊല നടന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം ലക്ഷ്മിനരസിംഹനെ മോചിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. ലക്ഷ്മിനരസിംഹന്റെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നടപടി. ജയിലിൽ കഴിയവേ ജപരാജ് മരണപ്പെട്ടിരുന്നു. ഗണേശൻ ജയിൽ ചാടി രക്ഷപ്പെട്ടതായി ചില തമിഴ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദക്ഷിണേന്ത്യൻ സിനിമാലോകത്തെ മുഴുവൻ നടുക്കിയ ക്രൂരകൊലപാതകവും റാണിപത്മിനിയെന്ന താരറാണിയുടെ മരണവും സിനിമാലോകത്ത് ഇന്നും നീറുന്ന ഓർമയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RANI PADMINI, MURDER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.