കോഴിക്കോട് (നാദാപുരം): കല്ലാച്ചി ചിയ്യൂരിൽ ചെമ്മീൻകറി കഴിച്ച് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കരിമ്പാലംകണ്ടി മൊയ്തുവിന്റെ ഭാര്യ സുലൈഹയാണ് (46) മരിച്ചത്. ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണം.
ഈ മാസം 17നാണ് കല്ലാച്ചി മീൻ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചെമ്മീൻ കറിവച്ച് വീട്ടുകാർ കഴിച്ചത്. രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ട സുലൈഹയെ കല്ലാച്ചിയിലെയും വടകരയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.
എട്ടിലധികം അംഗങ്ങളുള്ള സുലൈഹയുടെ വീട്ടിൽ ഇതേ കറി കഴിച്ച ഭർത്താവിനും ഇളയ മകനും വയറിൽ അസ്വസ്ഥത ഉണ്ടായെങ്കിലും ചികിത്സ തേടിയിരുന്നില്ല. സുലൈഹ പ്രമേഹരോഗിയാണെന്ന് ബന്ധുക്കൾ പറഞ്ഞു. നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കി. മക്കൾ: സുഹൈൽ, ഫായിസ്, നജില, റംസിയ. മരുമക്കൾ: ഷറഫ,സമീർ (കുമ്മങ്കോട്). സഹോദരങ്ങൾ: അബുബക്കർ, ആയിഷ, ഷരീഫ, സക്കീന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |