മഥുര: മഥുരയിലെ ഭക്ഷ്യ ഉത്പ്പാദന യൂണിറ്റ് വിപുലീകരിക്കാൻ 186 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി പെപ്സികോ ഇന്ത്യ. ഉത്തർപ്രദേശിലെ മഥുരയിലെ കോസി കലനിൽ 'ലെയ്സ്' ഉരുളകിഴങ്ങ് ചിപ്സ് ഉത്പാദിപ്പിക്കുന്ന പ്ലാന്റിന്റെ വിപുലീകരണത്തിനായാണ് പെപ്സികോ 186 കോടി രൂപ നിക്ഷേപിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ കൂടുതൽ ഉത്പാദനം നടത്താൻ കഴിയുന്ന രീതിയിലേക്ക് പ്ലാന്റ് മാറ്റുമെന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിലെ ഉത്പാദന യൂണിറ്റ് പെപ്സിക്കോയ്ക്ക് ഇന്ത്യയിൽ വലിയൊരു വിപണി തുറക്കാൻ സഹായകരമായെന്ന് പെപ്സികോ ഇന്ത്യയുടെ പ്രസിഡന്റ് അഹമ്മദ് എൽഷൈഖ് പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ കോസിയിൽ ഗ്രീൻഫീൽഡ് ഫുഡ്സ് പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. പ്ലാന്റിൽ അത്യാധുനിക സൗകര്യം പെപ്സികോ ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ ചിപ്സ് ബ്രാൻഡായ ലെയ്സിന് വേണ്ടി പ്രതിവർഷം ഏകദേശം 1,50,000 ടൺ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കാൻ ആണ് പെപ്സികോ ലക്ഷ്യമിടുന്നത്. കൂടാതെ, 5,000-ലധികം പ്രാദേശിക ഉരുളക്കിഴങ്ങ് കർഷകരെ ഉൾപ്പെടുത്തി പ്രത്യേക കാർഷിക സംയുക്ത പരിപാടിയും ലിസ്റ്റിൽ ഉണ്ട്. ഇതിലൂടെ പ്രാദേശിക കർഷകർക്ക് പുതിയ വിപണിയാണ് കണ്ടെത്താൻ കഴിയുക.1500-ലധികം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്ലാന്റ് ലക്ഷ്യമിടുന്നുണ്ട്. കൂടാതെ കുറഞ്ഞത് 30ശതമാനം സ്ത്രീ ജീവനക്കാരെ നിയമിക്കാൻ പ്രത്യേക പദ്ധതിയുണ്ടെന്നുമാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |