SignIn
Kerala Kaumudi Online
Thursday, 19 September 2024 6.56 AM IST

അടിയന്തരാവസ്ഥ ; ഒരോർമ്മക്കുറിപ്പ്

Increase Font Size Decrease Font Size Print Page

indira-gandhi

ജൂൺ 26 അടിയന്തരാവസ്ഥയുടെ വാർഷികദിനമാണ്. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥിതിയും നേരിട്ട ഏറ്റവും കടുത്ത വെല്ലുവിളിയായിരുന്നു 1975 ലെ ആഭ്യന്തര അടിയന്തരാവസ്ഥ. മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യപ്പെട്ടു, പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി, പ്രതിപക്ഷനേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്തു തടവിൽ പാർപ്പിച്ചു. ജനാധിപത്യ സംവിധാനം നോക്കുകുത്തിയായി മാറി. ജുഡീഷ്യറിയുടെ പോലും ചിറകൊടിച്ചു. രാഷ്ട്രം തികച്ചും പൊലീസ് സ്റ്റേറ്റായി മാറി. ഭരണഘടനാ വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് എങ്ങനെ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കാൻ കഴിയുമെന്ന് രാജ്യം തിരിച്ചറിഞ്ഞു. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിൽ അതുപോലൊരു ദുരവസ്ഥ അതിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല.

1971 ലെ തിരഞ്ഞെടുപ്പിൽ കനത്ത ഭൂരിപക്ഷത്തോടെയാണ് ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയത്. പ്രതിപക്ഷസഖ്യം തകർന്നടിഞ്ഞു. അതിനു പിന്നാലെ കിഴക്കൻ പാകിസ്ഥാനത്തിൽ അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അതു ആഭ്യന്തരയുദ്ധമായി പരിണമിച്ചു. ഇന്ത്യയുടെ സൈന്യം കിഴക്കൻ പാകിസ്ഥാനിൽ പ്രവേശിച്ചു. ബംഗ്ളാ ദേശീയവാദികൾക്ക് പിന്തുണ നൽകി. അങ്ങനെ ബംഗ്ളാദേശ് എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രം പിറവിയെടുത്തു. പിന്നാലെ വിവിധ നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വമ്പിച്ച വിജയം നേടി. അങ്ങനെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഇന്ദിരയുടെ സർവാധിപത്യം സാധിതമായി. യുദ്ധത്തിലും തിരഞ്ഞെടുപ്പിലും നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ഭരണഘടന ഭേദഗതിചെയ്തു. പ്രിവി പേഴ്‌സ് നിറുത്തലാക്കിയതും ബാങ്ക് ദേശസാത്കരണവും അടക്കമുള്ള പരിഷ്കാരങ്ങൾക്ക് പരിരക്ഷ നൽകി. പൊഖ്റാനിൽ അണുവായുധ പരീക്ഷണം നടത്തി രാജ്യത്തിന്റെ സൈനികശക്തി തെളിയിച്ചു. സംരക്ഷിത രാജ്യമായിരുന്ന സിക്കിമിനെ ഇന്ത്യയോടു ചേർത്തു ഭൂവിസ്തൃതി വർദ്ധിപ്പിച്ചു. വിജയത്തിൽ നിന്ന് വിജയങ്ങളിലേക്ക് കുതിക്കുമ്പോഴും രാജ്യം വലിയ പരീക്ഷണം നേരിട്ടു. രണ്ടുവർഷം തുടർച്ചയായി മഴ ചതിച്ചു. കടുത്ത വരൾച്ചയെത്തുടർന്ന് ഭക്ഷ്യോത്പാദനം അവതാളത്തിലായി. യുദ്ധം വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി വേറെയുമുണ്ടായിരുന്നു. അസംതൃപ്തരായ വിദ്യാർത്ഥികൾ സമരപാതയിൽ പ്രവേശിച്ചു. തൊഴിൽ സമരങ്ങളും സർവ സാധാരണമായി. 1974 ലെ റെയിൽവേ സമരമായിരുന്നു അവയിൽ ഏറ്റവും ഭയാനകം. ചരക്കുനീക്കം നിലച്ചു, രാജ്യമെമ്പാടും അരാജകത്വവും അരക്ഷിതാവസ്ഥയും നടമാടി. കടുത്ത ബലപ്രയോഗത്തിലൂടെ റെയിൽവേ സമരം അടിച്ചമർത്തിയെങ്കിലും അതുണ്ടാക്കിയ വിപരീതവികാരം നിലനിന്നു. ആദ്യം ഗുജറാത്തിലും പിന്നീട് ബീഹാറിലും വിദ്യാർത്ഥികൾ തുടങ്ങിവച്ച സമരം അഖിലേന്ത്യാ പ്രക്ഷോഭമായി വളർന്നു. ലോക നായക് ജയപ്രകാശ് നാരായണൻ പ്രക്ഷോഭകർക്ക് നേതൃത്വം നൽകാനെത്തിയതോടെ അതു കേന്ദ്ര സർക്കാരിനു തന്നെ വെല്ലുവിളിയായി മാറി. സി.പി.എം ഒഴികെയുള്ള പ്രതിപക്ഷപാർട്ടികൾ ജയപ്രകാശുമായി കൈകോർത്തു. ജെ.പി സമ്പൂർണ്ണ വിപ്ളവത്തെക്കുറിച്ച് വാചാലനായി. കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി വിധിയും ഇന്ദിരാഗാന്ധിയെ ചൊടിപ്പിച്ചു. ഏറ്റവും സീനിയറായ മൂന്നു ജഡ്ജിമാരെ മറികടന്നു ജസ്റ്റിസ് എ.എൻ. റേയെ ചീഫ് ജസ്റ്റിസാക്കി ഇന്ദിര പകവീട്ടി. തനിക്കെതിരായ ഗൂഢാലോചനയിൽ കോടതിയും പങ്കെടുക്കുന്നുവെന്ന് അവർ ഭയപ്പെട്ടു.

അങ്ങനെയൊരു അന്തരാളഘട്ടത്തിലാണ് റായ് ബറേലി മണ്ഡലത്തിൽ നിന്നുള്ള ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്‌മോഹൻലാൽ സിൻഹ റദ്ദാക്കിയത്. ലോക്‌സഭാംഗത്വം നഷ്ടപ്പെട്ട പ്രധാനമന്ത്രി ഉടൻ രാജിവയ്‌ക്കണമെന്ന് ജയപ്രകാശും പ്രതിപക്ഷനേതാക്കളും ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രി കൂട്ടാക്കിയില്ല. അവർ സുപ്രീം കോടതിയിൽ അപ്പീൽ ബോധിപ്പിച്ചു. നിരുപാധികം സ്റ്റേ കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ ഇന്ദിരയ്ക്ക് പ്രധാനമന്ത്രിയായി തുടരാം പക്ഷേ ലോക്‌സഭാംഗമെന്ന നിലയിൽ വോട്ടുചെയ്യാനോ ശമ്പളം പറ്റാനോ കഴിയില്ലെന്ന് ഉത്തരവു പാസാക്കി. അതോടെ പ്രക്ഷോഭം മൂർച്‌ഛിച്ചു. വോട്ടവകാശവും ശമ്പളവുമില്ലാത്തയാൾ എങ്ങനെ പ്രധാനമന്ത്രിയായി തുടരുമെന്ന് പ്രതിപക്ഷനേതാക്കൾ ചോദിച്ചു. പട്ടാളത്തോടും പൊലീസിനോടും സർക്കാരിന്റെ ആജ്ഞകൾ അനുസരിക്കരുതെന്ന് ജയപ്രകാശ് ആഹ്വാനം ചെയ്തു. രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയേ തരമുള്ളൂ എന്ന് ഇന്ദിര തിരിച്ചറിഞ്ഞു. അന്ന് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർത്ഥ ശങ്കർ റായ് വേണ്ട നിയമോപദേശം നൽകി. മന്ത്രിസഭാ തീരുമാനം കൂടാതെ ഇന്ദിര രാഷ്ട്രപതിയെ സന്ദർശിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പോകുന്ന വിവരം അറിയിച്ചു. രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് മറുത്തൊന്നും പറഞ്ഞില്ല. ജൂൺ 25 നു വൈകുന്നേരം വിളംബരം തയ്യാറാക്കി കൊടുത്തയച്ചു. രാഷ്ട്രപതി ഒപ്പിട്ടു. അങ്ങനെ അടിയന്തരാവസ്ഥ നിലവിൽവന്നു. ആ രാത്രി തന്നെ പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ പ്രമുഖ പത്രമോഫീസുകളിലേക്കുള്ള വൈദ്യുതിബന്ധം വിച്‌ഛേദിച്ചു. പിറ്റേന്നു പുലർച്ചെ കാബിനറ്റ് വിളിച്ചുകൂട്ടി തീരുമാനം അറിയിച്ചു. മന്ത്രിമാർ എതിരഭിപ്രായം പറഞ്ഞില്ല. ബംഗ്ളാദേശ് യുദ്ധസമയത്തു പ്രഖ്യാപിച്ച ബാഹ്യ അടിയന്തരാവസ്ഥ അപ്പോഴും നിലനിന്നിരുന്നു. പുറമേ ആഭ്യന്തര അടിയന്തരാവസ്ഥ കൂടി പ്രാബല്യത്തിൽവന്നു. അങ്ങനെ രാജ്യം ഇരട്ട അടിയന്തരാവസ്ഥ അനുഭവിച്ചു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി. കൂടാതെ മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്തുകൊണ്ട് രാഷ്ട്രപതി വിളംബരം പുറപ്പെടുവിച്ചു. ആർ.എസ്.എസ്, ജമാ അത്തെ ഇസ്ളാമി, ആനന്ദ മാർഗ്, വിവിധ നക്സൽ ഗ്രൂപ്പുകൾ മുതലായവയെ നിരോധിച്ചു. പിന്നാലെ പാർലമെന്റ് വിളിച്ചുകൂട്ടി അടിയന്തരാവസ്ഥാ പ്രമേയം അംഗീകരിപ്പിച്ചു. 39 -ാം ഭരണഘടനാ ഭേദഗതി പാസാക്കി. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കർ എന്നിവരുടെ തിരഞ്ഞെടുപ്പുകൾ സാധാരണ നടപടികളിലൂടെ ചോദ്യം ചെയ്യാൻ പാടില്ലെന്നു നിഷ്‌കർഷിച്ചു. അതിന്റെ ബലത്തിൽ തനിക്കെതിരായ അലഹബാദ് ഹൈക്കോടതിയുടെ വിധി അസ്ഥിരപ്പെടുത്തി സുപ്രീം കോടതിയിൽ നിന്ന് അനുകൂലവിധി സമ്പാദിച്ചു.

ഇന്ദിരാഗാന്ധി അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. കൂടുതൽ കർക്കശമായ വ്യവസ്ഥകളോടെ ആഭ്യന്തരസുരക്ഷിതത്വ നിയമം (മിസ) മൂന്നുതവണ ഭേദഗതി ചെയ്തു. തനിക്കെതിരെ അഭിപ്രായം പറയുന്ന സകലരെയും തുറുങ്കിലടച്ചു. കേശവാനന്ദ ഭാരതി കേസിലെ വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതിയെ സമീപിച്ചു. ഫലിക്കാതെ വന്നപ്പോൾ കൂടുതൽ കർക്കശമായ നടപടികളിലേക്കു നീങ്ങി. അങ്ങനെ 42 - ാം ഭരണഘടനാ ഭേദഗതി ബിൽ തയ്യാറാക്കി വളരെ പെട്ടെന്ന് പാർലമെന്റിന്റെ രണ്ടു സഭകളെയുംകൊണ്ടു അംഗീകരിപ്പിച്ചു. വിവിധ നിയമസഭകൾ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി അതംഗീകരിച്ചു. ഭരണഘടനയുടെയും ജനാധിപത്യ സംവിധാനത്തിന്റെയും തായ് വേര് അറുക്കുന്ന പരിഷ്കാരമായിരുന്നു 42 - ാം ഭരണഘടനാ ഭേദഗതി. അതോടെ കോടതികളുടെ അധികാരം വളരെ പരിമിതമായി. സ്വേച്‌ഛാധിപത്യത്തിന് പുതിയ മാനങ്ങൾ കൈവന്നു. 1976 മാർച്ചിൽ അവസാനിക്കുമായിരുന്ന ലോക്‌സഭയുടെ കാലാവധി രണ്ടു തവണയായി ഓരോവർഷം വീതം ദീർഘിപ്പിച്ചു. ഗുജറാത്തിലും തമിഴ്‌നാട്ടിലും നിലനിന്ന കോൺഗ്രസിതര സർക്കാരുകളെ അട്ടിമറിച്ചു. അടിയന്തരാവസ്ഥയുടെ മറവിൽ രാജ്യമെമ്പാടും ഭീതിയുടെ അന്തരീക്ഷം നിലനിന്നു. പ്രമുഖ ഗാന്ധിയനും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ഭീം സെൻ സച്ചാർ അടക്കം അടിയന്തരാവസ്ഥയോടു വിയോജിച്ചതിന് ജയിൽവാസം അനുഭവിച്ചു. കേരളത്തിൽ പ്രൊഫ. എം.പി മന്മഥനും ഇതേ ദുർവിധിയുണ്ടായി. പ്രമുഖ പത്രപ്രവർത്തകൻ കുൽദീപ് നയ്യാർ അടക്കം വേറെയും പലരും ജയിൽവാസം അനുഭവിക്കേണ്ടി വന്നു. അടിയന്തരാവസ്ഥയെ എതിർത്ത ഇന്ത്യൻ എക്‌സ്പ്രസ് പത്രം പലവിധ പ്രതികാര നടപടികൾ നേരിടേണ്ടതായി വന്നു. ഇന്ദിരാഗാന്ധിക്ക് അഹിതകരമായ വിധിപ്രസ്താവം നടത്തിയ എല്ലാ ന്യായാധിപന്മാരും വേട്ടയാടപ്പെട്ടു. ചിലർ സബോർഡിനേറ്റ് ജുഡീഷ്യറിയിലേക്ക് തരംതാഴ്‌ത്തപ്പെട്ടു. മറ്റുള്ളവരെ വിദൂരദിക്കുകളിലേക്ക് സ്ഥലം മാറ്റി. ഹേബിയസ് കോർപ്പസ് കേസിൽ കേന്ദ്ര സർക്കാരിനെതിരെ വിധിപറഞ്ഞ ജസ്റ്റിസ് എച്ച്. ആർ. ഖന്നയുടെ സീനിയോറിറ്റി മറികടന്ന് എം.എച്ച്. ബേഗിനെ ചീഫ് ജസ്റ്റിസായി നിയമിച്ചു. അടിയന്തരാവസ്ഥയോടു വിയോജിച്ച കലാകാരന്മാരും മനുഷ്യാവകാശ പ്രവർത്തകരും കടുത്ത യാതന അനുഭവിക്കേണ്ടി വന്നു. ജയിലറയ്ക്കുള്ളിൽ പിടഞ്ഞുമരിച്ച സ്നേഹലതാ റെഡ്‌ഢിയടക്കം നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ കേന്ദ്ര മന്ത്രിസഭയുടെ പ്രസക്തിതന്നെ ഇല്ലാതായി. അധികാരം പൂർണമായും സഞ്ജയ് ഗാന്ധിയും വൈതാളികന്മാരും കൈയടക്കി. വാർത്താവിതരണ പ്രക്ഷേപണമന്ത്രി വി.സി. ശുക്ള, രാജ്യരക്ഷാ മന്ത്രിയായി അവരോധിക്കപ്പെട്ട മുൻ ഹരിയാന മുഖ്യമന്ത്രി ബെൻസിലാൽ എന്നിവരാണ് സഞ്ജയ് ഗാന്ധിയുടെ കണ്ണും കാതുമായി പ്രവർത്തിച്ചത്. സഞ്ജയ് ഗാന്ധിയെ സന്തോഷിപ്പിക്കാനും അഞ്ചിന പരിപാടി നടപ്പാക്കാനും വിവിധ സംസ്ഥാന സർക്കാരുകൾ മത്സരിച്ചു. കുടുംബാസൂത്രണവും വനവത്കരണവും നഗര സൗകര്യവത്കരണവുമായിരുന്നു അവരുടെ മുഖ്യ അജണ്ട. ഓൾഡ് ഡൽഹിയിലെ മുസ്ളിം ഭൂരിപക്ഷപ്രദേശമായിരുന്ന തുർക്ക്‌മാൻ ഗേറ്റ് ഇടിച്ചു നിരത്തി നഗരം സൗന്ദര്യവത്കരിക്കാൻ നടത്തിയ ശ്രമം വലിയ പ്രതിഷേധത്തിലും പൊലീസ് വെടിവയ്പിലും കലാശിച്ചു. നിരവധിപേർ മരിച്ചു. ഈ സംഭവത്തെക്കുറിച്ച് പത്രങ്ങളിൽ വാർത്ത വന്നില്ലെങ്കിലും രാജ്യമെമ്പാടും കിംവദന്തികൾ പ്രചരിച്ചു. അത് ആത്യന്തികമായി സർക്കാരിന്റെ ജനപിന്തുണ നഷ്ടപ്പെടാൻ ഇടയാക്കി. നിർബന്ധിത വന്ധ്യംകരണത്തെക്കുറിച്ചുള്ള വാർത്തകളും കാട്ടുതീ പോലെ പ്രചരിച്ചു. അങ്ങനെ ഉത്തരേന്ത്യയിലെങ്ങും ഇന്ദിരാ ഗാന്ധിയുടെ പ്രതിഛായ രാക്ഷസീയമായ തലത്തിലെത്തി. വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ യശസ്സ് ഇടിഞ്ഞു. ജയപ്രകാശിന്റെയും ജോർജ്ജ് ഫെർണാണ്ടസിന്റെയും മോചനത്തിനുവേണ്ടി വിവിധ ബ്രിട്ടീഷ്, അമേരിക്കൻ പത്രങ്ങളും നൊബേൽ സമ്മാന ജേതാക്കളും ശബ്ദമുയർത്തി. ഇന്ദിരാ ഗാന്ധിയോടു സ്വതവേ വിപ്രതിപത്തി പുലർത്തിയിരുന്ന അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും ഭരണാധികാരികൾ എരിതീയിൽ എണ്ണപകർന്നു. പാകിസ്ഥാനിലേക്കാൾ മോശമാണ് ഇന്ത്യയിലെ കാര്യങ്ങൾ എന്നവർ പ്രചരിപ്പിച്ചു.

ഈ ഘട്ടത്തിൽ അടിയന്തരാവസ്ഥയിൽ അയവുവരുത്താനും പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനും ഇന്ദിരാഗാന്ധി നിർബന്ധിതയായി. അങ്ങനെ 1977 ജനുവരി 19 ന് പ്രതിപക്ഷ നേതാക്കളെ മോചിപ്പിച്ചു. അടിയന്തരാവസ്ഥ പിൻവലിക്കാതെ തന്നെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. ജയിൽമോചിതരായ നേതാക്കൾ വളരെവേഗം കൂടിയാലോചന നടത്തി ഒരേ ചിഹ്നവും കൊടിയുമായി തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചു. അങ്ങനെ മൊറാർജി ദേശായി അദ്ധ്യക്ഷനും ചൗധരി ചരൺ സിംഗ് ഉപാദ്ധ്യക്ഷനുമായി ജനതാപാർട്ടി രൂപീകൃതമായി. കലപ്പയേന്തിയ കർഷകൻ ചിഹ്നത്തിൽ അവർ തിരഞ്ഞെടുപ്പിനെ നേരിട്ടു. ഫെബ്രുവരി രണ്ടിന് ഇന്ദിരയെ ഞെട്ടിച്ചുകൊണ്ട് ബാബു ജഗ്‌ജീവൻ റാം കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ചു. എച്ച്.എൻ. ബഹുഗുണ, നന്ദിനി സത്‌പതി, കെ.ആർ. ഗണേഷ്, ലക്ഷ്മി കാന്തമ്മ മുതലായവരും അവർക്കൊപ്പം ചേർന്നു. കോൺഗ്രസ് ഫോർ ഡെമോക്രസി (സി.എഫ്.ഡി) രൂപീകരിച്ചു. 'അടിയന്തരാവസ്ഥ അറബിക്കടലിൽ' എന്ന മുദ്രാവാക്യം മുഴങ്ങി. ജയപ്രകാശിന്റെയും മൊറാർജിയു‌ടെയും പ്രസംഗങ്ങൾ കേൾക്കാൻ രാജ്യത്തെമ്പാടും ജനം തടിച്ചുകൂടി. മറുവശത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു യോഗങ്ങൾ തികച്ചും നിർജീവവും നിരുന്മേഷകരവുമായിരുന്നു. ജനവികാരം വളരെ സ്‌പഷ്ടവും സംശയാതീതവുമായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെമ്പാടും കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടായി. യു.പി.യിലോ ബീഹാറിലോ ഒരു സീറ്റുപോലും ജയിക്കാൻ കഴിഞ്ഞില്ല. ഇന്ദിരാഗാന്ധി റായ് ബറേലിയിലും സഞ്ജയ് ഗാന്ധി അമേഠിയിലും പരാജയപ്പെട്ടു. ജനതാ പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. മൊറാർജി ദേശായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജിവയ്‌ക്കുന്നതിന് തൊട്ടുമുമ്പ് ഇന്ദിരാഗാന്ധി ബാഹ്യ അടിയന്തരാവസ്ഥയും ആഭ്യന്തര അടിയന്തരാവസ്ഥയും പിൻവലിച്ച് ജനവിധി അംഗീകരിച്ചു. ജനതാ സർക്കാർ രാജ്യത്തു ജനാധിപത്യം പുന: സ്ഥാപിക്കുകയും 42 - ാം ഭരണഘടനാ ഭേദഗതി റദ്ദാക്കി പാർലമെന്റിന്റെയും ജുഡീഷ്യറിയുടെയും അധികാരങ്ങൾ പുന:സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ ഒരു കാളരാത്രി അവസാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CHATHURANGAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.