ന്യൂഡൽഹി: ഇന്ത്യയ്ക്ക് വിലക്ക് വന്നതിന് പിന്നിൽ മുൻ എ ഐ എഫ് എഫ് അദ്ധ്യക്ഷൻ പ്രഫുൽ പട്ടേലിന്റെ കുതന്ത്രമാണെന്ന് സൂചനകൾ. തന്നെ പുറത്താക്കി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ പ്രഫുൽ പട്ടേൽ സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. ഈ യോഗത്തിൽ കോടതി ഇടപെടലിനെതിരെ ഫിഫയ്ക്ക് പരാതി അയയ്ക്കാൻ പട്ടേൽ നിർദ്ദേശം നൽകിയിരുന്നു എന്ന് സൂചനയുണ്ട്. പ്രഫുൽ പട്ടേലിന്റെ ഇടപെടൽ കാരണം ലോകകപ്പ് നടത്താനുള്ള തീരുമാനത്തിൽ ഫിഫ ആശങ്ക അറിയിച്ചിരുന്നുവെന്ന് എ ഐ എഫ് എഫിന്റെ ഭരണസമിതി അന്നുതന്നെ ആരോപിച്ചിരുന്നു. ഭരണ സമിതിയുടെ ഈ ആരോപണം ശരിവെയ്ക്കുന്നതാണ് ഫിഫയുടെ ഇപ്പോഴത്തെ നടപടി.
ഫിഫ കൗൺസിൽ അംഗം കൂടിയായ പ്രഫുൽ പട്ടേൽ അറിയാതെ ഇത്തരത്തിൽ ഒരു നടപടി ഇന്ത്യയ്‌ക്കെതിരെ ഫിഫ എടുക്കുകയില്ല. പ്രഫുൽ പട്ടേൽ കൂടി അംഗമായ ഫിഫ കൗൺസിലാണ് ഇപ്പോൾ ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതും. ഫിഫ മാദ്ധ്യമങ്ങൾക്ക് അയച്ച പത്രകുറിപ്പിൽ ഏകകണ്ഠമായിട്ടാണ് ഫിഫ ഇന്ത്യയെ വിലക്കാനുള്ള തീരുമാനം എടുത്തത് എന്ന് പറയുന്നുമുണ്ട്. അതായത് പ്രഫുൽ പട്ടേൽ പോലും ഇന്ത്യക്കെതിരായ ഈ തീരുമാനത്തെ എതിർത്ത് ഫിഫ കൗൺസിലിൽ സംസാരിച്ചിട്ടില്ല.
ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഇന്ത്യയെ വിലക്കാനുള്ള ഫിഫയുടെ തീരുമാനത്തിന് പിന്നിൽ അധികാര കൊതി മൂത്ത പ്രഫുൽ പട്ടേലിലേക്ക് ആണ്. വർഷങ്ങളായി എ.ഐ.എഫ്.എഫ് തലവനായി തുടരുന്ന മുൻ കേന്ദ്രമന്ത്രിയും എൻ.സി.പി നേതാവുമായ പ്രഫുൽ പട്ടേലിനെ ആ സ്ഥാനത്ത് നിന്ന് സുപ്രീം കോടത് ഇടപ്പെട്ട് പുറത്താക്കിയിരുന്നു. ഈ മാസം 18നകം പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താൻ താത്കാലിക ഭരണസമിതിയെയും നിശ്ചയിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി അനിൽ ആർ.ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ.ഖുറേഷി, ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്ടൻ ഭാസ്‌കർ ഗാംഗുലി എന്നിവരടങ്ങുന്നതാണ് സമിതി. ഇവർ വോട്ടർപട്ടിക തയ്യാറാക്കി വരവേയാണ് ഫിഫ ഇടപെടലുണ്ടായത്.
ദിവസങ്ങൾക്ക് മുമ്പ് പ്രഫുൽ പട്ടേലിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് എ.ഐ.ഐ.എഫ് താത്കാലിക സമിതി സുപ്രീം കോടതിയിൽ ഹർജി നല്‍കിയിരുന്നു. പ്രഫുൽ പട്ടേൽ, ഡൽഹി ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് ഷാജി പ്രഭാകരൻ എന്നിവരുൾപ്പെടെ എട്ടുപേർക്കെതിരേയാണ് ഹർജി ഫയൽ ചെയ്തതത്. സുപ്രീം കോടതി രൂപീകരിച്ച താത്കാലിക ഭരണസമിതിയുടെ പ്രവർത്തനം പ്രഫുൽ പട്ടേൽ തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |