അർജുൻ, നിക്കി ഗൽറാണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് തിരുവനന്തപുരത്ത് പുനരാരംഭിച്ചു.
ഏപ്രിൽ 12ന് പാക്കപ്പാകും .ക്ളൈമാക്സ് രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.കേരളത്തിൽ സിനിമ ഷൂട്ടിംഗിന് അനുമതി നൽകിയ ദിവസം ചിത്രീകരണം ആരംഭിച്ച ചിത്രമായ വിരുന്നിന്റെ രണ്ടാമത്തെ ഷെഡ്യൂളാണ് നടക്കുന്നത്. ഇൗരാറ്റുപേട്ടയിലായിരുന്നു ആദ്യ ഷെഡ്യൂൾ. ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രമാണ് വിരുന്ന്. മുകേഷ്, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്, ആശ ശരത്, അജു വർഗീസ്, ഹരീഷ് പേരടി, ധർമ്മജൻ ബോൾട്ടി, മൻരാജ്, സുധീർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിന് ദിനേശ് പള്ളത്ത് രചന നിർവഹിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹകൻ. ദുരൂഹത നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇടവേളയ്ക്കുശേഷം അർജുൻ മലയാളത്തിലേക്ക് എത്തുകയാണ്. കന്നടയിൽ ബാലതാരമായാണ് അർജുൻ വെള്ളിത്തിരയിൽ എത്തുന്നത്. ജെന്റിൽമാൻ എന്ന തമിഴ് ചിത്രം അർജുനെയും സംവിധായകൻ ഷങ്കറിനെയും വലിയ പ്രശസ്തിയിലേക്ക് എത്തിച്ചു. നിർമ്മാതാവ്, സംവിധായകൻ , തിരക്കഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങുന്ന അർജുൻ മലയാളത്തിനും ഏറെ സുപരിചിതം. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച വന്ദേമാതരം മലയാളത്തിലും തമിഴിലുമായാണ് എത്തിയത്. ദിലീപിനൊപ്പം അഭിനയിച്ച ജാക്ക് ആൻഡ് ജിൽ ആണ് മറ്റൊരു ശ്രദ്ധേയ ചിത്രം. മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും അർജുൻ തിളങ്ങി. തെലുങ്കിൽ കില്ലാടി, കന്നടയിൽ ഒപ്പൻഡ എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ അർജുൻ തമിഴിൽ മേധാവി എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് വിരുന്ന് ഒരുങ്ങുന്നത്. അതേസമയം ഉടുമ്പ് ആണ് കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. അനൂപ് മേനോൻ നായകനായും തിരക്കഥാകൃത്തായും എത്തുന്ന വരാൽ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |