SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.45 AM IST

'പാർട്ടി പ്രവർത്തകരെ അരിഞ്ഞു തള്ളുകയും നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആർഎസ്എസ് ബിജെപി പതിവ് ശൈലി'; ലക്ഷ്യം കലാപമെന്ന് സിപിഎം

murder

സിപിഎം പ്രവർത്തകൻ പാലക്കാട് മരുതറോഡ് ലോക്കൽകമ്മിറ്റിയംഗമായ ഷാജഹാന്റെ കൊലയ്‌ക്ക് പിന്നിൽ പാർട്ടി പ്രവർത്തകരാണെന്ന പ്രചാരണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഎം പ്രവർത്തകരെ അരിഞ്ഞു തള്ളുകയും തുടർന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആർഎസ്എസ്-ബിജെപി പതിവ് ശൈലിയാണെന്ന് പത്രപ്രസ്‌താവനയിൽ പാർട്ടി ആരോപിക്കുന്നു.

കൊലയിൽ ശക്തമായി പ്രതിഷേധിക്കുകയും കൊലപാതകികളെ ഒറ്റപ്പെടുത്തുകയും വേണം എന്ന് പാർട്ടി ആഹ്വാനം ചെയ്‌തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ഷാജഹാന്റെ നേതൃത്വത്തിൽ ബോർഡ് സ്ഥാപിച്ചപ്പോൾ അത് മാറ്റി മറ്റൊരു ബോർഡ് വയ്‌ക്കാൻ ആർഎസ്‌എസ് ശ്രമിച്ചെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും സൂചിപ്പിക്കുന്നു. നിഷ്‌ഠൂരമായ കൊല നടന്നിട്ടും അതിന്റെ പേരിൽ വ്യാജപ്രചാരണം നടത്തുന്നത് ക്രൂരതയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേ‌റ്റ് പറയുന്നു.

അതേസമയം ഷാജഹാന്റെ കൊലയ്‌ക്ക് പിന്നിൽ ആർഎസ്‌എസാണെന്ന ആരോപണം ബിജെപി തള‌ളിയിരുന്നു. സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത മറയ്‌ക്കാൻ ആർഎസ്‌എസിന്റെ പേര് പറയുകയാണെന്നാണ് പാർട്ടി നിലപാട്.

സിപിഎം പ്രസ്‌താവനയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്
പുറപ്പെടുവിക്കുന്ന പ്രസ്താവന


പാലക്കാട് മരുതറോഡിൽ സിപിഐ എം ലോക്കൽ കമ്മറ്റിയംഗം സഖാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആർഎസ്എസ് ബിജെപി സംഘമാണ്. കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുകയും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തുകയും വേണം. സിപിഐ എം പ്രവർത്തകരെ അരിഞ്ഞു തള്ളുകയും തുടർന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആർഎസ്എസ് ബിജെപി പതിവ് ശൈലിയാണ്. പാലക്കാട് ഞായറാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്.
കൊലനടത്തിയവർ ആർഎസ്എസ് ബിജെപി സജീവ പ്രവർത്തകരാണെന്ന് ആ നാട്ടുകാർക്കെല്ലാം അറിയാം. ഇവർക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ട്. കൊല നടത്തിയ സംഘത്തിലെ മുഖ്യപ്രതികളെല്ലാം ഒട്ടേറെ മറ്റ് ക്രിമിനൽ കേസുകളിലും പ്രതികളാണ്. ഇവരുടെ കഞ്ചാവ് വിൽപനയടക്കം ക്രിമിനൽ പ്രവർത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതും തടയാൻ ശ്രമിച്ചതുമാണ് കൊല നടത്താനുള്ള പ്രേരണ. ഏതാനും നാളുകളായി ആർഎസ്എസ് ബിജെപി സംഘം ഈ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയും അവസരം കാത്തിരിക്കുകയുമായിരുന്നു.
ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ ഷാജഹാന്റെ നേതൃത്വത്തിൽ ബോർഡ് വച്ചപ്പോൾ അത് മാറ്റി അതേ സ്ഥലത്ത് തന്നെ ശ്രീകൃഷ്ണജയന്തിയുടെ ബോർഡ് വയ്ക്കാൻ ആർഎസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നിഷ്ഠൂരമായി കൊലനടത്തിയിട്ടും അതിന്റെ പേരിൽ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണ്. കേരളത്തിൽ മാത്രം ആറ് വർഷത്തിനിടെ 17 സിപിഐ എം പ്രവർത്തകരെയാണ് ആർഎസ്എസ് ക്രിമിനൽ സംഘങ്ങൾ കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിനു ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടർ. സംഘപരിവാറിന്റെ കൊടിയ വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ സിപിഐ എം ആണ് മുഖ്യതടസം എന്ന് തിരിച്ചറിഞ്ഞാണ് നിരന്തരമായി പ്രവർത്തകരെ വേട്ടയാടുന്നത്. സംസ്ഥനത്ത് പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകർത്ത് കലാപമുണ്ടാക്കലാണ് ആർഎസ്എസ് ലക്ഷ്യം. അക്രമികളെ ഒറ്റപ്പെടുത്തിയും ജനങ്ങളുടെ പിന്തുയോടെ ജനാധിപത്യപരമായി പ്രതിഷേധിച്ചും ആർഎസ്എസ് ബിജെപി ഭീഷണിയെ നേരിടും. എല്ലാ വ്യാജപ്രചാരണങ്ങളും തിരിച്ചറിഞ്ഞ് ജനങ്ങൾ അവ തള്ളിക്കളയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM STATE, COMMITTEE, PRESS MEET, BJP RSS, SHAHJAHAN MURDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.