SignIn
Kerala Kaumudi Online
Saturday, 27 April 2024 12.16 AM IST

കർഷകസമരം മാതൃക: സംയുക്ത സമര വേദികൾക്ക് ഒരുങ്ങി സി.പി.എം

sitharam

കണ്ണൂർ: മുഖ്യശത്രുവായ ബി.ജെ.പിക്കെതിരെ സാദ്ധ്യമായ എല്ലാ സമരമാർഗങ്ങളും തുറക്കാനുള്ള രാഷ്ട്രീയ, സംഘടനാ ചർച്ചകൾക്കാകും നാളെ കണ്ണൂർ ബർണാശ്ശേരിയിലെ നായനാർ അക്കാഡമിയിൽ തുടക്കം കുറിക്കുന്ന സി.പി.എമ്മിന്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് വേദിയാവുക. അഖിലേന്ത്യാതലത്തിൽ സമീപകാലത്ത് വിജയം വരിച്ച കർഷകപ്രക്ഷോഭം മാതൃകയാക്കിയുള്ള സംയുക്ത സമരവേദികൾ തുറക്കുന്നതിലേക്ക് ചർച്ച കേന്ദ്രീകരിക്കപ്പെടുമെന്നാണ് സൂചനകൾ.

ഇടതുപക്ഷ ഐക്യം വളർത്തുന്നതിനൊപ്പം പാർട്ടിയുടെ സ്വതന്ത്രശക്തി വളർത്തിക്കൊണ്ടുവരുന്നതിനും മുൻഗണന നൽകും. ബഹുജന സംഘടനകളും സാമൂഹ്യപ്രസ്ഥാനങ്ങളുമടക്കം എല്ലാ ഇടതു ജനാധിപത്യ ശക്തികളെയും ഒന്നിച്ച് അണിചേർക്കുന്നതിനായി പാർട്ടി സ്ഥിരമായി പ്രവർത്തിക്കുമെന്നാണ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന കരട് രാഷ്ട്രീയപ്രമേയം വ്യക്തമാക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ വേദി, ഇടതുപക്ഷ ജനാധിപത്യ പരിപാടിയും ബദൽനയങ്ങളും കേന്ദ്രീകരിച്ചുള്ള സംയുക്ത പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും നടത്തണം.

ഫാസിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ബി.ജെ.പി അതിന്റെ ഹിന്ദുത്വ അജൻഡ അക്രമാസക്തമായി നടപ്പാക്കാൻ ശ്രമിക്കുകയും അത്യാവേശപൂർവം നവലിബറൽ പരിഷ്കാരങ്ങളുമായി മുന്നോട്ടു പോയി അമിതാധികാരം ശക്തിപ്പെടുത്തുകയുമാണെന്നാണ് സി.പി.എം പറയുന്നത്. കർഷക, തൊഴിലാളി സമരങ്ങളുടെയും പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ രാജ്യത്ത് വളർന്നുവരുന്ന സമര ഐക്യത്തെ ശക്തിപ്പെടുത്തി ബി.ജെ.പിയെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയസമീപനം പാർട്ടി കോൺഗ്രസ് കൈക്കൊള്ളും.

കർഷകസമരം പോലെ യാദൃച്ഛികമായി പൊട്ടിപ്പുറപ്പെടുന്ന സമരങ്ങളിലെല്ലാം പാർട്ടി സജീവമായി ഇടപെടുകയും ശക്തിപ്പെടുത്താൻ പ്രയത്നിക്കുകയും വേണം. ഹിന്ദുത്വ ശക്തികളെ നേരിടാൻ അതിൽ ആകുലതയുള്ള പൗരന്മാരെയും സംഘടനകളെയും സാമൂഹ്യപ്രസ്ഥാനങ്ങളെയുമടക്കം അണിനിരത്തി മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിപുലമായ ഐക്യം രൂപപ്പെടുത്തണം.

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നടന്ന കർഷകസമരം, ധനിക കർഷകവിഭാഗങ്ങളടക്കം അണിചേർന്നതായതിനാൽ അതൊരു പുതിയ വർഗസംഘർഷത്തിന്റെ പാത തുറന്നിട്ടുവെന്ന് സി.പി.എം കാണുന്നു.

ബി.ജെ.പിയോടുള്ള സമീപനത്തിൽ പാർലമെന്റിലടക്കം ചാഞ്ചാട്ടസ്വഭാവം കാട്ടുകയും നിഷ്പക്ഷരാവുകയും ചെയ്യുന്ന ചില പ്രാദേശികകക്ഷികൾ, അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ കാട്ടുന്ന പരമാധികാര നീക്കം കാരണം പ്രതിപക്ഷനിരയിലേക്കു മാറുന്നതായി സി.പി.എം വിലയിരുത്തുന്നു. ഈ സാദ്ധ്യത ഉപയോഗപ്പെടുത്തണം.

കോൺഗ്രസിന്

ശേഷിയില്ല

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിന്തുടരുന്നത് നവ ലിബറൽനയങ്ങൾ. കോൺഗ്രസിന്റെ രാഷ്ട്രീയസ്വാധീനവും സംഘടനാശേഷിയും ക്ഷയിച്ചുകൊണ്ടിരിക്കുന്നു. പല സംസ്ഥാനങ്ങളിലെയും നിരവധി നേതാക്കൾ ബി.ജെ.പിയിലേക്ക് കൂറുമാറുന്നതിനാൽ തുടർച്ചയായി പ്രതിസന്ധികളിൽ മുങ്ങി. മതനിരപേക്ഷമാണെന്ന് പ്രഖ്യാപിക്കുന്നെങ്കിലും ഹിന്ദുത്വകക്ഷികൾക്ക് ആശയപരമായ വെല്ലുവിളിയുയർത്താനാവുന്നില്ല. പലപ്പോഴും അനുരഞ്ജനസമീപനം. ദുർബലമായ കോൺഗ്രസിന് എല്ലാ മതനിരപേക്ഷ പ്രതിപക്ഷപാർട്ടികളെയും അണിനിരത്താനാവുന്നില്ല- സി.പി.എം വ്യക്തമാക്കുന്നു.

തുടർഭരണമേറിയ കേരളത്തിലെ പിണറായിവിജയൻ സർക്കാരിനെ ജനകേന്ദ്രീകൃത ബദൽനയങ്ങൾക്ക് മാതൃകയായാണ് സി.പി.എം ഉയർത്തിക്കാട്ടുന്നത്. കേരളത്തിലെ ഇടതുസർക്കാരിന്റെ മാതൃക ദേശീയമായി ഉയർത്തിക്കാട്ടുന്നതാകും കണ്ണൂർ പാർട്ടി കോൺഗ്രസ്.

ഒന്നുമുതൽ ആറുവരെ പാർട്ടി കോൺഗ്രസ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലേബലിലാണ് നടന്നത്. 1964ൽ പിളർപ്പിന് ശേഷം ഏഴാം പാർട്ടി കോൺഗ്രസ് മുതലാണ് സി.പി.എമ്മിന്റെ ലേബലിൽ നടക്കുന്നത്.

1. 1943 മേയ് 23, ബോംബെ

2. 1948 ഫെബ്രുവരി, കൽക്കത്ത

3. 1953 ഡിസംബർ, മധുര

4. 1956 ഏപ്രിൽ, പാലക്കാട്

5. 1958 ഏപ്രിൽ, അമൃത്‌സർ

6. 1961 ഏപ്രിൽ, വിജയവാഡ

7. 1964 ഒക്ടോബർ, കൊൽക്കത്ത (കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സി.പി.എം രൂപം കൊണ്ടു. സി.പി.ഐ വിഭാഗം ആ ഡിസംബറിൽ ബോംബെയിൽ പാർട്ടി കോൺഗ്രസ് നടത്തി)

സി.പി.എം പാർട്ടി കോൺഗ്രസുകൾ

8- 1968 ഡിസംബർ, കൊച്ചി

9- 1972 ജൂൺ, മധുര

10- 1978 ഏപ്രിൽ, ജലന്ധർ

11- 1982 ജനുവരി, വിജയ്‌വാഡ

12- 1985 ഡിംസബർ, കൽക്കത്ത

13- 1988 ഡിസംബർ, തിരുവനന്തപുരം

14- 1992 ജനുവരി, മദ്രാസ്

15- 1995 ഏപ്രിൽ, ചണ്ഡിഗഢ്

16- 1998 ഒക്ടോബർ, കൽക്കത്ത

17- 2002 മാർച്ച് ഹൈദരാബാദ്

18- 2005 ഏപ്രിൽ, ന്യൂഡൽഹി

19- 2008 ഏപ്രിൽ, കോയമ്പത്തൂർ

20- 2012 ഏപ്രിൽ, കോഴിക്കോട്

21- 2015 ഏപ്രിൽ, വിശാഖപട്ടണം

22- 2018 ഏപ്രിൽ, ഹൈദരാബാദ്

23- 2022 ഏപ്രിൽ, കണ്ണൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.