ബംഗളൂരു : സിനിമ കാണാനെത്തി ഒടുവിൽ വിതുമ്പിക്കരഞ്ഞ് പുറത്തിറങ്ങി കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കഴിഞ്ഞ ദിവസം റിലീസായ കിരൺരാജ് സംവിധാനം ചെയ്ത രക്ഷിത് ഷെട്ടിയും ചാർലി എന്ന നായയും കേന്ദ്ര കഥാപാത്രങ്ങളായ ' 777 ചാർലി" എന്ന ചിത്രമാണ് ബൊമ്മെയെ കരയിപ്പിച്ചത്.
ചിത്രം കണ്ടപ്പോൾ കഴിഞ്ഞ വർഷം വിടവാങ്ങിയ തന്റെ പ്രിയപ്പെട്ട വളർത്തുനായ സ്നൂബിയുടെ ഓർമ്മകൾ മനസ്സിലേക്ക് ഒാടിയെത്തിയതാണ് ബൊമ്മയെ ദുഃഖത്തിലാഴ്ത്തിയത്. സ്നൂബിയുടെ സംസ്കാരച്ചടങ്ങിൽ ബൊമ്മെ പൊട്ടിക്കരയുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെ പ്രചരിച്ചിരുന്നു.
''നായകളെ പറ്റി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ, അവരുടെ സ്നേഹം വൈകാരികമായി അവതരിപ്പിക്കുന്ന സിനിമകൾ കുറവാണ്. ഈ സിനിമ മികച്ചതാണ്. എല്ലാവരും കാണണം. ഒരു നായയുടെ ഉപാധികളില്ലാത്ത സ്നേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട് "- ബൊമ്മെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |