ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽപ്പെടുത്തി ഒരുമാസത്തോളം കസ്റ്റഡിയിൽ വച്ചത് യാതൊരു തെളിവുമില്ലാതെയാണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ( എസ്.ഐ.ടി) അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആര്യൻ ഖാനെതിരെ ഒരു തെളിവും കണ്ടെത്താനായില്ലെന്നും മുംബൈ തീരത്തെ ക്രൂസിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് ഇടപാടുമായും മയക്കുമരുന്ന് മാഫിയയുമായും ആര്യന് യാതൊരു ബന്ധവുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. എന്നാൽ ഈ വിവരം ശരിയല്ലെന്ന് എൻ.സി.ബി വൃത്തങ്ങൾ പറയുന്നുണ്ട്.
ഒന്നും പിടിച്ചടുത്തില്ല
സോണൽ ഓഫീസർ സമീർ വാങ്കടെയുടെ നേതൃത്വത്തിൽ നടന്ന റെയിഡിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചു.ആര്യനിൽ നിന്ന് യാതൊന്നും പിടിച്ചെടുത്തിരുന്നില്ല,എന്നിട്ടും ഫോൺ പിടിച്ചുവാങ്ങുകയും ചാറ്റുകൾ പരിശോധിക്കുകയും ചെയ്തു.ഇത് മൗലികാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ്.ആരോപിക്കപ്പെട്ടതുപോലെ ഒരു മയക്കുമരുന്ന് മാഫിയയുമായും ആര്യന് എന്തെങ്കിലും ബന്ധമുള്ളതായി കണ്ടെത്താനായിരുന്നില്ല.ആര്യനും സുഹൃത്തുക്കളായ മൂൺമൂൺ ധമേച്ച ,അർബ്ബാസ് മർച്ചന്റ് എന്നിവരുമായുള്ള ചാറ്റിൽ എന്തെങ്കിലും അപാകത കണ്ടിരുന്നില്ലെന്ന് ജാമ്യം അനുവദിക്കവെ മുംബൈ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
റെക്കോഡ് ചെയ്തില്ല
ക്രൂസിൽ നടന്ന റെയിഡാകട്ടെ വീഡിയോയിൽ രേഖപ്പെടുത്തിയിരുന്നില്ല.എൻ.സി.ബി മാനുവൽ പ്രകാരം ഇത് നിർബന്ധമാണ്.ക്രൂസിൽ സഞ്ചരിച്ച പലരിൽ നിന്നും കണ്ടെടുത്ത മയക്കുമരുന്ന് സിംഗിൾ റിക്കവറിയായി രേഖപ്പെടുത്തുകയും ചെയ്തു. ആര്യനെ കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് എൻ.സി.ബി അറസ്റ്റ് ചെയ്തത് .28 ദിവസത്തെ കസ്റ്റഡിക്കു ശേഷം ഒക്ടോബർ 30നാണ് വിട്ടയച്ചത്. സോണൽ ഓഫീസർ സമീർ വാങ്കടെയെ ഈ സംഭവത്തോടെ എൻ.സി.ബിയിൽ നിന്ന് റവന്യു ഇന്റലിജൻസിലേക്ക് മാറ്റിയിരുന്നു.അദ്ദേഹത്തിന്റെ ഇടപാടുകൾ അന്വേഷിച്ചുവരികയാണ്.
ആര്യൻ തിരക്കഥ എഴുതുന്നു
ആര്യന്റെ അറസ്റ്റിനുശേഷം ആര്യന്റെ അമ്മയും ഷാരൂഖിന്റെ ഭാര്യയുമായ ഗൗരി ഖാൻ കഴിഞ്ഞയാഴ്ചയാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. നടനും സംവിധായകനുമായ ഫരാൻ അക്തറിന്റെ വിവാഹ പാർട്ടിയിലായിരുന്നു അത്. മകൾ സുഹാന ഖാനും ആര്യനുമൊപ്പമായിരുന്നു ഗൗരി എത്തിയത്. ഫോട്ടോഗ്രാെഫർമാർക്കു മുന്നിൽ ഗൗരി പോസ് ചെയ്യുകയും ചെയ്തു.ഒരു സിനിമയ്ക്കും വെബ്സീരീസിനും തിരക്കഥ രചിക്കുന്ന തിരക്കിലാണ് ആര്യൻ ഖാനിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |