തിരുവനന്തപുരം: പ്ളസ് ടു പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് നാളെ പുനരാരംഭിക്കും. എല്ലാ അധ്യാപകരും മൂല്യനിർണയ ക്യാംപിൽ എത്തണമെന്നും പ്രായോഗിക പരീക്ഷകൾ പുനരാരംഭിക്കാനുള്ള നടപടികൾ ജില്ലാ മേധാവികൾ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.
കെമിസ്ട്രി മൂല്യനിർണയത്തിനുള്ള പുതുക്കിയ ഉത്തരസൂചിക വിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. പുതുക്കിയ ഉത്തരസൂചിക അനുസരിച്ച് മാത്രമേ കെമിസ്ട്രിയുടെ മൂല്യനിർണയം നടത്താവൂയെന്നും മുമ്പ് മൂല്യനിർണയം നടത്തിയ കെമിസ്ട്രി ഉത്തരക്കടലാസുകളുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് വിശദമായ സർക്കുലർ പുറത്തിറക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കെമിസ്ട്രി ചോദ്യക്കടലാസ് വിഷമം പിടിച്ചതായിരുന്നെന്നും അക്ഷരത്തെറ്റ് ഉണ്ടായിരുന്നെന്നും ഉത്തരസൂചികയിൽ പോലും പ്രശ്നങ്ങളുണ്ടായിരുന്നതായും ഒരു വിഭാഗം അദ്ധ്യാപകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതുടർന്ന് കെമിസ്ട്രിയുടെ ഉത്തരസൂചിക പരിശോധിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയമിച്ചിരുന്നു.
ഉത്തരസൂചികയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ മൂല്യനിർണയം നടത്തില്ലെന്ന് അദ്ധ്യാപകർ നിലപാടെടുത്തിരുന്നു. തുടർച്ചയായി മൂന്നു ദിവസം പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയ ക്യാംപ് അധ്യാപകർ ബഹിഷ്കരിച്ചിരുന്നു. തുടർന്ന്, ഉത്തരസൂചിക അന്തിമമാക്കാൻ നിയോഗിച്ച 12 അദ്ധ്യാപകർക്ക് സർക്കാർ മെമ്മോ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |