SignIn
Kerala Kaumudi Online
Friday, 20 September 2024 4.17 AM IST

മമ്മൂക്ക ഗസ്റ്റ് റോളിൽ എത്തിയില്ല; ബാലചന്ദ്ര മേനോനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിട്ട് നടന്നില്ല, ഒടുവിൽ ആഗ്രഹം തീർത്തത് ഇങ്ങനെ

Increase Font Size Decrease Font Size Print Page
santhosh-viswanath

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിറകൊടിഞ്ഞ കിനാവുകൾ, മമ്മൂട്ടി നായകനായ വൺ എന്നീ രണ്ട് സിനിമകൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും മലയാള സിനിമ ചരിത്രത്തിൽ മികച്ച ഒരു സംവിധായകന്റെ കയ്യൊപ്പ് ചാർത്താൻ സന്തോഷ്‌ വിശ്വനാഥന് സാധിച്ചു കഴിഞ്ഞു. വൺ സിനിമയ്ക്ക് ശേഷം തന്റെ അടുത്ത സിനിമ ഒരുക്കുന്നതിന്റെ തിരക്കിലായ സന്തോഷ്‌ വിശ്വനാഥൻ ചില ഓർമ്മകൾ "കേരള കൗമുദി" യോട് പങ്കുവയ്ക്കുന്നു.

ആദ്യ സിനിമ

എനിക്ക് എന്തെങ്കിലും സംഭാവന ചെയ്യാൻ സാധിക്കുന്ന ഒരു സിനിമക്കായി കാത്തിരുന്നത് കൊണ്ട് എന്റെ ആദ്യ സിനിമ സംഭവിക്കാൻ ഏറെ താമസം നേരിട്ടു. കമൽ ഡയറക്ട് ചെയ്ത് മമ്മൂട്ടി നായകനായ അഴകിയ രാവണൻ എന്ന സിനിമ ഒരുപാട് പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും എന്റെ ആദ്യ സിനിമ ചിറകൊടിഞ്ഞ കിനാവുകൾ ആയിരിക്കുമെന്ന ചിന്ത ഇല്ലായിരുന്നു. പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷമാണ് അഴകിയ രാവണൻ സിനിമയിലെ കഥാപാത്രങ്ങളായ അംബുജാക്ഷൻ, തയ്യൽക്കാരൻ, സുമതി, വിറക് വെട്ടുകാരൻ എന്നിവരെ ഫോക്കസ് ചെയ്ത് ചിറകൊടിഞ്ഞ കിനാവുകൾ പ്ലാൻ ചെയ്തതും അത് സംഭവിച്ചതും. ഈ സിനിമയുടെ റൈറ്റർ പ്രവീണും ഞാനും തമ്മിലുള്ള ചർച്ചകളെ തുടർന്നാണ് ചിറകൊടിഞ്ഞ കിനാവിന്റെ സാധ്യത അറിഞ്ഞത്. ഇത് ശ്രീനിയേട്ടനോട് സംസാരിച്ചപ്പോൾ തന്നെ നല്ല സപ്പോർട്ടു തന്നു.

ഇതേതുടർന്നാണ് ഈ പ്രോജക്ട് മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മ വിശ്വാസമുണ്ടായത്. പിന്നീട് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഇതിലേക്ക് എത്തപ്പെട്ടു. ഇതിൽ കുഞ്ചാക്കോ ബോബന്റെ ക്യാറക്ടർ ഒന്ന് ക്ലീൻ ഷേവ് ചെയ്ത് ലേശം കറുത്തതാണ്, ഒരു പ്രത്യേക രീതിയിലുമാണ് ഈ കഥാപാത്രത്തിന്റെ മേക്കിങ്ങും. മാത്രമല്ല, ഞാൻ പുതിയ ആളാണ്, എന്നെക്കുറിച്ച് ആർക്കുമറിയില്ല ഇതൊക്കെയോർത്ത് ചാക്കോച്ചൻ എന്ത് പറയുമെന്നുള്ള ആശങ്കയോടെയാണ് സമീപിച്ചത്. എന്നാൽ സ്ക്രിപ്റ്റ് മുഴുവൻ വായിച്ച് തീർത്ത കുഞ്ചാക്കോ ബോബൻ നമ്മൾ ഇത്‌ ചെയ്യുമെന്ന് പറഞ്ഞ് കൈ തന്നപ്പോൾ ഏറെ ത്രില്ലിലായിരുന്നു.

ഗസ്റ്റ് റോളിൽ മമ്മുക്ക

ചിറകൊടിഞ്ഞ കിനാവുകൾ ഏത് രീതിയിലാണ് മേക്കിംഗ് നടത്തുന്നത് എന്ന് അഭിനയിക്കാൻ വന്ന താരങ്ങൾക്ക് പോലും ആദ്യം അറിയില്ലായിരുന്നു. ചാക്കോച്ചനും റീമക്കും വേണ്ടി ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ഇതേ തുടർന്ന് കഥാപാത്രത്തെ സംബന്ധിച്ച് അവർക്ക് ഒരു ഐഡിയ കിട്ടി. ഷൂട്ട്‌ നടക്കുന്ന സമയത്താണ് ജോയി മാത്യു എത്തിയത്. കഥാപാത്രത്തെ ഏത് രീതിയിൽ അവതരിപ്പിക്കണം എന്നുള്ള കൺഫ്യൂഷൻ കാരണം ജോയി മാത്യുവിന് ആദ്യ ദിവസം ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞില്ല. ഈ സിനിമയിൽ എല്ലാ കഥാപാത്രങ്ങൾക്കും ലേശം ഓവറായ അഭിനയമാണ് വേണ്ടത്. അഭിനയത്തിന്റെ മീറ്റർ കറക്ട് അല്ലെങ്കിൽ കൈ വിട്ട് പോകുന്ന സബ്ജക്ടായിരുന്നു ആ സിനിമ. ചിറകൊടിഞ്ഞ കിനാവുകളുടെ ക്ലൈമാക്സിൽ മമ്മൂക്കയെ ഗസ്റ്റായി അഭിനയിപ്പിക്കാൻ എനിക്ക് ഏറെ ആഗ്രഹമായിരുന്നു. ഇക്കാര്യം ഞാൻ ശ്രീനിയേട്ടനോടും പറഞ്ഞിരുന്നു. പക്ഷേ അന്നത് നടന്നില്ല. ചിറകൊടിഞ്ഞ കിനാവുകൾ കണ്ടതിന് ശേഷം മമ്മൂക്ക സിനിമയെക്കുറിച്ച് പോസിറ്റീവായി സംസാരിച്ചുവെന്ന് പിന്നീടറിഞ്ഞു. ആ സമയത്തൊന്നും മമ്മൂക്കയും ഞാനും തമ്മിൽ സൗഹൃദമോ അദ്ദേഹത്തിന് എന്നെ അറിയുകയോ ഇല്ലായിരുന്നു.

വൺ

ആദ്യ സിനിമ സംഭവിക്കുക എന്ന തീവ്രമായ മോഹത്തെ തുടർന്നാണ് ചിറകൊടിഞ്ഞ കിനാവുകൾ യഥാർഥ്യമായത്. ആദ്യ സിനിമ ചെയ്യുമ്പോൾ എന്നെ ആർക്കുമറിയില്ല അതുകൊണ്ട് തന്നെ എന്തും ചെയ്യാമെന്നുള്ള ആത്മ ധൈര്യമുണ്ടായിരുന്നു. മമ്മൂക്ക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എന്റെ രണ്ടാമത്തെ സിനിമയായ വൺ ഒരുക്കുമ്പോൾ ആ ധൈര്യം ഇല്ലായിരുന്നു എന്നതാണ് സത്യം.

ശ്രീനിയേട്ടന്റെ ഉപദേശം

പ്രേക്ഷകരിൽ നിന്ന് നമ്മൾ എപ്പോഴും രണ്ട് അടി മുന്നിലായിരിക്കണം. പ്രേക്ഷകർ നമ്മുടെ മുന്നിൽ ഓടുന്ന സാഹചര്യമാണെങ്കിൽ എന്ത് ചെയ്തിട്ടും കാര്യമില്ല. എല്ലാം അവസാനിപ്പിച്ച് പൗര സ്വീകരണമൊക്കെ ഏറ്റുവാങ്ങി വീട്ടിൽ ഇരിക്കേണ്ടതായി വരും എന്ന് ശ്രീനിയേട്ടൻ ഉപദേശിച്ചിട്ടുണ്ട്. ഇത് എന്റെ ഓർമ്മയിൽ എപ്പോഴുമുണ്ട്. ഇപ്പോഴത്തെ പ്രേക്ഷകർ എപ്പോഴും ഫാസ്റ്റാണ്, അവരുടെ പിന്നിലോ അവർക്കൊപ്പമോ ഓടിയിട്ട് കാര്യമില്ല, അവരുടെ ഇരട്ടിയിലധികം വേഗത്തിൽ ഓടിയെങ്കിൽ മാത്രമേ പിടിച്ച് നിൽക്കാൻ പറ്റുകയുള്ളു. അതിന്റെ നെട്ടോട്ടത്തിലാണ് ഞാനടക്കം എല്ലാവരും.

ചാൻസിന് വേണ്ടി അലഞ്ഞ നാളുകൾ

സിനിമയിൽ അസിസ്റ്റന്റായി പ്രവർത്തിക്കാൻ ചാൻസ് ചോദിച്ച് ഡയറക്ടർമാരുടെ വീടുകളിലും സിനിമ ഷൂട്ടിങ്ങ് ലൊക്കേഷനിലും ഒരുപാട് അലഞ്ഞിട്ടുണ്ട്. സഹായിക്കാൻ ആരും തയ്യാറായില്ല. വേണു നാഗവള്ളി, ബാലചന്ദ്ര മേനോൻ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ അവരെ ഒന്ന് കാണാൻ പോലും അന്നത്തെ കാലത്ത് സാധിച്ചില്ല. എന്ത് ചെയ്യുമെന്നുള്ള ആലോചനയെ തുടർന്നാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തിറങ്ങിയതോടെ ഡയറക്ടറായി, ഉടൻ സിനിമ ചെയ്യാം എന്നൊരു തോന്നലുണ്ടായിരുന്നു. എന്നാൽ പതിയെ ബോധ്യമായി സിനിമ കയ്യെത്തും ദൂരത്ത് അല്ല എന്ന്. അടുക്കും തോറും അകലുന്ന ഒരു സംഭവമായി മാറുകയായിരുന്നു സിനിമ എന്റെ ജീവിതത്തിൽ. 12 വർഷക്കാലം സീരിയൽ ഡയറക്ടർ കെ കെ രാജീവിന്റെ കൂടെ പ്രവർത്തിച്ചു. പിന്നീട് വേണുനാഗവള്ളി ചേട്ടന്റെ കൂടെയും കുറച്ച് നാൾ പ്രവർത്തിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം ഡയറക്ട് ചെയ്ത വൺ സിനിമയിൽ ബാലചന്ദ്ര മേനോനെ ഒരു വേഷം ചെയ്യിച്ച് എന്റെ ആഗ്രഹം സഫലമാക്കി.

തിയേറ്ററും ഒടിടിയും

മുൻപ് സിനിമയുടെ പ്രധാന മാർക്കറ്റിങ്ങ് തിയേറ്റർ, ടി വി ചാനലുകൾ ഇതൊക്കെ ആയിരുന്നു. എന്നാൽ ഇപ്പോൾൽ ഒടിടിയും രംഗ പ്രവേശനം ചെയ്തു. ഈ പ്ളാറ്റ്‌ഫോമിൽ വന്ന സിനിമ മറ്റൊരു തലത്തിലേക്ക് എത്തപ്പെടുകയാണ്. ഇവിടെ പ്രൊഡ്യൂസർ കൂടുതൽ സേഫാകും എന്നതാണ് ഏറെ ഗുണകരം. ഇനിയുള്ള കാലഘട്ടങ്ങളിൽ ഒടിടിക്ക് ഭയങ്കരമായ സാധ്യതയുണ്ട്. തിയേറ്ററുകൾ ഒഴിവാക്കണം എന്നല്ല ഞാൻ പറഞ്ഞത്. തിയേറ്ററുകൾ നില നിർത്തിക്കൊണ്ട് തന്നെ ഒടിടിയുടെ സുരക്ഷിതത്വവും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SANTHOSH, VISWANATH, MOVIE, DIRECTOR, MAMMUTTY, BALACHANDRA MENON, ONE, CHIRAKODINJA KINAVUKAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.