SignIn
Kerala Kaumudi Online
Thursday, 19 September 2024 1.56 AM IST

പ്രണയവും തമാശകളുമായി ഒരു കുഞ്ഞ് ഉല്ലാസ യാത്ര, ഉല്ലാസം റിവ്യൂ

Increase Font Size Decrease Font Size Print Page

ullasam-

കൂടുതലും സീരിയസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുള്ള ഷെയിൻ നിഗം വേറിട്ടൊരു ഭാവത്തിൽ എത്തുന്ന ചിത്രമാണ് ഉല്ലാസം. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്‌ത ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് പുതുമുഖ താരം പവിത്ര ലക്ഷ്‌മിയാണ്.

ഊട്ടിയിലേക്കുള്ള യാത്രാമദ്ധ്യേ അവിചാരിതമായി പരിചയപ്പെടുന്ന രണ്ട് പേരുടെ കഥയാണ് ചിത്രം പറയുന്നത്. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ പരസ്‌പരം അടുത്തറിയാനുള്ള അവസരം ഇവർക്ക് ലഭിക്കുന്നു. ഒരേ ലക്ഷ്യത്തിലേയ്ക്കുള്ള ഒരു കുഞ്ഞ് യാത്രയ്ക്കിടെ ഇവർക്കിടയിൽ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ullasam-

പ്രണയവും തമാശകളും ഊട്ടിയുടെ മനോഹാരിതയും ഒക്കെ ഈ യാത്രയിലുണ്ട്. അൽപ്പമൊക്കെ അതിശയോക്തിയുണ്ടെങ്കിലും ചിത്രത്തിന്റെ ആദ്യ പകുതി ഒഴുക്കോടെയാണ് മുന്നോട്ട് പോകുന്നത്.

ഒട്ടനവധി സംഭവങ്ങളും കഥാപാത്രങ്ങളും ഇവരുടെ യാത്രയ്ക്കിടെ വന്നുചേരുന്നുണ്ട്. രസകരമായി തന്നെ ഇവയെ കോർത്തിണക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. എന്നാൽ പലയിടത്തും ഏച്ചുകെട്ടൽ അനുഭവപ്പെടുന്നുണ്ട്.

ullasam-

രണ്ടാം പകുതിയിൽ കഥാഗതി കൊച്ചിയിലേയ്‌ക്ക് എത്തുന്നു. ആദ്യപകുതിയിലെ ഒഴുക്ക് രണ്ടാം പകുതിയിലെത്തുമ്പോൾ ഇടയ്‌ക്കൊക്കെ നഷ്‌ടമാകുന്നുണ്ട്. പുതിയൊരു കഥാപരിസരമാണെങ്കിലും മെല്ലെ ചിത്രം ട്രാക്കിലേക്ക് എത്തുന്നുണ്ട്. എന്നാൽ പലപ്പോഴും ചില തമാശകളും സംഭാഷണങ്ങളും കല്ലുകടിയായി മാറുന്നു.

സീരിയസ് മാത്രമല്ല, കോമഡിയും ഡാൻസുമൊക്കെയായി പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിക്കുന്ന കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ചിത്രത്തിലെ ഷെയിനിന്റെ പ്രകടനം അടിവരയിടുന്നു. കുറച്ച് നാളത്തേയ്ക്ക് ഡാർക്ക് മൂഡിലുള്ള പടങ്ങൾ താൻ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ഈയടുത്ത് അഭിമുഖങ്ങളിലൂടെ ഷെയിൻ തുറന്ന് പറഞ്ഞിട്ടുണ്ട്.

ullasam-

ഒരുപാട് രഹസ്യങ്ങളുള്ള, ആരോടും ശരിക്കുള്ള പേര് പോലും പറയാൻ മടിക്കുന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ഷെയിൻ അവതരിപ്പിച്ചിട്ടുണ്ട്. പുതുമുഖ താരമായ പവിത്ര ലക്ഷ്‌മിക്ക് ചിത്രത്തിലെ നായിക കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ സാധിച്ചിട്ടില്ല. കഥയിലും തിരക്കഥയിലും പുതുമയില്ലെങ്കിലും കഥ പറച്ചിലിൽ സംവിധായകൻ ശ്രദ്ധ കൊടുത്തിട്ടുണ്ട്.

അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, അംബിക, നയന എത്സ, രഞ്ജി പണിക്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒട്ടവധി താരങ്ങൾ ചിത്രത്തിൽ എത്തുന്നുവെങ്കിലും ഷെയിനിനും പവിത്രയ്ക്കും ഒഴികെ മറ്റാർക്കും പെർഫോം ചെയ്യാനുള്ള സ്‌പേസ് ചിത്രത്തിലില്ല.

ullasam-

ഊട്ടിയുടെ ഭംഗിയും കൊച്ചിയുടെ തിരക്കുമെല്ലാം മനോഹരമായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ സ്വരൂപ് ഫിലിപ്പ് എന്ന ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. ഷാൻ റഹ്‌മാൻ ഒരുക്കിയ പശ്ചാത്തല സംഗീതം മികച്ച് നിന്നെങ്കിലും ഗാനങ്ങൾ ശരാശരിയിലൊതുങ്ങി. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പതിവ് ഷെയിൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായി എത്തിയ റൊമാന്റിക് കോമഡി എന്റർടെയിനറാണ് ഉല്ലാസം. പിരിമുറുക്കങ്ങളൊന്നുമില്ലാത്ത, പാട്ടും ഡാൻസും പ്രണയവുമൊക്കെയായി ഒരു ചെറിയ യാത്ര പോകുന്ന മൂഡിൽ സമീപിക്കാവുന്ന ചിത്രമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ULLASAM, ULLASAM MOVIE, ULLASAM MOVIE REVIEW, ULLASAM FILM, REVIEW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.