SignIn
Kerala Kaumudi Online
Friday, 20 September 2024 5.13 AM IST

പ്രായമായാൽ വിരമിക്കണം

Increase Font Size Decrease Font Size Print Page
srp
എസ്. രാമചന്ദ്രൻ പിള്ള

കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിലെ 102 -ാം നമ്പർ മുറി. സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പതിവിലുമേറെ സന്തോഷത്തിലായിരുന്നു. ഏതാനും നാളുകളായി കണ്ണൂരിൽ തന്നെയാണ് എസ്. ആർ.പി. ആദ്യമായി കണ്ണൂരിലെത്തുന്ന പാർട്ടി കോൺഗ്രസ്സിന്റെ മുഴുവൻ സമയ സംഘാടനത്തിന്റെ തിരക്കോട് തിരക്ക്. എസ്.ആർ.പിയുടെ മൊബൈൽ ഫോണും തിരക്കിലാണ്. ഔദ്യോഗിക ചുമതലകളൊഴിയുന്നു എന്ന് ചാനൽ വാർത്തകൾ കണ്ടാണ് പാർട്ടി സഖാക്കളും മറ്റും വിളിക്കുന്നത്. എല്ലാവർക്കും ഒരേ മറുപടി. " സ്ഥാനമൊഴിഞ്ഞാലും സംഘടനയിൽ സജീവമായിരിക്കും. എസ്.ആർ.പി കേരളകൗമുദിയോട് സംസാരിക്കുന്നു.

കണ്ണൂരിലെ പാർട്ടി കോൺഗ്രസ് സഖാവിന്റെ വിടവാങ്ങൽ കൂടിയാണല്ലോ?

പാർട്ടി ചുമതലകളിൽ യുവാക്കൾ കൂടുതലായി വരട്ടെ എന്ന താത്‌പര്യത്തിന്റെ ഭാഗമായി ഞാനടക്കമുള്ള മുതിർന്ന നേതാക്കളാണ് എഴുപത്തഞ്ച് വയസെന്ന പരിധി വച്ചത് എന്നിട്ടും 84 വരെ തുടർന്നു. സ്ഥാനമൊഴിഞ്ഞാലും സംഘടനയിൽ സജീവമായിരിക്കും. പ്രായമായാൽ വിരമിക്കണം, പാർട്ടിയിലായും ഔദ്യോഗിക ജീവിതത്തിലായാലും. ഒഴിവാകുന്നതിൽ ഒരു പ്രയാസവുമില്ല. ആരും എവിടെയും ഒഴിവാകുന്നില്ല. കമ്മിറ്റികളിൽ ഇല്ലെന്നേയുള്ളൂ. അതുകൊണ്ട് പാർട്ടി പാർട്ടിപ്രവർത്തനങ്ങളിൽ കുറേക്കൂടി സജീവമാകാം.

കൊച്ചി സമ്മേളനത്തിൽ നടന്നതുപോലെ തലമുറ മാറ്റം ദേശീയ തലത്തിലും ഉണ്ടാകുമോ?

തലമുറമാറ്റമല്ല ഉദ്ദേശിക്കുന്നത്. പഴയതലമുറയുടെ അനുഭവങ്ങളും പുതിയ തലമുറയുടെ കാര്യശേഷിയും സമന്വയിപ്പിച്ച് സംഘടനയ്ക്ക് കൂടുതൽ കരുത്തും ഊർജവും പകരുകയാണ് ലക്ഷ്യം. പഴയ തലമുറയിൽ നിന്നു പുതുതലമുറയ്‌ക്ക് കുറെ പഠിക്കാനുണ്ട്. അതുപോലെ പുതുതലമുറയിൽ നിന്നു ഞങ്ങളെപ്പോലുള്ളവർ കുറെ ഉൾക്കൊള്ളാനുണ്ട്. ഇത്തരത്തിൽ സമന്വയിക്കുമ്പോൾ പാർട്ടിക്ക് പുതിയ ദിശാബോധം കൈവരുമെന്നുറപ്പ്.

ആറു പതിറ്റാണ്ടിലേറെ നീണ്ട പാർട്ടി ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ?
സന്തോഷം, സംതൃപ്തി. ഇതിൽ തിരിഞ്ഞു നോക്കേണ്ട ആവശ്യമൊന്നും വരുന്നില്ല. ഞാൻ എവിടെയും പോകുന്നില്ല. കൂടുതൽ പാർട്ടി ക്ളാസുകൾ സംഘടിപ്പിക്കാനുണ്ട്. പൊതുജനങ്ങൾക്കും ഇത്തരം ക്ളാസുകൾ എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും പരിശോധിക്കും.

പാർട്ടി ദുർബലമായ സംസ്ഥാനങ്ങളിൽ തിരികെവരാൻ എന്തെങ്കിലും തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നുണ്ടോ?

