കേന്ദ്ര നാഡീവ്യൂഹം
മനുഷ്യമസ്തിഷ്കത്തിന്റെ ഭാരം ഏതാണ്ട് 1400 ഗ്രാം ആണ്. മസ്തിഷ്കവും സുഷുമ്നയും അവയെ ആവരണം ചെയ്തിരിക്കുന്ന സ്തരങ്ങളും ദ്രവങ്ങളും രക്തക്കുഴലുകളുമാണ് കേന്ദ്രനാഡീവ്യൂഹത്തിലുള്ളത്. പുരുഷനെ അപേക്ഷിച്ച്, സ്ത്രീയുടെ മസ്തിഷ്കത്തിൽ പതിനൊന്നുശതമാനം ന്യൂറോണുകൾ അധികമായുണ്ട്. മസ്തിഷ്കത്തെ ഘടനയനുസരിച്ച് മൂന്നു ഭാഗങ്ങളാണുള്ളത്; അഗ്രമസ്തിഷ്കം, മദ്ധ്യമസ്തിഷ്കം, പിൻമസ്തിഷ്കം. അവയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നോക്കാം നമുക്ക്.
അഗ്രമസ്തിഷ്കം
സെറിബ്രത്തെ പറയുന്നതാണ് അഗ്രമസ്തിഷ്കം. അഗ്രമസ്തിഷ്കത്തിന്റെ ബാഹ്യാവരണം കോർട്ടെക്സ് എന്നാണ് അറിയപ്പെടുന്നത്. ന്യൂറോണുകളുടെ കോശശരീരങ്ങൾ, അഥവാ സോമ ഇവിടെ പാളികളായി കാണപ്പെടുന്നു. ഇവയുടെ സാന്നിദ്ധ്യം കോർട്ടെക്സിന് ഒരു നേരിയ ചാരനിറം പ്രദാനം ചെയ്യുന്നു. അതിനാൽ ഈ ഭാഗത്തെ ചാരദ്രവ്യം (grey matter) എന്നാണറിയപ്പെടുന്നത്. മനുഷ്യന്റെ കോർട്ടെക്സിൽ ആറുപാളി ന്യൂറോണുകളാണുള്ളത്. കോർട്ടെക്സിന്റെ താഴെയുള്ള വെളുത്ത നിറമുള്ള മസ്തിഷ്കഭാഗമായ ശ്വേതദ്രവ്യം (white matter) നാഡീകോശതന്തുക്കളുണ്ട്.
മദ്ധ്യമസ്തിഷ്കം
മസ്തിഷ്കാർദ്ധ ഗോളങ്ങളെ താങ്ങിനിർത്തുന്ന തൂണുകൾ പോലെയുള്ള ഭാഗമാണിതെന്ന് ലളിതമായി പറയാം. സുഷുമ്നയിൽ നിന്നും മസ്തിഷ്കത്തിലേക്കും മസ്തിഷ്കത്തിൽ നിന്നും സുഷുമ്നയിലേക്കും വ്യാപിച്ചിരിക്കുന്ന നാഡീതന്തുക്കളാണ് ഇതിലെ പ്രധാനഘടകമെന്നറിയാമല്ലോ.
പിൻമസ്തിഷ്കം
സെറിബെല്ലം, മെഡുല ഒബ്ളേംഗേറ്റ എന്നിവയാണ് പിൻമസ്തിഷ്കത്തിലെ രണ്ടുപ്രധാനഭാഗങ്ങൾ. പിൻമസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗമായ സെറിബല്ലമാണ് വിവിധ പേശികളുടെ ചലനത്തെ സഹായിക്കുന്നത്. സെറിബ്രത്തെപ്പോലെ, സെറിബെല്ലത്തിലും ചാരദ്രവ്യമടങ്ങിയ കോർട്ടെക്സും ശ്വേത ദ്രവ്യവുമുണ്ട്. ചാരദ്രവ്യഭാഗത്ത് കാണപ്പെടുന്ന വലുപ്പമേറിയ ഒരു നിര ന്യൂറോണുകളെ പർക്കിൻജെ കോശങ്ങൾ (purkinje cells) എന്നറിയപ്പെടുന്നു. ശ്വേതദ്രവ്യത്തിലെ 4 നാഡീ സമൂഹങ്ങളാണ് ഫസ്റ്റിജിയൽ (fastigial), ഗ്ലോബോസ് (globose), എംബലിഫോം (emboliform), ഡെൻറ്റേറ്റ് (dentate) എന്നിവ. ഇവ സെറിബെല്ലത്തിന്റെ കോർട്ടെക്സിൽ നിന്ന്, മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടെനിന്നു തിരിച്ചും ആവേഗങ്ങളെ കടത്തിവിടുന്നു. പർക്കിൻജെ കോശങ്ങളിൽ വച്ച് അപഗ്രഥിക്കപ്പെടുന്ന സംവേദക ആവേഗങ്ങൾ, ശ്വേതദ്രവ്യത്തിലെ നാഡീസമൂഹങ്ങളിലൂടെ വിവിധ ശരീരപേശികളിൽ എത്തിച്ചേരുന്നു. സെറിബെല്ലത്തിന് രണ്ടു അർദ്ധഗോളങ്ങളാണുള്ളത്. ഇവ നാഡീതന്തുക്കളാൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |