SignIn
Kerala Kaumudi Online
Saturday, 12 September 2026 7.41 AM IST

രാത്രിയിൽ വീട്ടിലെ മുറിയിൽ ഭാര്യയോടൊപ്പം മറ്റാരോ ഉണ്ടെന്ന് പ്രവാസിക്ക് സംശയം: യുവതി തൂങ്ങിമരിച്ചത് ഭർത്താവുമായുള്ള വീഡിയോ കോളിനിടെ

death

നാഗർകോവിൽ: ഭർത്താവുമായുള്ള വീഡിയോ കോളിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ എന്ന മുപ്പത്തിമൂന്നുകാരിയാണ് ജീവനൊടുക്കിയത്. തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങൾ തത്സമയം കണ്ട ഭർത്താവ് അറിയിച്ചതനുസരിച്ച് എത്തിയ ജ്ഞാനഭാഗ്യയുടെ ബന്ധുക്കൾ മുറിയുടെ വാതിൽ തകർത്ത് ഉള്ളിൽ കടന്നെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭർത്താവ് സെന്തിലിന്റെ സംശയരോഗവും പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

കൊട്ടാരം പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയാണ് ജ്ഞാനഭാഗ്യ. കന്യാകുമാരി പെരിയവിള സ്വദേശിയായ ഭർത്താവ് സെന്തിൽ ഏറെനാളായി സിംഗപ്പൂരിലാണ്. എട്ടുവർഷം മുമ്പ് പ്രണയിച്ചായിരുന്നു ഇവർ വിവാഹം കഴിച്ചത്. ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സെന്തിലിന് സംശയമുണ്ടായിരുന്നു. ബന്ധുക്കൾ ഉൾപ്പടെയുള്ള മറ്റ് പുരുഷന്മാരുമായി ജ്ഞാനഭാഗ്യ സംസാരിക്കുന്നതുപോലും അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരിൽ പലതവണ വഴക്കുണ്ടായിട്ടുണ്ട്. എല്ലാദിവസവും സെന്തിൽ ഭാര്യയെ വീഡിയോ കോൾ ചെയ്യാറുണ്ട്. അപ്പോഴൊക്കെയും സംശയം പ്രകടിപ്പിക്കൽ തുടർന്നു.

കഴിഞ്ഞദിവസം വീഡിയോ കോളിനിടെ മുറിയിൽ ഭാര്യയ്‌ക്കൊപ്പം മറ്റാരോ ഉണ്ടെന്ന് സെന്തിൽ സംശയം പറഞ്ഞു. ഉറങ്ങിക്കിടക്കുന്ന കുട്ടികൾ അല്ലാതെ മറ്റാരും ഇല്ലെന്ന് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. മുറിയുടെ മുഴുവൻ ദൃശ്യവും ക്യാമറയിൽ കാണിക്കാൻ ആവശ്യപ്പെട്ടു. അവിടെ മറ്റാരുമില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ വീട്ടിലെ മറ്റുമുറികളിലും ക്യാമറയുമായി എത്തി ദൃശ്യങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടു. വീട്ടിൽ മറ്റാരും ഇല്ലെന്ന് ആവർത്തിച്ചുപറഞ്ഞെങ്കിലും അത് വിശ്വസിക്കാതെ മറ്റുമുറികളുടെ ദൃശ്യങ്ങൾ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മാനസികമായി തളർന്ന ജ്ഞാനഭാഗ്യ ക്യാമറ ഓഫാക്കാതെ ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. ഇതുകണ്ട് ഭയന്ന് സെന്തിൽ ജ്ഞാനഭാഗ്യയുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

ഭർത്താവിനെ പേടിപ്പിക്കാൻ കഴുത്തിൽ കുരുക്കിട്ടശേഷം സ്റ്റൂളിൽ കയറി നിൽക്കവെ അത് തെന്നി കുരുക്കുമുറുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചുവെന്നും കുറ്റക്കാരനെന്ന് കണ്ടാൽ സെന്തിലിനെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, WOMAN, END LIFE, HANGING, VIDEO CALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY