SignIn
Kerala Kaumudi Online
Friday, 07 October 2022 12.59 PM IST

കേരളത്തിൽ വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യന്മാർ വരുന്നതിനെ ഭയക്കുന്നത് രണ്ട് കൂട്ടർ, ലക്ഷ്യം വേറെ

electricity

കേന്ദ്രസർക്കാർ അടുത്തിടെ പാസ്സാക്കിയ വൈദ്യുതി നിയമ ഭേദഗതി ബില്ലിൽ ഷോക്കടിച്ചിരിക്കുകയാണ് സംസ്ഥാന വൈദ്യുതി ബോർഡും ഇടത്, വലത് മുന്നണികളും ട്രേഡ് യൂണിയനുകളും. കേരളമാണ് ഈ ബില്ലിനെ ശക്തമായി എതിർക്കുന്നത്. രാജ്യത്താകെ വൈദ്യുതി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാർലമെന്റിൽ ബില്ല് പാസ്സാക്കിയത്. മൊബൈൽ ഫോൺകോൾ, ഡേറ്റ നിരക്കുകൾ മത്സരാധിഷ്ഠിതമാക്കിയതിന് സമാനമായ പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വൈദ്യുതി മേഖലയിൽ മൂലധന നിക്ഷേപവും മത്സരവും വർദ്ധിപ്പിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. അതായത് കുറഞ്ഞ വിലയിൽ ആര് വൈദ്യുതി നൽകിയാലും അവർക്ക് സ്വാഗതം. ഏത് കമ്പനിക്കും വൈദ്യുതി വാങ്ങുകയും വിൽക്കുകയും ചെയ്യാമെന്നതിനാൽ വൈദ്യുതി ബോർഡുകളുടെ കുത്തക അവസാനിക്കും. ഉപഭോക്താവിന് ഇഷ്ടാനുസരണം സേവനദാതാവിനെ തിരഞ്ഞെടുക്കാം.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വൈദ്യുതി നിരക്ക് ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. ഇക്കഴിഞ്ഞ ജൂണിൽ 6. 60 ശതമാനം നിരക്ക് വദ്ധിപ്പിച്ചതിലൂടെ 1000 കോടി രൂപയുടെ അധികവരുമാനമാണ് വൈദ്യുതി ബോർഡിനുണ്ടായത്. 1.50 രൂപ മുതൽ 7.90 രൂപ വരെയാണിപ്പോൾ യൂണിറ്റിന് നിരക്ക്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. എന്നിട്ടും സംസ്ഥാന വൈദ്യുതി ബോർഡ് മറ്റേതൊരു പൊതുമേഖലാ സ്ഥാപനം പോലെയും കൊടിയ നഷ്ടത്തിലാണ്. വൈദ്യുതി രംഗത്തെ രാഷ്ട്രീയ അതിപ്രസരവും മാനേജ്മെന്റിനെപ്പോലും വരുതിയിൽ നിറുത്തിയുള്ള ട്രേഡ്‌യൂണിയനുകളുടെ അഴിമതി ഭരണവും മൂലമാണ് ബോർഡ് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയതെന്ന് ജനങ്ങൾക്കറിയാം. വൈദ്യുതി നിരക്ക് അടിയ്ക്കടി വർദ്ധിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നത് ഇക്കാരണങ്ങളാലാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ജലത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ വൈദ്യുതി നിരക്ക് തൊട്ടയൽ സംസ്ഥാനമായ തമിഴ്നാട്ടിലേതിനെക്കാൾ നാലിരട്ടിയാണ്. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമല്ല, ഏറ്റവും ഉയർന്ന നിരക്കും ഈടാക്കുന്ന വൈദ്യുതി ബോർഡെന്ന ഒറ്റയാനെ മറ്റൊരു വഴിയില്ലാത്തതിനാലാണ് ഉപഭോക്താക്കൾ സഹിക്കുന്നത്. മെച്ചപ്പെട്ട സേവനവും കുറഞ്ഞ നിരക്കുമായി ഈ രംഗത്തേക്ക് ആര് വന്നാലും അവർ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യും. പൊതുമേഖലയെന്നോ സ്വകാര്യ മേഖലയെന്നോ ഉള്ള വേർതിരിവൊന്നും ഉപഭോക്താക്കൾക്ക് വിഷയമാകില്ല.

ആം ആദ്മി ഭരിക്കുന്ന ഡൽഹിയിൽ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകാമെന്ന് തെളിയിച്ച മാതൃക ജനങ്ങളുടെ മുന്നിലുണ്ട്. ഇപ്പോൾ അത് പഞ്ചാബിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ലോകത്തെ വികസിത രാജ്യങ്ങളിലുമെല്ലാം കാലങ്ങളായി സ്വകാര്യ കമ്പനികളാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. കേരളത്തിലെ മൂന്നാറിൽ കാലങ്ങളായി വൈദ്യുതി വിതരണം നടത്തുന്നത് ടാറ്റ കമ്പനിയാണ്. ടാറ്റ അടക്കം 8 ലൈസൻസികൾക്ക് സംസ്ഥാനത്ത് സ്വന്തമായി വൈദ്യുതി വിതരണമുണ്ട്. ഐ.ടി പാർക്കുകളാണ് ഇതിൽ മിക്കതും. വൈദ്യുതി ബോർഡിൽ നിന്ന് ഇവർ വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് നിശ്ചയിക്കുന്നത് റഗുലേറ്ററി കമ്മിഷനാണ്. ടെലികോമും വിമാനവും സ്വകാര്യവത്ക്കരിച്ചു ഇന്ത്യയിൽ ടെലികോം മേഖലയിലേക്ക് സ്വകാര്യ കമ്പനികൾ കടന്നു വന്നതോടെയുണ്ടായ വിപ്ളവകരമായ മാറ്റം ഉപഭോക്താക്കൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ബി.എസ്.എൻ.എൽ എന്ന പൊതുമേഖലാസ്ഥാപനത്തിനൊപ്പം സ്വകാര്യ കമ്പനികൾ കൂടി കടന്നുവന്നതോടെ മൊബൈൽ ഫോൺകോൾ, ഡേറ്റ, ഇന്റർനെറ്റ് രംഗങ്ങളിൽ ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ലഭിച്ചത്. കുറഞ്ഞ നിരക്കുകളും മെച്ചപ്പെട്ട സേവനവും നൽകുന്ന കമ്പനികൾ നോക്കി തിരഞ്ഞെടുക്കുന്നതിനാൽ ഇവ നൽകാൻ കമ്പനികൾ മത്സരിക്കുകയാണ്.

എയർഇന്ത്യയും ഇന്ത്യൻ എയർലൈൻസും കൈകാര്യം ചെയ്തിരുന്ന വ്യോമഗതാഗത രംഗത്തേക്ക് സ്വകാര്യ കമ്പനികൾ കൂടി വന്നതോടെ വ്യോമഗതാഗതം മെച്ചപ്പെടുകയും യാത്രക്കാർക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ടായി. രാജ്യത്തെ വിമാനത്താവളങ്ങളിലും സ്വകാര്യ പങ്കാളിത്തമുണ്ടായത് അടുത്ത കാലത്താണ്. ലോകമെമ്പാടും ഒറ്റ കമ്പോളമായി മാറിയപ്പോൾ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടാതെ ഒരു രാജ്യത്തിനും സാമ്പത്തികമായി മുന്നേറാൻ ആകാത്ത സ്ഥിതിവിശേഷമാണ് സംജാതമായത്. ഖജനാവ് മുടിച്ചു കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ ഉദാഹരണങ്ങളാണ് കേരളത്തിലെ വൈദ്യുതി ബോർഡും കെ.എസ്.ആർ.ടി.സിയും. ഈ സാഹചര്യത്തിലാണ് പാർലമെന്റ് പാസ്സാക്കിയ വൈദ്യുതി ഭേദഗതി നിയമത്തെയും വിലയിരുത്തേണ്ടത്. ലക്ഷങ്ങൾ ശമ്പളമായി വാങ്ങിയിട്ടും പണിയെടുക്കാതെ ട്രേഡ്‌യൂണിയൻ കളിച്ചു നടക്കുന്ന ജീവനക്കാരാണ് വൈദ്യുതി ബോർഡിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതെന്നത് തർക്കമറ്റ കാര്യമാണ്. വൈദ്യുതി മേഖലയിലേക്ക് സ്വകാര്യ സംരംഭകർ കടന്നു വരുന്നതിനെ ശക്തമായി എതിർക്കുന്നവർ സംസ്ഥാനത്തെ ട്രേഡ്‌യൂണിയനുകളും രാഷ്ട്രീയ കക്ഷികളും മാത്രമാണ്. ദേഹം വിയർക്കാതെ ലഭിച്ചുകൊണ്ടിരിക്കുന്ന കോടികളുടെ വരുമാനം നിലയ്ക്കുമെന്നതാണ് ഇക്കൂട്ടരെ ആശങ്കയിലാക്കുന്നത്. എതിർക്കുന്നവരുടെ നിലപാട് പൊതുപണം കൊണ്ട് കെട്ടിപ്പടുത്ത വൈദ്യുതി ബോർഡിനെ സ്വകാര്യ സംരംഭകർക്ക് അടിയറ വയ്ക്കുന്നുവെന്നാണ് ബില്ലിനെ എതിർക്കുന്നവരുടെ നിലപാട്.

സംസ്ഥാനത്ത് നഗരപ്രദേശങ്ങളിൽ മാത്രമാകും സ്വകാര്യ സംരംഭകർ കേന്ദ്രീകരിക്കുകയെന്നും ഗ്രാമങ്ങളിലേക്ക് എത്തില്ലെന്നും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നു. എന്നാൽ സ്വകാര്യ സംരംഭകരുടെ ഇഷ്ടാനുസരണം വൈദ്യുതി വിതരണം നടത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വിതരണ ശൃംഖല ഉപയോഗിക്കാൻ നൽകുന്നത് സൗജന്യമായല്ലെന്നും അതിന് ഫീസ് ഈടാക്കുമെന്നും കേന്ദ്ര ഊർജ്ജ മന്ത്രി ആർ.കെ സിംഗും വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തോന്നിയ പടി വൈദ്യുതിക്ക് വില കൂട്ടാനും സ്വകാര്യ കമ്പനികൾക്ക് കഴിയില്ല. നിരക്കിന്റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധി നിശ്ചയിക്കുന്നത് സംസ്ഥാന റഗുലേറ്ററി അതോറിറ്റികളായിരിക്കും. അതിനാൽ ഇതിനിടയിലെ നിരക്ക് മാത്രമേ ഈടാക്കാൻ കഴിയുകയുള്ളൂ. അതിനാൽ ആരാണ് കുറഞ്ഞ നിരക്കിൽ കാര്യക്ഷമമായി വൈദ്യുതി നൽകുന്നതെന്ന് നോക്കി അവരെ തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കും. കർഷകർക്കും മറ്റും നിലവിൽ നൽകി വരുന്ന സബ്സിഡികൾ ഇല്ലാതാക്കുകയില്ലെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകുന്നു. വ്യവസായങ്ങളില്ല, മുഖ്യം ഗാർഹികം കേരളത്തിൽ 70 ശതമാനം വൈദ്യുതിയും ഉപയോഗിക്കുന്നത് ഗാർഹിക ഉപഭോക്താക്കളാണ്. ശേഷിക്കുന്നത് കമേഷ്യൽ വിഭാഗക്കാരും. തുച്ഛമായ ശതമാനം വൈദ്യുതി മാത്രമാണ് വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലാകട്ടെ, 60 ശതമാനം വൈദ്യുതിയും ഉപയോഗിക്കുന്നത് വ്യവസായത്തിനാണ്. അതിനാലാണ് ഗാർഹിക ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാനാകുന്നത്. കേരളത്തിലും 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് സൗജന്യമെന്നാണ് പറയുന്നത്. എന്നാൽ 41 യൂണിറ്റായാൽ എല്ലാ യൂണിറ്റിനും നിരക്ക് നൽകണം. അതിനാൽ മാസം 40 യൂണിറ്റ് മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളെ കണ്ടെത്താൻ മഷിയിട്ട് നോക്കേണ്ടി വരും.

കാലങ്ങളായി വൈദ്യുതി ഉത്പാദനവും വിതരണവും കുത്തകയാക്കിയ വൈദ്യുതി ബോർഡ് ആധുനികവത്കരണം നടപ്പാക്കുന്നതിൽ ഏറെ പിന്നിലാണ്. ഭൂഗർഭ കേബിളുകൾ വഴിയാണ് മിക്ക വിദേശ രാജ്യങ്ങളിലും വൈദ്യുതി വിതരണം. ഇവിടെ കാലവർഷമോ കാറ്റോ അടിച്ചാൽ മരം വീണും മറ്റും വൈദ്യുതി തകരാറിലാകും. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ മുൻ ചെയർമാൻ ബി.അശോക് ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തെ യൂണിയനുകൾ പുകച്ച് പുറത്ത് ചാടിച്ചു. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയാൽ മാത്രം ബോർഡ് ലാഭത്തിലാകുമെന്ന് ബോർഡിലുള്ളവർ തന്നെ പറയുന്നു. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി ദശലക്ഷക്കണക്കിലാണ്. ഇതിന് കരാർ നൽകിയിട്ടുള്ള സ്ഥാപനങ്ങൾ യൂണിറ്റൊന്നിന് ഒരു പൈസ വീതം കമ്മിഷൻ നൽകിയാലും കോടികളാണ് പലർക്കും കമ്മിഷനായി ലഭിക്കുന്നത്. ഇത് എവിടെയൊക്കെ എത്തുമെന്നത് അറിയാത്തവരായി ആരുമില്ല. ഇത്തരക്കാരാണ് കേന്ദ്രം പാസ്സാക്കിയ ബില്ലിൽ ഷോക്കേറ്റ് നിൽക്കുന്നത്. ഉപഭോക്താക്കളുടെ നന്മയോ ക്ഷേമമോ അല്ല ഇത്തരക്കാരുടെ ലക്ഷ്യം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSEB, PRIVATISATION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.