തിരുവനന്തപുരം: ട്രെയിനിടിച്ച് റെയിൽവേ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. പരിക്കേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എങ്ങനെയാണ് സംഭവം നടന്നതെന്നതിനെക്കുറിച്ച് പൊലീസിനോ മറ്റ് അധികൃതർക്കോ വ്യക്തതയില്ല.
രാത്രിയിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത് മുതൽ നടന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഡയറക്ടർ രാജേഷ് ചന്ദ്രൻ പറഞ്ഞു.
ഇന്നലെ രാത്രി 7.45ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ കിള്ളിപ്പാലത്തെ ഷണ്ടിംഗ് യാർഡിന് സമീപമായിരുന്നു അപകടം. ട്രെയിനിനടിയിൽപ്പെട്ട് സീനിയർ സെക്ഷൻ എൻജിനിയർ റാംശങ്കറിന്റെ ( 47) വലതുകാൽ അറ്റുപോയി. റെയിൽവേ പാളത്തിൽ നിന്നാണ് റാംശങ്കറിന്റെ കാൽ കണ്ടെടുത്തത്. ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ‌്ക്ക് വിധേയനാക്കിയെങ്കിലും കാൽ തുന്നിച്ചേർക്കാനായില്ല. അപകടത്തിൽ അപ്രന്റിസ് മിഥുൻ കൃഷ്ണയ്ക്കും (25) പരിക്കേറ്റിരുന്നു.