SignIn
Kerala Kaumudi Online
Sunday, 02 October 2022 12.35 PM IST

രണ്ട് വർഷം കൊണ്ട് പ്രേതഭൂമിയായി മാറിയ സ്ഥലമുണ്ട് കേരളത്തിൽ, ഒരുകാലത്ത് ഹരിതഭൂമിയായിരുന്ന അവിടെ ഇന്നുതാമസിക്കുന്നത് നാലുപേർ മാത്രം

pettimudi

മൂന്നാർ: രണ്ടു വർഷം മുമ്പ് ആനമുടിയുടെ താഴ്‌വാരമായ പെട്ടിമുടിയിലെ ലയങ്ങളെ ഉരുൾ വിഴുങ്ങിയപ്പോൾ ഷൺമുഖനാഥിന് നഷ്ടമായത് ‌തന്റെ രണ്ട് പൊന്നുമക്കളെ. മൂന്നാറിൽ താമസിച്ചിരുന്ന ഷൺമുഖത്തിന്റെ മക്കൾ പെട്ടിമുടിയിലുള്ള വല്യച്ഛന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ദുരന്തം. ഇളയമകൻ നിതീഷ് കുമാറിന്റെ (19) മൃതദേഹം നേരത്തെ കണ്ടെത്തി. 22കാരൻ ദിനേശ്കുമാറിനെ ഇനിയും കണ്ടെത്താനായില്ല. 18 ദിവസത്തെ തെരച്ചിൽ ജില്ലാ ഭരണകൂടം അവസാനിപ്പിച്ചതിനുശേഷവും ആഴ്ചകളോളം ഷൺമുഖനാഥ് മകനായി തെരച്ചിൽ നടത്തിയത് വാർത്തയായിരുന്നു. എന്നാൽ, ദുരന്തമുണ്ടായി രണ്ട് വർഷം തികയുമ്പോഴും ദിനേശ്കുമാറിന്റെ മരണസർട്ടിഫിക്കറ്റോ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരമോ കിട്ടിയിട്ടില്ല. ഷൺമുഖനാഥിന്റെ മകൻ മാത്രമല്ല,​ ഇതുവരെയും കണ്ടെത്താനാകാത്ത പെട്ടിമുടി സ്വദേശി കസ്തൂരി (26)​, മകൾ പ്രിയദർശിനി (7)​, കാർത്തിക (21) എന്നിവരും മരണപ്പട്ടികയിലില്ല. മൃതദേഹമോ കണ്ടെടുത്തില്ല, മരിച്ചെന്ന് ഒരു രേഖയെങ്കിലും അവകാശികൾക്ക് കിട്ടേണ്ടതല്ലേയെന്ന് ആരും ചിന്തിക്കാത്തതാണ് ഉരുൾപൊട്ടലിനേക്കാൾ ക്രൂരം.

തിരച്ചിലിനുശേഷം കാണാതായവരെ മരിച്ചതായി കണക്കാക്കി വിജ്ഞാപനമിറക്കുമെന്നായിരുന്നു അന്ന് സർക്കാർ പ്രഖ്യാപിച്ചത്. മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ആശ്രിതർക്ക് ഇൻഷ്വറൻസ് തുകയും കിട്ടിയിട്ടില്ല. കസ്തൂരിയും കാർത്തികയും പ്രധാനമന്ത്രിയുടെ ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. ദിനേശ്കുമാറിന്റെ പേരിൽ മൂന്നാർ എസ്.ബി.ഐ ബാങ്കിൽ 70,​000 രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. മരണസർട്ടിഫിക്കറ്റ് കാണിക്കാതെ പണം പിൻവലിക്കാനാകില്ലെന്നാണ് ബാങ്ക് അധികൃതർ പറഞ്ഞതെന്ന് ഷൺമുഖൻ പറഞ്ഞു. ഇളയമകൻ നിതീഷ് കുമാറിന്റെ പേരിലുള്ള നഷ്ടപരിഹാരത്തുകയായ അഞ്ചു ലക്ഷം രൂപ ഷൺമുഖനാഥിന് ലഭിച്ചിരുന്നു. എന്നാൽ, ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ കിട്ടിയിട്ടില്ല.

ഉത്തരവ് ഇറങ്ങിയെന്ന് കളക്ടർ

കാണാതായ നാല് പേർ മരണപ്പെട്ടതായി കണക്കാക്കി പ്രത്യേക ഉത്തരവിറങ്ങിയെന്നാണ് ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് ദേവികുളം തഹസിൽദാർ പോലുമറിഞ്ഞിട്ടില്ല. കാണാതായവരുടെ ആശ്രിതർക്കും ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല.

പെട്ടിമുടി കാടു പിടിച്ച് പ്രേതഭൂമിയായി
2020 ആഗസ്റ്റ് ആറിന് രാത്രി 10.45നായിരുന്നു തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾക്കു മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയ കല്ലും മണ്ണും പതിച്ചത്. ഗതാഗത വാർത്താവിനിമയ വൈദ്യുതി ബന്ധങ്ങളെല്ലാം തകരാറിലായതോടെ ദുരന്തം പുറം ലോകമറിയുന്നത് നേരം പുലർന്നിട്ടാണ്. രാവിലെ ആദിവാസികളും മറ്റ് തോട്ടം തൊഴിലാളികളും ചേർന്ന് കൈകൊണ്ട് മണ്ണുമാന്തി ദുരന്തത്തിലകപ്പെട്ട 82 പേരിൽ 12 പേരെ രക്ഷപെടുത്തി. പുഴയിലൂടെ ഒഴുകിപ്പോയ മൃതദേഹം 14 കിലോമീറ്റർ ദൂരെ എട്ടടിയിലധികം ഉയരമുള്ള മരത്തിൽ നിന്ന് വരെ കണ്ടെത്തി. 18 ദിവസം നീണ്ട തെരച്ചിലിൽ ആകെ 66 മൃദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ ഒരു ഗർഭിണിയും 18 കുട്ടികളും ഉൾപ്പെടും. 22 കുടുംബങ്ങളിൽ 14 കുടുംബങ്ങൾ പൂർണമായും ഇല്ലാതായി. മൃതദേഹങ്ങൾ രാജമല എസ്റ്റേറ്റിൽ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ചാണ് സംസ്‌കരിച്ചത്. ദുരന്തഭൂമി ഇന്ന് കാട് പിടിച്ച് പ്രേതഭൂമിയായി മാറി. 85 കുടുംബങ്ങൾ താമസമുണ്ടായിരുന്ന ഡിവിഷനിൽ ഇന്ന് അന്യസംസ്ഥാന തൊഴിലാളികൾ മാത്രമാണ് അധിവസിക്കുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട എട്ട് കുടുംബങ്ങൾക്ക് സർക്കാർ കുറ്റിയാർവാലിയിൽ പുതിയ വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PETTIMUDI, MUNNAR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.