SignIn
Kerala Kaumudi Online
Thursday, 17 September 2026 5.55 PM IST

അനാഥമായി അമ്മത്തൊട്ടിൽ

 മാനസികരോഗി തൊട്ടിൽ കേടാക്കി, പ്രവർത്തനരഹിതം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിൽ നിശ്ചലമായി. സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച രണ്ടാമത്തെ ഹൈടെക് അമ്മത്തൊട്ടിൽ പൂട്ടിക്കിടക്കാൻ തുടങ്ങിയിട്ട് 20 ദിവസം. സാങ്കേതിക പ്രശ്നങ്ങളാൽ പ്രവർത്തനരഹിതമാണെന്ന് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് നവീകരിച്ച അമ്മത്തൊട്ടിൽ 2020 ജൂലായ് 15 ന് മുൻ മന്ത്രി കെ.കെ.ശൈലജയാണ് ഉദ്ഘാടനം ചെയ്തത്. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചായിരുന്നു നവീകരണം. അടിക്കടി കേടാകുന്നുവെന്ന പരാതിയെ തുടർന്ന് നവീകരിച്ചിട്ടും തൊട്ടിലിന്റെ കാലക്കേട് തുടരുകയാണ്. മാനസിക വൈകല്യമുള്ള ഒരാൾ തൊട്ടിൽ കേടാക്കിയെന്നും കാമറ പ്രവർത്തനരഹിതമായതിനാൽ ആളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണ് അധികൃതർ പറയുന്നത്.

കുഞ്ഞുമായി വന്നെങ്കിൽ മാത്രം വാതിൽ തുറക്കുന്ന വിധത്തിലായിരുന്നു അമ്മത്തൊട്ടിലിൽ ഒരുക്കിയിരുന്നത്.

സെൻസറും ഇന്റർനെറ്റും ഉപയോഗിച്ചാണ് പ്രവർത്തനം. കുഞ്ഞുമായി പടി കയറുമ്പോൾ വാതിൽ താനേ തുറക്കും. കുട്ടിയെ തൊട്ടിലിൽ കിടത്തിയാൽ ഉടൻ 'കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള നിങ്ങളുടെ തീരുമാനം അവസാനത്തേതാണോ?' എന്ന അശരീരി ഉയരും. ഇത് കേട്ടിട്ടും മനസുമാറാത്തവർക്ക് കുഞ്ഞിനെ പിന്നെ ഒരു നോക്കു കൂടി കാണാനാകാത്ത വിധം വാതിലുകൾ അടയും. മുറിയിൽ സ്ഥാപിച്ച കാമറയിൽ കുഞ്ഞിന്റെ പടം പതിയും. തൂക്കവും പടവും അടങ്ങുന്ന വിശദാംശങ്ങൾ കളക്ടർക്കും ശിശുക്ഷേമ സമിതി ഭാരവാഹികൾക്കും വാട്‌സാപ് സന്ദേശമായി ഉടൻ എത്തും.

കുഞ്ഞിനെ ഉപേക്ഷിക്കുന്ന ആളുടെ ചിത്രം പതിയാത്തവിധം കാമറ സജ്ജീകരിച്ചിരിക്കുന്നതിനാൽ വ്യക്തിവിവരങ്ങൾ രഹസ്യമായിരിക്കും. ശിശുക്ഷേമ സമിതിയിൽ ഘടിപ്പിച്ചിരിക്കുന്ന മോണിട്ടറിലും പുതിയ അതിഥി എത്തിയ വിവരം തെളിയുകയും ബസർ മുഴങ്ങുകയും ചെയ്യും. അകത്തുനിന്ന് തുറക്കാവുന്ന വാതിലിലൂടെ ആയമാർ എത്തി കുഞ്ഞിനെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റും. ആരോഗ്യ പരിശോധനയ്ക്ക് ശേഷം കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.

 ഉടൻ തുറക്കും

തിരുവനന്തപുരത്തുള്ള സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തി അമ്മത്തൊട്ടിൽ ഉടൻ പ്രവർത്തനസജ്ജമാക്കും. കൊവിഡിന് ശേഷം ഇവിടെ കുഞ്ഞുങ്ങളെ ലഭിച്ചിട്ടില്ല.

അഡ്വ.കെ.എസ്. അരുൺകുമാർ

ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AMMATHOTTIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL