പോത്തൻകോട്: കണിയാപുരത്ത് പെട്രോൾ പമ്പിൽ ആക്രമണം നടത്തി ജീവനക്കാരനെ വെട്ടിയ സംഭവത്തിൽ ഒരാൾ മംഗലപുരം പൊലീസിന്റെ പിടിയിലായി. ബൈക്കോടിച്ചിരുന്ന പള്ളിപ്പുറം പായ്ച്ചിറ സ്വദേശി ഷഫീഖ് (26) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 18നാണ് കണിയാപുരത്തെ ഇന്ത്യൻ ഓയിൽ പമ്പിൽ ക്യൂ തെറ്റിച്ച് പെട്രോൾ അടിച്ച് നൽകാത്തതിന് ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയത്. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ പമ്പിലെ ജീവനക്കാരനായ കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിന് (19) പരിക്കേറ്റിരുന്നു. സംഭവം നടക്കുമ്പോൾ നിരവധി വാഹനങ്ങൾ ഇന്ധനം നിറയ്ക്കാനായി പമ്പിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ക്യൂവിൽ നിൽക്കാൻ ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കാതെ പ്രകോപിതരായി ആക്രമണത്തിന് മുതിരുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന യുവാവാണ് ചാടിയിറങ്ങി ആക്രമണം നടത്തിയത്. ലഹരി സംഘത്തിലുള്ളവരാണ് അക്രമികളെന്ന വിവരം മനസിലാക്കിയ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് ഒളിവിലായിരുന്ന ഷഫീഖ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കോട്ടയം രാമപുരം സ്വദേശി അമൽ വിനോദ് പിടിയിലാകാനുണ്ട്. അമൽ വിനോദാണ് ബൈക്കിൽ നിന്നിറങ്ങി ജീവനക്കാരനെ വെട്ടിയത്. ഇരുവരുടെയും പേരിൽ വിവിധ സ്റ്റേഷനുകളിലായി കേസുകൾ നിലവിലുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.