കാൻബെറ : ഓസ്ട്രേലിയയിൽ ചൈനയുടെ പുതിയ അംബാസഡർ ഷിയാവോ ക്വിയാന് നേരെ പ്രതിഷേധം. സിഡ്നിയിലെ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിയിലെ ഓസ്ട്രേലിയ - ചൈന റിലേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ പ്രതിഷേധക്കാർ ക്വിയാന്റെ പ്രസംഗം തടസപ്പെടുത്തുകയായിരുന്നു.
ചൈന - ഓസ്ട്രേലിയ ബന്ധത്തിന്റെ ഭാവിയെ പറ്റി സംസാരിക്കുന്നതിനിടെയാണ് ജനുവരിയിൽ നിയമിതനായ ക്വിയാനെതിരെ പ്രതിഷേധം ഉയർന്നത്. ചൈന ടിബറ്റിനും ഹോങ്കോങ്ങിനും സ്വാതന്ത്യം നൽകാത്തതിനെയും ഉയ്ഗുർ വംശജർക്ക് നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും പ്രതിഷേധക്കാർ വിമർശിച്ചു.
' വംശഹത്യ നടത്തുന്ന സ്വേച്ഛാധിപത്യത്തിന്റെ" പ്രതിനിധിയെ ക്ഷണിച്ചെന്ന പേരിൽ യൂണിവേഴ്സിറ്റി അധികൃതർക്ക് നേരെയും പ്രതിഷേധമുയർന്നു. പരിപാടി തടസപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഇത് സ്വീകാര്യമല്ലെന്നും ക്വിയാൻ പ്രതികരിച്ചു. ഓസ്ട്രേലിയ - ചൈന നയതന്ത്ര ബന്ധത്തിൽ ഭിന്നതകൾ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |