കൊല്ലം: പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും വിശ്രമിക്കാനുമായി ജില്ലയിലെ പാതയോരങ്ങളിൽ 105 ടേക്ക് എ ബ്രേക്ക് സെന്ററുകൾ കൂടി വരുന്നു. ഇതിൽ 9 എണ്ണം ഈമാസം പൂർത്തിയാകും. നിലവിൽ വിവിധ ഭാഗങ്ങളിലായി ജില്ലയിൽ 11 ടേക്ക് എ ബ്രേക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം എന്നീ മൂന്ന് തരത്തിലുള്ള ടേക്ക് എ ബ്രേക്ക് സെന്ററുകളാണ് ശുചിത്വ മിഷൻ ഒരുക്കുന്നത്. ഇതിൽ ഈമാസം പൂർത്തിയാകുന്ന 9 എണ്ണവും ബേസിക് നിലവാരത്തിലുള്ളവയാണ്. ഇവിടങ്ങളിൽ ആധുനിക നിലവാരത്തിലുള്ള രണ്ട് ടോയ്ലെറ്റുകൾ വീതമാണുള്ളത്. സ്റ്റാൻഡേർഡ് വിശ്രമകേന്ദ്രങ്ങളിൽ നാല് ടോയ്ലെറ്റുകൾ, വസ്ത്രം മാറാനുള്ള സൗകര്യം, വിശ്രമസ്ഥലം, മുലയൂട്ടാനുള്ള ഇടം എന്നിവ ഉണ്ടാകും. പ്രീമീയം കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കുള്ള ടോയ്ലെറ്റുകൂടി ഉണ്ടാകും.
പാതവക്കുകളിൽ ടേക്ക് എ ബ്രേക്ക് സെന്ററുകൾ വ്യാപകമാകുന്നതോടെ വാഹനയാത്രക്കാർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും. പാതയോരങ്ങൾക്ക് പുറമേ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ആലോചനയുണ്ട്. ഇത് വിവിധ ആവശ്യങ്ങൾക്ക് പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ എത്തുന്നവർക്കും ഗുണം ചെയ്യും. കുടുംബശ്രീക്കാണ് പരിപാലന ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |