SignIn
Kerala Kaumudi Online
Friday, 26 April 2024 3.40 PM IST

കൊള്ളിയാൻ മിന്നിക്കുന്ന ഉടൽ; ഇന്ദ്രൻസ് നായകനോ അതോ വില്ലനോ? റിവ്യൂ

udal

ത്രസിപ്പിക്കുന്ന നിമിഷങ്ങളും കണ്ണുനനയിക്കുന്ന രംഗങ്ങളും ഇടകലർന്ന് പ്രേക്ഷകരെ രണ്ട് മണിക്കൂർ മുൾമുനയിൽ നിർത്തുന്ന ത്രില്ലർ സിനിമ, അതാണ് നവാഗതനായ രതീഷ് രഘുനാഥൻ സംവിധാനം ചെയ്ത ഉടൽ. ഒരു കാലത്ത് ഹാസ്യതാരമെന്ന ലേബലിൽ ഒതുക്കപ്പെട്ടിരുന്ന ഇന്ദ്രൻസ് എന്ന നടന്റെ അഭിനയപാടവം പ്രേക്ഷകരിൽ എത്തിച്ച മറ്റൊരു സിനിമ കൂടി ഉടലിലൂടെ പിറവിയെടുത്തിരിക്കുന്നു. ഇരുപത് ദിവസം കൊണ്ട് ചിത്രീകരിച്ച ചിത്രമാണ് ഉടൽ എന്നത് അത്ഭുതപ്പെടുത്തും. ഇരുട്ടിന്റെ അകമ്പടിയോടെ ഹൊറർ മൂഡിലാണ് ചിത്രത്തിന്റെ ഒഴുക്ക്.

ന്യൂജെൻ സിനിമകളുടെ ചിത്രീകരണ രീതിയാണ് ഉടലിലും അവലംബിച്ചിരിക്കുന്നത്. കഥയ്ക്ക് ഒരു തുടക്കം നടുഭാഗം ഒടുക്കം എന്നിങ്ങനെയില്ലാതെ ആദ്യം മുതൽ തന്നെ പ്രേക്ഷകരെ കഥയ്ക്കുള്ളിലേക്ക് എത്തിക്കുന്ന ന്യൂജൻ രീതിയാണ് ഉടലിലും കാണാൻ കഴിയുക. അവസാനം എന്തെന്നതും കാണികൾക്ക് ഏറെക്കുറേ മനസിലാക്കാൻ സാധിക്കും. എന്നാൽ ഇതിനിടയിൽ സംഭവിക്കുന്ന ഉദ്വേഗ നിമിഷങ്ങളായിരിക്കും കാണികളെ പിടിച്ചിരുത്തുക.

udal-

എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൽ വയലൻസ് ഏറെയുണ്ട്. ഒട്ടും ഒഴിച്ചുകൂടാനാവാത്ത കഥയുടെ ആത്മാവ് എന്നുതന്നെ ഈ രംഗങ്ങളെ പറയാം. മനുഷ്യന്റെ വികാരങ്ങളാണ് കഥയുടെ ഉള്ള്. കാമവും അമർഷവും രോഷവും നിസഹായതയുമെല്ലാം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി തന്നെ എത്തുന്നു. നിലനിൽപ്പിനും ജീവനും വേണ്ടിയുള്ള പോരാട്ടമാണ് ഉടൽ. പോരാളികളെ നമുക്കറിയാം. യുദ്ധത്തിൽ ആര് ജയിക്കുമെന്ന് മാത്രം അറിഞ്ഞാൽ മതിയാകും. ജയമാർക്കെന്നത് ചിലർക്കെങ്കിലും ഊഹിക്കാൻ സാധിക്കുമെങ്കിലും കഥ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നതിനാൽ ക്ളൈമാക്‌സ് പ്രവചിക്കാൻ ചിലർക്കെങ്കിലും സാധിക്കാതെ വരും.

അഞ്ഞൂറിലേറെ സിനിമകളിലൂടെ ഉരഞ്ഞുപാകമായി വന്ന വജ്രമാണ് നടൻ ഇന്ദ്രൻസെന്ന സംവിധായകൻ രതീഷ് രഘുനാഥന്റെ വാക്കുകളെ അന്വർത്ഥ മാക്കുന്ന അഭിനയമാണ് ഉടലിൽ ഇന്ദ്രൻസ് കാഴ്ചവച്ചിരിക്കുന്നത്. ട്രെയിലർ കണ്ട് താരത്തിന്റെ കഥാപാത്രം എന്തായിരിക്കുമെന്ന് പ്രവചിച്ചവർക്ക് തെറ്റി. ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ആക്ഷനും ഇമോഷനും ഇടകലർന്ന് വില്ലനെന്നും നായകനെന്നുമുള്ള ഇമേജ് തോന്നിപ്പിക്കുന്ന കുട്ടിച്ചായനെന്ന കഥാപാത്രമായാണ് ഇന്ദ്രൻസ് എത്തുന്നത്. സ്നേഹവാനായ ഭർത്താവും അച്ഛനുമായ കുട്ടിച്ചായൻ വില്ലനായി മാറുന്നതാണ് ഉടലിന്റെ ഉടൽ എന്ന് പറയാം. ശാരീരിക ക്ഷമതയെയും പ്രായത്തെയും വെല്ലുന്ന പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്.

udal-

വളരെ ശക്തമായ, വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രത്തെ ദുർഗ കൃഷ്ണ അതിമനോഹരമായി അവതരിപ്പിച്ചു. ഇന്ദ്രൻസിന്റെ തോളൊപ്പം എത്തിനിൽക്കാവുന്ന പ്രകടനമാണ് ഷൈനി എന്ന കഥാപാത്രമായി എത്തിയ ദുർഗ അവതരിപ്പിച്ചിരിക്കുന്നത്. . ശക്തമായ കഥാപാത്രം ആദ്യമായി ലഭിച്ചതിന്റെ ചെറിയ പിശകുകൾ ചില ഭാഗങ്ങളിൽ ചിലപ്പോൾ പ്രകടമായേക്കാം.

ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെ മൂന്നാമത്തെ പ്രധാന കഥാപാത്രം. പ്രേക്ഷകർ കൂടുതലും കണ്ട ഹാസ്യവേഷങ്ങളിൽ നിന്നും വ്യത്യസ്തമായി വേറിട്ടൊരു പ്രകടനമാണ് കിരൺ എന്ന കഥാപാത്രമായി ധ്യാൻ കാഴ്ച വച്ചിരിക്കുന്നത്. ധ്യാനും ദുർഗയും തമ്മിലുള്ള ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ ഇതിനോടകം തന്നെ ഏറെ ചർച്ചയായിരുന്നു.

udal

ഒരു പ്രശ്നം ഉണ്ടാകുന്നു അതിന്റെ കാരണത്തിലേക്ക് നായകൻ എത്തുന്നു അല്ലെങ്കിൽ കാരണക്കാരനിലേക്ക് നായകൻ എത്തിച്ചേർന്ന് ചുരുളഴിക്കുന്നു എന്ന ത്രില്ലർ സ്വഭാവമല്ല ഉടലിനുള്ളത്. ഇനി എന്തു നടക്കുന്നു എന്നുമാത്രം ചിന്തിക്കാനുള്ള അവസരം മാത്രമാണ് ഉടൽ നൽകുക. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ആഖ്യാന രീതി എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നു വരില്ല.

ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കിയത്. ശ്രീഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന് ത്രില്ലർ സ്വഭാവം നൽകുന്നതിൽ പശ്ചാത്തല സംഗീതം പ്രധാന പങ്കുവഹിക്കുന്നു. . വില്ല്യം ഫ്രാൻസിസ് ആണ് ഉടലിൽ സംഗീതം നിർവഹിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDAL MOVIE, MOVIE, REVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.