SignIn
Kerala Kaumudi Online
Sunday, 06 July 2025 1.24 PM IST

ലോക്ഡൗൺ എത്തുന്നത് വരെ യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത് ബസും ട്രെയിനും മാത്രം, ഓർമയായത് വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ഉപാസകൻ

Increase Font Size Decrease Font Size Print Page
p-gopinathan-nair

ഗാന്ധിയൻ ആശയപ്രചാരണത്തിനും ഗാന്ധിയൻ പ്രവർത്തനങ്ങൾക്കുമായി തന്റെ ക്ഷുഭിതയൗവനം പൂർണമായും മാറ്റിവെച്ച സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായിരുന്നു പി.ഗോപിനാഥൻ നായർ. 1922 ജൂലായ് ഏഴിനാണ് ജനനം.(മിഥുനത്തിലെ തൃക്കേട്ട) നെയ്യാറ്റിൻകര മുൻസിഫ് കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു അച്ഛൻ എം.പത്മനാഭപിള്ള .

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠനശേഷം കൽക്കട്ടയിൽ രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനിൽ ഗവേഷക വിദ്യാർത്ഥിയായി 1946ൽ എത്തി. അക്കാലത്ത് ശാന്തിനികേതനിൽ എത്തിയപ്പോഴാണ് ഗാന്ധിജിയെ നേരിൽക്കാണുന്നതും പിന്നീട് ഗാന്ധിജിയുടെ ഉപദേശപ്രകാരം ഇന്ത്യ വിഭജനകാലത്ത് കൽക്കട്ടയിൽ ശാന്തിസേന പ്രവർത്തനത്തിൽ വോളണ്ടിയറായി പങ്കെടുത്തതും. സ്വാതന്ത്ര്യാനന്തരം കേരളത്തിൽ തിരിച്ചെത്തി കേളപ്പന്റെയും ലക്ഷ്മി.എൻ.മേനോന്റെയും നേതൃത്വത്തിൽ സർവോദയ പ്രവർത്തനം ആരംഭിച്ചു. കേരള ഗാന്ധിസ്മാരക നിധിയുടെ സ്ഥാപനത്തോടെ ഗാന്ധിയൻ തത്വചിന്തപ്രചാരം ഏറ്റെടുത്ത് നിരവധി വിദ്യാർത്ഥി യുവജന പഠനശിബിരങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തിന്റെയുള്ളിലെ ഗാന്ധിയൻ ആദർശങ്ങൾക്ക് വാർദ്ധക്യം ബാധിച്ചിട്ടില്ല. ലോക്ക്ഡൗൺ കാരണമുള്ള യാത്രാ നിയന്ത്രണങ്ങളുണ്ടാകും വരെയും യാത്രയ്ക്ക് ബസും ട്രെയിനും മാത്രം ഉപയോഗിക്കാനുള്ള ആരോഗ്യം കാത്തുസൂക്ഷിക്കാൻ ചിട്ടയായ ജീവിത ശൈലി സഹായിച്ചു.

വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ഉപാസകൻ കൂടിയാണ് അദ്ദേഹം. ജീവിതത്തിന്റെ സത്യം അന്വേഷിച്ചറിഞ്ഞ ഋഷിതുല്യനായ ജ്ഞാനി. 92-ാം വയസിൽ എഴുതി പ്രസിദ്ധീകരിച്ച 'ആകാശഗീതം' എന്ന കാവ്യ പുസ്തകം മാത്രംമതി അദ്ദേഹത്തിന്റെ സാത്വതികപരിവേഷം ബോദ്ധ്യമാകാൻ.

അറിവിന്റെ കടലാഴം

ഗോപിസാറിനോട് സംസാരിച്ചിരുന്നാൽ പഴയകാല തിരുവിതാംകൂർ ചരിത്രവും സ്വാതന്ത്ര്യസമരകാല അനുഭവങ്ങളും പിന്നെ ഗാന്ധിയൻ ആശയങ്ങളുടെ കടലാഴങ്ങളും അറിയാം. പുതിയ തലമുറകൾക്ക് വഴികാട്ടിയാണ് അദ്ദേഹത്തിന്റെ ജീവിതം. പൊതുപ്രവർത്തകർ മാതൃകയാക്കേണ്ട അനിതരസാധാരണമായ വ്യക്തിത്വം. ദീർഘകാലം ഗാന്ധിജിയുടെ വാർധ സേവാഗ്രാം ആശ്രമത്തിൽ അദ്ധ്യക്ഷനായും അഖിലേന്ത്യാ ഗാന്ധിസ്മാരകനിധി പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം യാത്രകൾക്ക് തിരഞ്ഞെടുത്തിരുന്നത് ട്രെയിനിലെ സ്ലീപ്പർക്ലാസ് മാത്രമായിരുന്നു. ഇൻലൻഡിലും പിന്നെ പോസ്റ്റ് കാർഡിലുമായിരുന്നു അദ്ദേഹം സന്ദേശങ്ങൾ കൈമാറിയിരുന്നത്. അപൂർവം ചില സന്ദർഭങ്ങളിൽ ഗാന്ധിയൻ ശൈലിയിൽ നിന്നും ഭിന്നമായി ക്ഷോഭിച്ചിരുന്നെങ്കിലും അല്‌പസമയം കഴിഞ്ഞാൽ താൻ ക്ഷോഭിച്ചത് എത്ര ചെറിയ ആളോടാണെങ്കിലും നിരുപാധികമായി ക്ഷമ പറയും.

മാറാട് ഒരു അനുഭവകാലം

മാറാട് സമാധാന ദൗത്യത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗാന്ധിയൻ സംഘത്തിലൊരാളായി ഒരു മാസത്തോളം മാറാട് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിത ഭാഗ്യമാണ് . തീർത്തും സംഘർഷ ഭരിതമായ ഒരു അന്തരീക്ഷത്തിലേക്കാണ് 2003ലെ ഗാന്ധിജയന്തി ദിനത്തിൽ ഞങ്ങൾ മാറാട്ടെ കടപ്പുറത്തെത്തിയത്. സ്വാതന്ത്ര്യസമര സേനാനി കെ.ഇ.മാമ്മനും അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പങ്കജാക്ഷകുറുപ്പു സാറും തായാട്ട് ബാലേട്ടനും കേരളത്തിൽ നിന്നുള്ള ഗാന്ധിയൻ നേതാക്കളും പ്രവർത്തകരും സമാധാന സമ്മേളനത്തിൽ പങ്കെടുത്തു. ഗോപിസാർ ആയിരുന്നു സമ്മേളനം നിയന്ത്രിച്ചത്. പിറ്റേന്ന് മുതൽ ഞങ്ങൾ ഗാന്ധിയൻ പ്രവർത്തകരെ അഞ്ചംഗ സംഘങ്ങളാക്കി വിവിധ പ്രദേശങ്ങളുടെ ചുമതലകൾ നൽകി. സമാധാന പ്രവർത്തന പദ്ധതി ആവിഷ്‌കരിച്ചതും ഗോപിസാറിന്റെ നേതൃത്വത്തിലായിരുന്നു.

നെടുന്തൂണായി സരസ്വതിയമ്മ
റീജിയണൽ വിമൻസ് വെൽഫെയർ ഓഫീസറായി റിട്ടയർ ചെയ്ത് ഗോപിസാറിന്റെ കാര്യങ്ങൾ മാത്രംനോക്കി നെയ്യാറ്റിൻകര ടി.ബി.ജംഗ്ക്ഷനിലെ നാരായണ മന്ദിരത്തിലുള്ള അദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയമ്മയെ കൂടി പരാമർശിക്കാതെ ഈ കുറിപ്പ് പൂർണമാകില്ല . ആരോഗ്യം അല്പം മോശമാണെങ്കിലും അദ്ദേഹത്തിന്റെ ഇഷാനിഷ്ടങ്ങൾ അറിഞ്ഞു സന്തോഷത്തോടെ സാറിനോടൊപ്പമുള്ള ജീവിതത്തിൽ പൂർണ സന്തോഷം കണ്ടെത്തുന്ന സരസ്വതിയമ്മ ഗാന്ധിയൻ തറവാട്ടിലെ എല്ലാവർക്കും വാത്സല്യനിധിയായ അമ്മയാണ് . ഞങ്ങൾ ഫോൺ ചെയ്യുമ്പോൾ കേൾവിക്കുറവുള്ള സാറിനു കാര്യങ്ങൾ കേട്ട് വിശദീകരിച്ചു കൊടുക്കുന്നതും സരസ്വതിയമ്മയാണ്. ഗാന്ധിയൻ പ്രവർത്തനരംഗത്തെ ഏറ്റവും പുതുതലമുറയെ പോലും ശബ്ദവും കൊണ്ടു തിരിച്ചറിയാൻ കഴിയുന്ന സരസ്വതി അമ്മ എല്ലാവർക്കും കസ്തൂർബാ ഗാന്ധിക്ക് തുല്യം ആദരണീയയാണ് .

(ജൂലായ് 7, 2021 കേരള കൗമുദിയുടെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്. ലേഖകൻ കേരള സർവകലാശാല ഗാന്ധിയൻ പഠനകേന്ദ്രം മുൻ കോ - ഓർഡിനേറ്ററാണ്)

TAGS: P GOPINATHAN NAIR, GANDHIAN, KERALA, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.