ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ മഹാനാക്കി കൊണ്ടും ഗാന്ധിയെ അവഹേളിച്ച് കൊണ്ടും ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ നടത്തുന്ന വിദ്വേഷ പ്രചാരണം തുടരുന്നു. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്നും മറിച്ച് പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നും ബി.ജെ.പി വക്താവ് അനിൽ സൗമിത്ര നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെ മഹാനാണെന്ന് ഇദ്ദേഹം പറഞ്ഞതായും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഗോഡ്‌സെയെ അനുകൂലിച്ച് രംഗത്ത് വന്ന കേന്ദ്രമന്ത്രി ആനന്ത് കുമാർ ഹെഗ്ഡേയും ബി.ജെ.പി എം.പി നളിൻ കുമാർ പാട്ടീലും സംഗതി വിവാദമായതോടെ പ്രസ്‌താവന പിൻവലിച്ച് തടിയൂരി. തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അവകാശപ്പെട്ട ഹെഗ്ഡേ ഗോഡ്സെ അനുകൂല പരാമർശങ്ങളിൽ തനിക്ക് ഖേദമുണ്ടെന്നും അറിയിച്ചു. തന്റെ പേരിൽ പ്രചരിച്ച പരാമർശങ്ങളിൽ മാപ്പ് പറയുന്നതായും അദ്ദേഹം അറിയിച്ചു. ഇതിന് പിന്നാലെ വിവാദ ട്വീറ്റ് അദ്ദേഹം പിൻവലിക്കുകയും ചെയ്‌തു. ഗാന്ധിജിയുടെ കൊലപാതകത്തെ തങ്ങൾ അപലപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗോഡ്‌സെ അനുകൂല പരാമർശം നടത്തിയ നളിൻ കുമാർ പട്ടീലും തന്റെ ട്വീറ്റ് പിൻവലിച്ച് മാപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ ഗോഡ്‌സെ അനുകൂല പരാമർശങ്ങൾ നടത്തിയ പാർട്ടി നേതാക്കളെ തള്ളി ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി. നേതാക്കളുടെ പരാമർശങ്ങളിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. ആരോപണ വിധേയരായ നേതാക്കൾ തങ്ങളുടെ പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണം. പരാമർശങ്ങൾ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |