കൊൽക്കത്ത: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കേറ്റ തോൽവിയ്‌ക്കെതിരെ കൽക്കത്ത ഹൈക്കോടതിയെ സമീപിച്ചപ്പോൾ തൃണമൂൽ നേതാവ് അലോ റാണി സർക്കാർ കരുതിക്കാണില്ല അതിത്ര പുകിലാകുമെന്ന്. 2000 വോട്ടിന് ബൊൻഗാവൊൻ സൗത്ത് അസംബ്ളി മണ്ഡലത്തിൽ ബിജെപിയുടെ സ്വപൻ മജൂംദാറോട് അലോ റാണി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സമർപ്പിച്ച രേഖകളനുസരിച്ച് അലോ റാണി ബംഗ്ളാദേശ് പൗരയാണെന്ന് കോടതി കണ്ടെത്തി.
ഇന്ത്യ ഇരട്ട പൗരത്വംഅംഗീകരിക്കാത്തതിനാൽ അലോ റാണിയുടെ ഹർജി തളളണമെന്നാണ് സ്വപൻ മജൂംദാറിന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടത്. ബംഗ്ളാദേശിലെ ബാരിസാലിലെ ഷെർ-ഇ-ബംഗ്ളാ മെഡിക്കൽ കോളേജിലെ പ്രൊഫസറാണ് അലോ റാണിയുടെ ഭർത്താവായിരുന്ന ഡോ. ഹരേന്ദ്ര നാഥ് സർക്കാർ. ഇതിന് തെളിവായി ബംഗ്ളാദേശ് അലോ റാണിയ്‌ക്ക് അനുവദിച്ച ദേശീയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ബിജെപി സ്ഥാനാർത്ഥി ഹാജരാക്കി.
തൃണമൂൽ നേതാവിന്റെ പൗരത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ബംഗ്ളാദേശിലെ വിവിധ വകുപ്പുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇതിൽ ഇവർ ബംഗ്ളാദേശ് പൗരത്വമുളളയാളാണെന്ന് വ്യക്തമായി. 1969ൽ ബംഗാളിലെ ഹൂഗ്ളിയിലാണ് അലോ റാണി ജനിച്ചത്. 1980ൽ ഹരേന്ദ്ര നാഥ് സർക്കാരിനെ വിവാഹം ചെയ്‌തു. തുടർന്ന് ബംഗ്ളാദേശ് പൗരത്വമെടുത്തു. എന്നാൽ വിവാഹ പ്രശ്‌നങ്ങളെ തുടർന്ന് ഹരേന്ദ്ര നാഥിനെ ഉപേക്ഷിച്ച അലോ റാണി ഇന്ത്യയിലെത്തിയെന്ന് അവരുടെ അഭിഭാഷകർ വ്യക്തമാക്കി. 2012ൽ ബംഗ്ളാദേശിലെ തിരഞ്ഞെടുപ്പ് കാർഡിൽ പേര് ചേർത്തത് അബദ്ധത്തിലാണെന്നും ഇവർ അറിയിച്ചു. 2020ൽ ധാക്കയിലെ ഇലക്ഷൻ സെക്രട്ടറിയേറ്റിൽ അംഗത്വം റദ്ദാക്കാൻ അപേക്ഷിച്ചെന്നും അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി.
അലോ റാണിയ്‌ക്ക് ഇന്ത്യയിലെ വോട്ടേഴ്‌സ് കാർഡും ആധാർ കാർഡും പാസ്‌പോർട്ടുമുണ്ടെങ്കിലും അതിൽ ഇന്ത്യൻ പൗരത്വം തെളിയിക്കപ്പെടുന്നില്ല. ഇന്ത്യയിലാണ് ജനിച്ചതെന്ന് അവകാശപ്പെടുന്നെങ്കിലും എതിർ സ്ഥാനാർത്ഥിക്കെതിരായ സമർപ്പിച്ച രേഖകളനുസരിച്ച് ഇവരുടെ മാതാപിതാക്കൾ ബംഗ്ളാദേശിലാണ് താമസിച്ചിരുന്നതെന്നും അമ്മാവൻ വഴിയാണ് അന്ന് ഹർജിക്കാരി ഇന്ത്യയിൽ വന്നതെന്നും വ്യക്തമായെന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് ബിബേക് ചൗധരി വ്യക്തമാക്കി. ബംഗ്ളാദേശ് പൗരത്വം റദ്ദാക്കിയതായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാലും ഇരട്ട പൗരത്വം ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാലും അലോ റാണിയ്‌ക്ക് ഇന്ത്യൻ പൗരത്വയായി സ്ഥാപിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ഇവർ അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് നാടു കടത്തൽ നടപടിയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകുമെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ തൃണമൂൽ നേതാക്കളാരും പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |