
താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലണം, പരസ്പരം ചെളിവാരിയെറിയരുത്
സുൽത്താൻ ബത്തേരി: സ്വന്തമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്ന നേതാക്കളുടെ നിലപാട് വച്ചുപൊറുപ്പിക്കരുതെന്ന് വയനാട്ടിൽ ആരംഭിച്ച കെ.പി.സി.സിയുടെ ദ്വിദിന ലീഡർഷിപ്പ് ക്യാമ്പിൽ വിമർശനം. ഇത്തരക്കാരാണ് പാർട്ടിയുടെ പരാജയത്തിന് കാരണക്കാരായി മാറുന്നത്. നേതാക്കളുടെ പാർലമെന്ററി മോഹത്തിനെതിരെയും വിമർശനമുയർന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നല്ല ഭൂരിപക്ഷം കിട്ടാനിടയായത് പ്രവർത്തകരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ്. അത് തുടരണമെങ്കിൽ പ്രവർത്തകർ താഴെത്തട്ടിലേയ്ക്ക് ഇറങ്ങിച്ചെല്ലണം. ഗ്രൂപ്പിസത്തിന്റെയും മറ്റും പേരുപറഞ്ഞ് പരസ്പരം ചെളിവാരിയെറിയാൻ തുടങ്ങിയാൽ വീണ്ടും സി.പി.എം തന്നെയായിരിക്കും അധികാരത്തിലെത്തുക. ഇതിന് അനുവദിച്ചുകൂടാ.
യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിൽ. ഇത് പരമാവധി പ്രയോജനപ്പെടുത്താൻ ഒരോ പാർട്ടി പ്രവർത്തകനും രംഗത്തിറങ്ങണം. പാർട്ടിയുടെ ഔദ്യോഗിക കാര്യങ്ങൾ പോലും പലപ്പോഴും നേതാക്കൾ പരസ്യമാക്കുന്നുവെന്ന അഭിപ്രായവുമുയർന്നു. കൊച്ചി മേയർ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ദീപ്തി മേരി വർഗീസ് ആരോപിച്ചു. 158 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇന്നലെ മൂന്ന് മേഖലകളായി തിരിച്ച് ചർച്ച നടത്തി.
സി.പി.എം ഇല്ലാത്ത
ആരോപണമുയർത്തുന്നു
കോൺഗ്രസിന്റെ മുഖ്യശത്രുക്കൾ സി.പി.എമ്മും ബി.ജെ.പിയുമാണ്. നിയമസഭ തിരഞ്ഞടുപ്പ് ആസന്നമായ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഇല്ലാത്ത ആരോപണങ്ങളുയർത്തി പാർട്ടിയെ തകർക്കാമെന്ന വ്യാമോഹമാണ് സി.പി.എമ്മിന്റേത്. ഇതിന്റെ ഭാഗമായിട്ടാണ് വി.ഡി.സതീശനെതിരെയുള്ള പുനർജനി ആരോപണം. കേസ് സി.ബി.ഐയ്ക്ക് വിടാനുള്ള സർക്കാർ നീക്കത്തെയും നേതാക്കൾ വിമർശിച്ചു. നേതാക്കൾ ഒറ്റക്കെട്ടായാണ് സതീശനെതിരായ നീക്കത്തെ പ്രതിരോധിച്ചത്. ബി.ജെ.പിയുടെ കൊള്ളരുതായ്മകളെ ശക്തമായി എതിർക്കാതെ സി.പി.എം മൃദു സമീപനമാണ് വച്ചുപുലർത്തുന്നതെന്ന വിമർശനവുമുണ്ടായി.
ലക്ഷ്യം 100 സീറ്ര്
നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച മിഷൻ 2026 എന്ന കരട് രേഖ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് അവതരിപ്പിക്കും. നൂറ് സീറ്റാണ് ലക്ഷ്യം. ഇതിനായുള്ള കർമ്മ പദ്ധതികളും പ്രഖ്യാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |