SignIn
Kerala Kaumudi Online
Wednesday, 09 July 2025 3.49 PM IST

ഇക്കാര്യത്തിൽ അതിവിദഗ്ദ്ധൻ, പെൻഷൻ പറ്റിയ എസ് ഐയെ മൂന്ന് ലക്ഷം രൂപ മാസശമ്പളത്തിന് ഷൈബിൻ നിയമിച്ചത് ചിലതെല്ലാം മുന്നിൽ കണ്ട്

Increase Font Size Decrease Font Size Print Page
murder-case

ഒറ്റമൂലിക്ക് വേണ്ടി നാട്ടുവൈദ്യനെ ഒരുവർഷത്തിലധികം ഇരുട്ടുമുറിയിൽ ചങ്ങലയിൽ ബന്ധിപ്പിച്ച് അതിക്രൂരമായി പീഡിപ്പിക്കുക. നെഞ്ചിനേറ്റ ചവിട്ടിൽ പിടഞ്ഞുമരിച്ച ആ മനുഷ്യന്റെ മൃതദേഹം ചെറുകഷ്ണങ്ങളാക്കി പുഴയിൽ തള്ളുക. തൊട്ടടുത്ത ദിവസം മുഖ്യപ്രതി മകന്റെ ജന്മദിനാഘോഷം കെങ്കേമമായി നടത്തുക. ക്രൈംത്രില്ലർ സിനിമകളെ പോലും വെല്ലുന്ന രംഗങ്ങളായിരുന്നു നിലമ്പൂർ മുക്കട്ടയിലെ ആഡംബരവീട്ടിൽ അരങ്ങേറിയത്. കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് അടക്കം നാല് പ്രതികൾ പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട വൈദ്യൻ ഷാബ ശരീഫിന്റെ മൃതദേഹം കണ്ടുകിട്ടുക ശ്രമകരമായതിനാൽ പരമാവധി ശാസ്ത്രീയ, ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിനായി കിണഞ്ഞു പരിശ്രമിക്കുമ്പോഴും ആരോപണമുന നീണ്ട ഒരാളിലേക്ക് പൊലീസ് ഇതുവരെ എത്തിയിട്ടില്ല.

മുഖ്യപ്രതിയും പ്രവാസി വ്യവസായിയുമായ ഷൈബിന്റെ ഉപദേഷ്ടാവ് സംസ്ഥാന പൊലീസ് സേനയിൽ നിന്നും വിരമിച്ച ഒരു എസ്.ഐയാണെന്ന വിവരം പരസ്യമായിട്ടുണ്ട്. മൂന്നുലക്ഷം രൂപ മാസശമ്പളത്തിലാണ് എസ്.ഐയുടെ നിയമനമത്രേ. ഇത്രയും ഉയർന്ന ശമ്പളം നൽകി ഷൈബിൻ ഒരാളെ നിയമിച്ചത് ചിലതെല്ലാം മുന്നിൽകണ്ടാവുമെന്ന് വ്യക്തം. റിട്ടയർ എസ്.ഐ ആവട്ടെ കേസ് എഴുതുന്നതിൽ അതിവിദഗ്ദനും. ഒരു പഴുത് പോലുമില്ലാതെ കേസ് എഴുതാൻ അറിയാമെന്ന് പൊലീസ് സേനയിലുള്ളവർ തന്നെ പറയുന്നു. ഷൈബിന്റെ കുടില ബുദ്ധിക്ക് പിന്നിൽ ഇയാളുടെ ഉപദേശമുണ്ടോ എന്ന് അറിയാൻ പൊലീസ് കാര്യമായ ശ്രമിച്ചിട്ടില്ല. പൊലീസുകാരനായിരുന്നത് കൊണ്ടാണോ ഈ ഇളവ് എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഷൈബിന്റെ ക്രൂരതകളുടെ ആഴം അറിഞ്ഞാൽ മനഃസാക്ഷിയുള്ള ഒരാൾക്കും പൊലീസിന്റെ ചെറുവീഴ്ച പോലും ക്ഷമിക്കാനാവില്ല.


ഷൈബിൻ എന്ന കൊടുംക്രൂരൻ

ഓട്ടോ ഡ്രൈവറിൽ നിന്നും കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു 300 കോടിയോളം രൂപ ആസ്തിയിലേക്ക് ഷൈബിന്റെ വളർച്ച. പ്ലസ്ടു സർട്ടിഫിക്കറ്റുമായി യു.എ.ഇയിലെത്തിയ ഷൈബിൻ യു.എ.ഇ പൗരനുമായി ചേർന്ന് ഇന്ധന വിൽപ്പന തുടങ്ങി. വലിയ കമ്പനികളുടെ സൈറ്റുകളിൽ ഇന്ധനം എത്തിക്കുന്നതാണ് ബിസിനസ്. 10,000 ഗാലൻ ഇന്ധനം നൽകേണ്ടിടത്ത് 8,000 മാത്രം നൽകും. ഇന്ധനത്തിന്റെ അളവിൽ ഈ തട്ടിപ്പ് നടത്തിയാണ് ഷൈബിൻ പെട്ടെന്ന് സമ്പന്നനായത്. പിന്നാലെ ഇന്ധന ബിസിനസിൽ പങ്കാളിയായി കോഴിക്കോട് മുക്കം സ്വദേശി ഹാരിസിനെയും കൂടെക്കൂട്ടി. ഹാരിസും ഷൈബിനും കുടുംബസമേതം ഒരേ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. ഇതിനിടെ ഹാരിസിന്റെ ഭാര്യയുമായി ഷൈബിൻ അടുത്തെന്നും ഇരുവരും തമ്മിലെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയെന്നും ഹാരിസിന്റെ ബന്ധുക്കൾ പറയുന്നു. ഇക്കാലത്താണ് വൃക്കരോഗം ബാധിച്ച ഷൈബിന്റെ വൃക്ക മാറ്റിവയ്‌ക്കേണ്ടി വന്നത്. കോയമ്പത്തൂരിലുള്ള സഹോദരി വൃക്ക നൽകി. അതിനുശേഷം യു.എ.ഇയിൽ തിരിച്ചെത്തിയതോടെ ഹാരിസുമായി സാമ്പത്തികത്തർക്കം ഉയർന്നു. ഹാരിസ് കണക്കിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചായിരുന്നു ഇരുവരും തമ്മിൽ തെറ്റിയത്. ക്വട്ടേഷൻ ടീമുകളുടെ സഹായത്തോടെ ഇരുകൂട്ടരും കൊമ്പുകോർത്തു. ഇതിനിടെ ഹാരിസ് വിവരമറിയിച്ചതിനെ തുടർന്ന് ഷൈബിനെ ലഹരിയുമായി യു.എ.ഇ പൊലീസ് പിടികൂടി.

മാസങ്ങളോളം ജയിലിലായിരുന്നു ഷൈബിനെ പിന്നീട് നാടുകടത്തി. യു.എ.ഇയിലേക്ക് യാത്രാവിലക്കും വന്നു. തന്റെ ബിസിനസ് സാമ്രാജ്യത്തേക്ക് പോവാൻ കഴിയാതെ ഷൈബിൻ നാട്ടിൽ കുടുങ്ങി. പ്രശ്നങ്ങൾ രൂക്ഷമായതോടെ ഇരുവരുടെയും ഭാര്യമാർ പിണങ്ങി നാട്ടിലേക്കും പോന്നിരുന്നു. പക ഇരട്ടിച്ച ഷൈബിൻ ഹാരിസിനെ വകവരുത്താൻ പദ്ധതികൾ തയ്യാറാക്കി. ഒരു ക്വട്ടേഷൻ സംഘത്തിന് 40 ലക്ഷം രൂപ നൽകിയെങ്കിലും അവർ ഷൈബിനെ പറ്റിച്ചു. പിന്നീടാണ് അബുദാബിയിൽ വച്ച് കൊല്ലുകയെന്ന തീരുമാനത്തിലേക്കെത്തിയത്. തന്റെ ബന്ധുക്കൾ ഉൾപ്പെട്ട ഗുണ്ടാസംഘത്തെ ഇതിനായി നിയോഗിച്ചു. ഇതിന് മുമ്പ് കൃത്യമായ പദ്ധതിരേഖ തന്നെ ഷൈബിൻ തയ്യാറാക്കി. കൊലപാതകത്തിനായി 45 പേജുകളടങ്ങിയ ബ്ലൂപ്രിന്റും തയ്യാറാക്കി. ആത്മഹത്യയെന്നു തോന്നിപ്പിക്കുന്ന തരത്തിൽ എങ്ങനെ കൊലപ്പെടുത്താമെന്നതാണ് ബ്ലൂ പ്രിന്റ് വിശദീകരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപേ കൊലയാളികളെ അബുദാബിയിലെത്തിച്ചു. ഹാരിസിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. ഓരോ കൊലയാളിക്കും ചുമതലകൾ വീതിച്ചുനൽകി. ചെറിയ കാര്യങ്ങൾ പോലും വീഴ്ച വരാതിരിക്കാൽ ഓരോ െ്രസ്രപ്പും വ്യക്തമായി ബ്ലൂപ്രിന്റിൽ രേഖപ്പെടുത്തിയിരുന്നു.

ആരുടേതാണ് ഈ ബുദ്ധി ?

ഹാരിസിന്റെ കൊലപാതകം ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ഹാരിസിനൊപ്പം മാനേജറായിരുന്ന എറണാകുളം സ്വദേശിനിയെ കൂടി കൊലപ്പെടുത്താനായിരുന്നു ഷൈബിന്റെ പദ്ധതി. ഹാരിസ് യുവതിയെ കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്‌തെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി ഷൈബിൻ തയ്യാറാക്കിയ ബ്ലൂപ്രിന്റ് പ്രൊഫഷണൽ കൊലപാതകികളെ പോലും വെല്ലുന്നതാണ്. ഇവിടെയാണ് പുറത്തുനിന്നുള്ള ബുദ്ധി ഇടപെട്ടിട്ടുണ്ടോ എന്ന സംശയം. അബുദാബി പൊലീസിന് യാതൊരു സംശയങ്ങളുമില്ലാത്ത വിധം കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാൻ കഴിഞ്ഞതിന് പിന്നിലും ഈ ബുദ്ധിയാവാനാണ് സാദ്ധ്യത എന്നാണ് വിലയിരുത്തൽ.

എങ്ങനെയും പ്രതികാരം തീർക്കും

ഷൈബിന് ഒരാളോട് പ്രതികാരം തോന്നാൻ വലിയ കാര്യങ്ങളൊന്നും വേണ്ട. വടംവലിയിൽ തന്റെ ടീമിനെ തോൽപ്പിച്ചയാളെ പിടിച്ചുകൊണ്ടുപോയി ദിവസങ്ങളോളം ബന്ധിയാക്കി ക്രൂരമായി പീഡിപ്പിച്ചു. ഇയാൾ പൊലീസിൽ പരാതി നൽകിയെങ്കിലും ഷൈബിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. പിന്നീട് ഇയാളെ കുളത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. തനിക്കെതിരെ നിൽക്കുന്നവരെ അതിക്രൂരമായാണ് ഷൈബിൻ നേരിട്ടിരുന്നത്. പ്രതിയെ ക്രൂരമായി പീഡിപ്പിക്കുകയും ഇതെല്ലാം നോക്കിനിന്ന് രസിക്കുകയും ചെയ്യുന്ന സൈക്കോ ക്രിമിനൽ കൂടിയാണ് ഷൈബിൻ. ഇയാൾക്കെതിരെ പല പരാതികളും ഉയർന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ ഷൈബിനെ ആദരിക്കുകയും ചെയ്തു. ഇതിന് വലിയൊരു തുക പ്രതിഫലമായി നേതാക്കൾക്ക് കൈമാറിയെന്നാണ് വിവരം. ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും മദ്യവും പണവും നൽകി വശത്താക്കിയ ശേഷം തന്റെ കാര്യങ്ങൾക്ക് ഉപയോഗിക്കുക എന്ന രീതിയാണ് ഷൈബിന്റേത്. പണമുണ്ടെങ്കിൽ അധികാരവും സ്വാധീനവും തന്റെ വഴിക്ക് വരുമെന്ന് ഷൈബിന് നന്നായിട്ട് അറിയാം. ഷൈബിന് ബുദ്ധി ഉപദേശിച്ചവരെയും ക്രൂരതകൾക്ക് രഹസ്യ പിന്തുണ നല്കിയവരെയും കൂടി ഉടൻ പുറത്തു കൊണ്ടുവരണം.

TAGS: CASE DIARY, SALARY, SI, POLICE, KERALA POLICE, MURDERS, POLICE INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.