തിരുവനന്തപുരം: എട്ടുമാസം മുൻപ് ദത്ത് വിവാദത്തിൽ എസ്.എഫ്.ഐ മുൻ നേതാവ് കൂടിയായ അമ്മ അനുപമയ്ക്കെതിരെ സജി ചെറിയാൻ നടത്തിയ വിമർശനങ്ങൾ സ്‌ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന പരാതി പൊലീസ് ഒതുക്കിയതുകൊണ്ടാണ് അദ്ദേഹം രക്ഷപെട്ടത്.
കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസിൽ 'സമം' സ്ത്രീ നാടകക്കളരി ഉദ്ഘാടനത്തിലായിരുന്നു സജിയുടെ വിവാദപരാമർശങ്ങൾ. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന അനുപമയുടെ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല.
അന്നത്തെ സജിയുടെ വാക്കുകൾ - "കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞ് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിൽ പോവുക. അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത് ".
തന്റെ പങ്കാളി അജിത്തിന് മറ്റ് കുട്ടികളില്ലെന്നും ഇല്ലാക്കഥകൾ പറഞ്ഞ് തങ്ങളെ സജിചെറിയാൻ ആക്ഷേപിക്കുകയാണെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും കാട്ടിയാണ് അനുപമ പരാതിപ്പെട്ടത്. പ്രസംഗത്തിൽ താൻ അനുപമയുടെ പേരു പറഞ്ഞിട്ടില്ലെന്ന പിടിവള്ളിയിൽ സജിചെറിയാൻ രക്ഷപെട്ടു.
സ്‌കൂൾ, സർവകലാശാല പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്നും ആ പ്രസംഗത്തിലുണ്ടായിരുന്നു. സ്‌പെയിനിൽ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്‌പെയിനിൽ സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്നു പറഞ്ഞാൽ തന്നെ പൊട്ടിത്തെറിയാണ്. സ്‌പെയിനിൽ ലഹരി ഉപയോഗം വ്യാപകമായപ്പോൾ കഞ്ചാവ് നിയമവിധേയമാക്കിയെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.