തീർച്ചയായും. ഈ പാർട്ടി കോൺഗ്രസ് അതൊക്കെ ചർച്ചചെയ്യും. കേരളത്തിൽ എങ്ങനെയാണ് സി.പി. എമ്മിന് തുടർഭരണം ലഭിച്ചത് ? കേരളത്തിലെപ്പോലെ മറ്റു സംസ്ഥാനങ്ങളിലും സംഘടനാശേഷി ശക്തിപ്പെടുത്തി അടിത്തറ കരുത്തുറ്റതാക്കാനുള്ള പുതിയ തന്ത്രങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. അതൊക്കെ വിശദമായി ചർച്ച ചെയ്ത് ആവശ്യമായത് ചെയ്യും. ബംഗാളിലും ത്രിപുരയിലും സംഭവിച്ച വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പാർട്ടി തിരിച്ചുവരും. അതിന്റെ ഭാഗമായി രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് പാർട്ടി നടപ്പാക്കാനുദ്ദേശിക്കുന്നത്. ഒന്ന് ബി.ജെ.പിക്കെതിരായ രാഷ്ട്രീയ അടവുനയം. രണ്ട്, പാർട്ടിയുടെ കരുത്ത് വളർത്താനാവശ്യമായ സംഘടനാപരമായ കാര്യങ്ങൾ.

ഭരണത്തുടർച്ച എന്ന കേരള മോഡൽ മറ്റ് സംസ്ഥാനങ്ങളിലും പരീക്ഷിക്കുമെന്നാണോ?

തീർച്ചയായും. പുതിയ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ സംഘടനയെ വളർത്തുക എന്നതുതന്നെയാണ് ലക്ഷ്യം. ഭരണത്തുടർച്ച, ഈ സർക്കാർ സ്വീകരിച്ചുവരുന്ന നയസമീപനങ്ങൾ എന്നിവ ദേശീയതലത്തിൽ തന്നെ ഇടതുരാഷ്ട്രീയത്തിന് ആത്മവിശ്വാസം പകരുന്നു. ഈ സാദ്ധ്യതകളൊക്കെ പ്രയോജനപ്പെടുത്തി പാർട്ടിയുടെ കരുത്ത് വളർത്താൻ ശ്രമിക്കും.

ബി.ജെ.പിക്കെതിരായ അടവുനയം എന്താണെന്ന് വ്യക്തമാക്കാമോ?

രാജ്യത്തെ പൊതുസ്ഥിതികൾ പരിശോധിച്ചാൽ മൂന്ന് പ്രവണതകൾ നമുക്ക് കാണാം. മോദി സർക്കാരിനെതിരായി രാജ്യത്ത് വർദ്ധിച്ചുവരുന്ന അസംതൃപ്തിയാണ് അതിലൊന്ന്. കർഷകരുടെയും തൊഴിലാളികളുടെയും സമരങ്ങൾ, പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങൾ എന്നിവയെല്ലാം കേന്ദ്ര ഭരണത്തിനെതിരെയുള്ള വലിയ മുന്നേറ്റങ്ങളാണ്. ബി.ജെ.പി ഭരണത്തിനെതിരെ വർദ്ധിച്ച തോതിൽ ജനങ്ങൾ മുന്നോട്ടുവരുന്നു എന്നത് പ്രതീക്ഷ നൽകുന്നു. രണ്ടാമത് വർദ്ധിക്കുന്ന വർഗസംഘർഷങ്ങളും സാമൂഹ്യ സംഘർഷങ്ങളുമാണ്. കോർപ്പറേറ്റുകൾക്കെതിരെ ധനിക കർഷകരടക്കമുള്ളവരാണ് തെരുവിലിറങ്ങിയത്. വൻകിട കുത്തകകൾക്ക് അനുഗുണമായി സർക്കാർ നീങ്ങുന്നതിന്റെ ഫലമായി ചെറുകിട കുത്തകകളും ജന്മിമാരും സർക്കാരിനെതിരെ തിരിയുന്നു. ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തുന്ന നടപടികളുടെ ഫലമായി കേന്ദ്ര, സംസ്ഥാന ബന്ധങ്ങളും വഷളായിട്ടുണ്ട്. ബി.ജെ.പിയും പ്രാദേശിക രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള സംഘർഷവും മൂർച്ഛിക്കുകയാണ്. മൂന്നാമത്തെ ഘടകം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമാണ്.

പുതിയ പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം എത്രമാത്രമുണ്ടാകും?

അതൊക്കെ ഞങ്ങൾ ഒരുമിച്ചിരുന്ന് 10 ന് തീരുമാനിക്കും. അതുവരെ മാദ്ധ്യമങ്ങൾക്ക് പലരുടെയും പേരുകൾ പ്രചരിപ്പിക്കാം. നാല് ദിവസം കൂടി കാത്തിരിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CPM, SRP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.