SignIn
Kerala Kaumudi Online
Thursday, 19 September 2024 5.08 PM IST

മാവേലിക്കരയിലെ ദത്തെടുക്കപ്പെട്ട പുത്രൻ

Increase Font Size Decrease Font Size Print Page

photo

പട്ടികവിഭാഗ, പിന്നാക്ക, ന്യൂനപക്ഷക്ഷേമ വകുപ്പിന്മേലുള്ള ധനാഭ്യർത്ഥന ചർച്ച കഴിഞ്ഞപ്പോൾ അരികുവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ദൈന്യതയും വികാരങ്ങളും സാമാജികർക്ക് അന്യമല്ലെന്ന ബോദ്ധ്യം സഭയ്ക്കുണ്ടായി. കടമ്മനിട്ടയുടെ കുറത്തിയും കോഴിയും ചങ്ങമ്പുഴയുടെ വാഴക്കുലയുമൊക്കെ തരാതരംപോലെ സഭയിലുയർന്നുകേട്ടു.

പട്ടികജാതിയിൽപ്പെട്ട പത്ത് വിദ്യാർത്ഥികളെ ദത്തെടുക്കാൻ തീരുമാനിച്ച 1996-2001 കാലത്തെ ഇ.കെ. നായനാർ ഭരണകാലത്ത് അതിന്റെ ഗുണഫലമനുഭവിച്ചതിന്റെ സ്വാനുഭവം മാവേലിക്കര അംഗം എം.എസ്. അരുൺകുമാർ വൈകാരികമായി പങ്കുവച്ചു. നാലാംക്ലാസ് പാസായ മകനോട് ഇനിയങ്ങോട്ട് പഠിപ്പിക്കാൻ പാങ്ങില്ലാത്തതിനാൽ പഠിത്തം നിറുത്തിക്കോളാനാണ് നിസ്സഹായനായ അച്ഛൻ പറഞ്ഞത്. ആ മകനെയാണ് സർക്കാർ ദത്തെടുത്തത്. ഇടതുപക്ഷം അവനെയിപ്പോൾ മാവേലിക്കരയിൽ മത്സരിപ്പിച്ച് ജയിപ്പിച്ചിരിക്കുന്നു. ഇല്ലെങ്കിൽ അച്ചൻകോവിലാറ്റിൽ മീൻ പിടിച്ചോ മരിച്ചവരെ കുഴിവെട്ടി മൂടിയോ കഴിഞ്ഞുകൂടേണ്ടിയിരുന്ന മകൻ. ഭരണകക്ഷിയംഗങ്ങൾ അരുണിനെ ഡസ്കിലിടിച്ച് പ്രോത്സാഹിപ്പിച്ചു.

കാസർകോട് ജില്ലയിൽ പ്രതീകാത്മകമായിട്ടെങ്കിലും വർഷത്തിലൊരിക്കൽ മിനി നിയമസഭാസമ്മേളനം ചേർന്നാൽ ആ അരികുവത്കൃതജില്ലയുടെ പിന്നാക്കാവസ്ഥ മന്ത്രിമാർക്കും സാമാജികർക്കും ബോദ്ധ്യപ്പെടുമെന്ന് എ.കെ.എം. അഷ്റഫ് നിർദ്ദേശിച്ചു.

ഉൾവനങ്ങളിലെ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ പൂട്ടിയപ്പോൾ വഴിയാധാരമായവരുടെ ദൈന്യത പി.സി. വിഷ്ണുനാഥിനെ വേദനിപ്പിച്ചു. തങ്ങൾ പഠിപ്പിച്ച കുട്ടികൾ ജോലിയെടുക്കുന്ന സ്കൂളിൽ തൂപ്പുകാരായി പ്രവർത്തിക്കേണ്ടിവരുന്ന ആ അദ്ധ്യാപകരുടെ അവസ്ഥ മനസ്സിലാക്കി ഉയർന്ന് പ്രവർത്തിക്കേണ്ടിയിരുന്നത് സർക്കാരാണെന്നാണ് വിഷ്ണുനാഥിന്റെ തോന്നൽ.

വിമാനയാത്രയിൽ തനിക്കുനേരേയുണ്ടായ ആക്രമണം ആസൂത്രിത സംഭവമാണെന്നതിന് മുഖ്യമന്ത്രി തൊണ്ടിമുതൽ ഹാജരാക്കി. മുൻ എം.എൽ.എയായ യൂത്ത് കോൺഗ്രസ് ഭാരവാഹിയുടെ വാട്സാപ്പ് ചാറ്റ്: "രണ്ടുപേർ ഫ്ലൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ, എന്തായാലും ഫ്ലൈറ്റിൽ നിന്ന് പുറത്തിറക്കാൻ കഴിയില്ലല്ലോ"- തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കാതിരിക്കാനുള്ള ഗൂഢതന്ത്രം.

വിമാനത്തിൽ പ്രതിഷേധമെന്ന് രണ്ട് കുട്ടികൾ മുദ്രാവാക്യം വിളിച്ചതാണോ വധശ്രമമെന്ന് ഉപക്ഷേപമുന്നയിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അതിശയിച്ചു. 'അങ്ങ് പറഞ്ഞ ആ ചെറിയ കുഞ്ഞ് 19 കേസിൽ പ്രതിയാണ്,കേട്ടോ' എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രി പറഞ്ഞ വാട്സാപ്പ് ചാറ്റിന്റെ ഉടമയായ മുൻ എം.എൽ.എ ശബരിനാഥന്റെ അറസ്റ്റ് വാർത്ത പിന്നാലെ എത്തിയതിൽ അദ്ഭുതമില്ല. പൊതുമരാമത്ത് റോഡുകളിലെ കുഴിയിലൂടെയുള്ള യാത്ര മണിച്ചിത്രത്താഴ് സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ അവസ്ഥയായി സങ്കല്പിച്ചത് ഇക്കാര്യത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി സംസാരിച്ച എൽദോസ് കുന്നപ്പിള്ളിലാണ്. സിനിമ കാണുന്ന തിരക്കിനിടയിൽ സ്വന്തം ഫേസ്ബുക് പോസ്റ്റ് കൂടി ഇടയ്ക്കിടയ്ക്ക് മറിച്ച് നോക്കാനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉപദേശിച്ചത്. എൽദോസിന്റെ മണ്ഡലത്തിൽ റോഡ് വികസനത്തിന് 16കോടി അനുവദിച്ചതാണ് ആ പോസ്റ്റിൽ. റോഡിൽനിന്ന് മന്ത്രി ബി.ജെ.പിക്കെതിരായ പോരാട്ടത്തിലേക്ക് കടന്നു. റോഡിലെ കുഴിയിൽ നിന്ന് അനാവശ്യരാഷ്ട്രീയത്തിലേക്ക് പോയ മന്ത്രിയുടെ കാടുകയറലിൽ പ്രതിപക്ഷനേതാവ് നിരാശാഭരിതനായി. രണ്ട് ധനകാര്യബില്ലുകളും സഹകരണസംഘം ഭേദഗതി ബില്ലും പാസാക്കി സഭ പിരിയുമ്പോൾ നേരമിരുട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NIYAMASABHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.