തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ എയർ കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണനെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ്
(ഡി.ആർ.ഐ) അറസ്റ്റ് ചെയ്‌തു. കള്ളക്കടത്ത് തടയാനുള്ള പ്രിവന്റീവ് യൂണിറ്റിന്റെ ഇൻചാർജായിരുന്നു ഇദ്ദേഹം. 70 കിലോഗ്രാം സ്വർണം കടത്താൻ ഒത്താശ ചെയ്‌തതിനാണ് രാധാകൃഷ്ണനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്‌തത്.
തിരുവനന്തപുരത്തെ ഇരുപതംഗ സംഘം സ്വർണക്കടത്ത് നടത്തിയപ്പോഴെല്ലാം രാധാകൃഷ്ണൻ അവരെ പരിശോധിക്കാതെ പുറത്തെത്തിച്ചെന്നും ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത് കേസിൽ ഇത്രയും ഉന്നതനായ ഉദ്യോഗസ്ഥൻ അറസ്റ്റിലാവുന്നത് ആദ്യമാണ്. തിരുവനന്തപുരത്തെ സെൻട്രൽ എക്‌സൈസ് കേഡർ ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ കസ്റ്റംസിലെ പതിനൊന്ന് സൂപ്രണ്ടുമാരിൽ മുതിർന്നയാളാണ്. ഉത്തരേന്ത്യക്കാരായ മൂന്ന് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ കൂടി അറസ്റ്റിലാവുമെന്നാണ് സൂചന.
സ്വർണം വാങ്ങിയിരുന്ന കിഴക്കേകോട്ടയിലെ ജുവലറിയിലെ അക്കൗണ്ടന്റ് മലപ്പുറം സ്വദേശി റാഷിദിനെ കൊച്ചിയിൽ ഡി.ആർ.ഐ അറസ്റ്റ് ചെയ്‌തു. ഇതോടെ കേസിൽ അറസ്റ്റിലായവർ അഞ്ചായി. സ്വർണക്കടത്തിന്റെ ആസൂത്രകൻ അഡ്വ. ബിജു, സ്വർണം വാങ്ങിയിരുന്ന കടയുടമ ഹക്കിം, ബിജുവിന്റെ കൂട്ടാളികളായ വിഷ്ണു, പ്രകാശൻ തമ്പി എന്നിവരെല്ലാം ഒളിവിലാണ്. ഇവർക്കെതിരെ ഡി.ആർ.ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്വർണക്കടത്ത് സംഘത്തിൽപ്പെട്ട വിഷ്ണുവുമായി രാധാകൃഷ്ണൻ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന് തെളിവു കണ്ടെത്തിയതാണ് നിർണായകമായത്. ഫോൺ വിവരങ്ങൾ സൂപ്രണ്ട് നശിപ്പിച്ചെങ്കിലും സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തിരുന്നു.
മേയ് 13നാണ് 25കിലോ സ്വർണവുമായി തിരുമല സ്വദേശി സുനിൽകുമാർ (45), കഴക്കൂട്ടം സ്വദേശി സെറീന (42) എന്നിവരെ ഡി.ആർ.ഐ അറസ്റ്റ് ചെയ്‌തത്. വിമാനത്താവളത്തിലെ സിസി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാധാകൃഷ്ണനാണ് ഇവർക്ക് ക്ലിയറൻസ് നൽകിയതെന്ന് കണ്ടെത്തിയത്. എക്‌സ്‌റേ മെഷീനിലൂടെ ബാഗ് കടന്നുപോയാലുടൻ സൂപ്രണ്ട് സ്ഥലംവിടും. സംശയമുനയിലുള്ള മൂന്ന് ഇൻസ്‌പെക്ടർമാരും ഈ സമയത്ത് ഡ്യൂട്ടിക്കുണ്ടാവും. രജിസ്റ്ററും ഡ്യൂട്ടി സമയവും പരിശോധിച്ചപ്പോൾ ഇതു ശരിയാണെന്ന് ബോധ്യമായി. കടത്തുകാർ വരുമ്പോൾ വിഷ്ണു വിവരം മുൻകൂട്ടി സൂപ്രണ്ടിനെ അറിയിക്കും. അപ്പോൾ ഡ്യൂട്ടിയിലുള്ളവരെ മാറ്റി രാധാകൃഷ്ണൻ നേരിട്ട് ബാഗുകൾ പരിശോധിച്ചെന്നും കണ്ടെത്തി. ബാഗേജ് എക്‌സ്‌റേ പരിശോധിച്ചതും ഇവർ നേരിട്ടായിരുന്നു. ഒരുതവണ എക്‌സ് റേ പരിശോധന നടത്തുകയായിരുന്ന കസ്റ്റംസ് ഇൻസ്‌പെക്ടറെ മാറ്റി, സൂപ്രണ്ട് കസേരയിലിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സെറീന പോയതിനു പിന്നാലെ സൂപ്രണ്ട് എഴുന്നേറ്റുപോയി അവർ വിമാനത്താവളത്തിന് പുറത്തേക്കു പോയെന്ന് ഉറപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എക്‌സ്‌റേ പരിശോധനയിലുള്ളവർ ഔദ്യോഗിക രജിസ്റ്ററിൽ ഒപ്പിടണമെങ്കിലും സൂപ്രണ്ടും ഇൻസ്‌പെക്ടർമാരും അത് ചെയ്‌തില്ല. സ്വർണം കടത്തിയതിലെ രാധാകൃഷ്ണന്റെ ഒത്താശ അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇതിൽ പകുതിയോളം അദ്ദേഹം സമ്മതിച്ചെന്നും ഡി.ആർ.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |