തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിൽ സ്ഫോടനവസ്തു എറിഞ്ഞ സംഭവത്തിൽ അക്രമിയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി സൂചന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് ഇക്കാര്യം വ്യക്തമായത്.
സ്ഫോടനം നടത്തുന്നതിന് മുൻപ് മറ്റൊരു സ്കൂട്ടറിൽ വന്നയാൾ അക്രമിയ്ക്ക് ഒരു കവർ കൈമാറുന്നതും സംസാരിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുന്നുകുഴി പരിസരത്തെ സിസിടിവിയിൽ നിന്ന് സൂചന ലഭിച്ചുവെന്നാണ് വിവരം.
അതേസമയം, പ്രകോപനപരമായി ഫേസ്ബുക്കിൽ പോസ്റ്റിട്ട കാട്ടായിക്കോണം സ്വദേശിയെ കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇയാൾക്ക് സംഭവുമായി ബന്ധമുണ്ടെന്ന് കരുതുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
എകെജി സെന്ററിന് സമീപത്തെ 70ഓളം സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ ഇവയിൽ നിന്ന് അക്രമിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നില്ല. എകെജി സെന്റർ ആക്രമിക്കുമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച 20ഓളം കോൺഗ്രസ് പ്രവർത്തകരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |