SignIn
Kerala Kaumudi Online
Thursday, 19 February 2026 3.51 AM IST

സജി ചെറിയാൻ എംഎൽഎ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ്; പ്രസംഗത്തിൽ സ്വീകരിച്ചത് സംഘപരിവാറിന്റെ നിലപാടെന്നും വി ഡി സതീശൻ

Increase Font Size Decrease Font Size Print Page
satheesan

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്റെ പ്രസ്‌താവനയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ഭരണഘടനയെ തള്ളിപ്പറഞ്ഞ ഒരാൾ എം എൽ എ സ്ഥാനം കൂടി രാജിവയ്ക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയെയും ഭരണഘടനാ ശിൽപികളെയും അവഹേളിച്ച് നടത്തിയ മല്ലപ്പള്ളി പ്രസംഗം കേരളം മുഴുവൻ കേട്ടതാണെന്നും എന്നാൽ ആ പ്രസംഗത്തെ തള്ളിപ്പറയാതെ അദ്ദേഹം പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

'പ്രസംഗം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് പറയുന്നത്. രാജി സ്വതന്ത്രമായ തീരുമാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണഘടനയെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള ആ പ്രസംഗത്തെ പാർട്ടി അംഗീകരിക്കുന്നുവെന്നാണ് ഇതിന് അർത്ഥം. അപ്പോൾ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും സി.പി.എം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളുടെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം.' വി.ഡി സതീശൻ വ്യക്തമാക്കി


പ്രസംഗത്തിൽ അപകടകരമായ കാര്യങ്ങൾ ഉള്ളതു കൊണ്ടാണ് പ്രതിപക്ഷം രാജി ആവശ്യപ്പെട്ടത് വ്യക്തി വിരോധം കൊണ്ടല്ല. ആർ എസ് എസ് വിചാരധാരയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി പ്രസംഗിച്ചത്. പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രസംഗിച്ചത് തെറ്റാണെന്ന് മന്ത്രിയോ പാർട്ടിയോ പറഞ്ഞിട്ടില്ലെന്നത് അദ്ഭുതകരമാണെന്ന് പറഞ്ഞ സതീശൻ എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ സിപിഎം നിലപാടെടുക്കാത്തതെന്നും ചോദിച്ചു.

ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് എഴുതിയെടുക്കുകയാണ് ചെയ്തതെന്ന പരാമർശത്തിലൂടെ അംബേദ്ക്കറെ പോലും സജി ചെറിയാൻ തള്ളിപ്പറഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 'ഭരണഘടനയിൽ നിന്നും ജനാധിപത്യവും മതേതരത്വവും എടുത്ത് കളയണമെന്ന സംഘപരിവാർ നിലപാടാണ് സജി ചെറിയാൻ സ്വീകരിച്ചത്. പ്രസംഗത്തിൽ ഒരു കുഴപ്പവുമില്ലെന്ന നിലപാട് ദൗർഭാഗ്യകരമാണ്.' വി.ഡി സതീശൻ പറഞ്ഞു.

സജി ചെറിയാൻ നിയമത്തിന് അതീതനല്ലെന്നും പ്രസംഗത്തിന് എതിരായ പരാതികളിൽ പൊലീസ് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിവാദം ഉണ്ടായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഉത്തരം ഇല്ലാത്തപ്പോൾ മൗനം മുഖ്യമന്ത്രിയുടെ പ്രധാന ആയുധമാണ്. സർക്കാർ കേസെടുത്തില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കും. ഭരണഘടനയെ തള്ളിപ്പറഞ്ഞതിൽ സജി ചെറിയാൻ ക്ഷമ ചോദിക്കേണ്ടതായിരുന്നു. പാർട്ടിക്കും അതിന്റെ ഉത്തരവാദിത്തമുണ്ട്. എന്നാൽ ഭരണഘടനയെ അവഹേളിച്ചതിനെ സജി ചെറിയാൻ ഇപ്പോഴും ന്യായീകരിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരികയാണെന്നും അന്വേഷണത്തിൽ സിപിഎമ്മും സംഘപരിവാറും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പുകൾ ഇപ്പോഴും നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

TAGS: VD SATHEESAN, SAJI CHERIYAN, CM PINARAI, RESIGNATION, CONSTITUTION ISSUE, MLA POSTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY