തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണച്ചെലവിനുള്ള തുക കമ്പോള നിലവാരത്തിന് അനുസൃതമായി വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ നേതാക്കൾ സ്കൂൾ മേളകളുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബഹിഷ്കരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവമുൾപ്പെടെ അഞ്ച് മേളകളുടെ കമ്മിറ്റി യോഗത്തിൽ നിന്നും കെ.പി.പി.എച്ച്.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ടി. അനിൽകുമാർ എന്നിവർ ഇറങ്ങിപ്പോയി. കേരള സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്ര മേള തുടങ്ങിയവ ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ ബഹിഷ്കരിക്കുമെന്നും നേതാക്കൾ അറിയിച്ചു.
സംസ്ഥാന വ്യാപകമായി ഈ മാസം 20ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസുകളുടെ മുന്നിൽ ധർണയും തിരുവോണനാളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസവും നടത്തും. ഉച്ചഭക്ഷണ പദ്ധതി ചുമതലയിൽ നിന്നും പ്രധാനാദ്ധ്യാപകരെ ഒഴിവാക്കുക, തുക വർദ്ധിപ്പിക്കുന്നതുവരെ പാൽ വിതരണം ആഴ്ചയിൽ ഒരു ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |