ഓരോ ഇന്ത്യക്കാർക്കും പ്രിയപ്പെട്ടതാണ് വാഹനവ്യവസായ രംഗത്ത് ടാറ്റ എന്ന പേര്. ജനങ്ങളുടെ മനസറിഞ്ഞ് അവർക്ക് വേണ്ടത് നൽകുമ്പോഴാണ് ഓരോ ബിസിനസും ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെ നിരവധി മോഡൽ വാഹനങ്ങൾ ടാറ്റ ഇന്ത്യയ്‌ക്കായി നൽകി. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതാണ് സാധാരണക്കാരന് വേണ്ടിയുളള ഒരു ലക്ഷം രൂപയുടെ കാർ എന്ന പേരിലിറങ്ങിയ നാനോ. ഇപ്പോൾ മാർക്കറ്റിൽ നിന്ന് പിൻവാങ്ങിയെങ്കിലും നാനോ പുറത്തിറങ്ങിയ സമയത്ത് നേടിയ ജനപ്രീതി വളരെ വലുതായിരുന്നു.
ഇപ്പോഴിതാ എന്തുകൊണ്ട് നാനോ താൻ നിരത്തിലിറക്കി എന്ന് വ്യക്തമാക്കുകയാണ് രത്തൻ ടാറ്റ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ. ഇന്ത്യയിലെ കുടുംബങ്ങൾക്ക് രാജ്യത്തെ റോഡിലൂടെയുളള യാത്ര എങ്ങനെ സുരക്ഷിതമാക്കാം എന്ന ചിന്തയാണ് നാനോയുടെ കണ്ടെത്തലിന് ആധാരം.
ഇന്ത്യയിലെ തകർന്ന റോഡുകളിലൂടെ അച്ഛനും അമ്മയ്‌ക്കുമിടയിൽ ഞെങ്ങി ഞെരുങ്ങി ഇരുചക്രവാഹനത്തിൽ ഇരുന്ന് കുട്ടികൾ യാത്ര ചെയ്യുന്നത് കണ്ടതോടെയാണ് ഇത്തരത്തിലല്ലാതെ അപകട രഹിതമായി യാത്ര ചെയ്യാവുന്ന ഇരുചക്ര വാഹനത്തെക്കുറിച്ച് ആലോചിച്ചത്.നിരന്തരം ആലോചനയ്‌ക്ക് ശേഷം ഇതൊരു കാറായി രൂപാന്തരം പ്രാപിച്ചു. അത്തരത്തിൽ ഏത് സാധാരണക്കാരനും സ്വന്തമാക്കാവുന്ന നാനോ കാർ ടാറ്റ രൂപം നൽകി. 2008ൽ ഈ കണ്ടെത്തൽ നടത്തിയതിന്റെ കുറിപ്പിന് പിന്നാലെ ഇതിഹാസമെന്നും മാർഗദർശിയാണെന്നും സൂചിപ്പിച്ച് നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്‌റ്റിൽ കമന്റ് ചെയ്‌തത്.